ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘അക്രോപോളിസ്‘ എന്ന പുസ്തകത്തില്‍നിന്നും ഒരു ഭാഗം. ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗ്രീസിന്റെ ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും വര്‍ത്തമാനത്തിലൂടെയുമുള്ള യാത്രയാണ് ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ‘അക്രോപോളിസ്’.
മനഃസാക്ഷിയെ അടിസ്ഥാനമാക്കിയുള്ള ധാര്‍മികത എന്ന ആശയം ആദ്യമായി ഗ്രീസില്‍ അവതരിപ്പിച്ചത് സോക്രട്ടീസായിരുന്നു. നിരന്തരമായ ചോദ്യംചെയ്യലായിരുന്നു അദ്ദേഹത്തിന്റെ പ്രബോധനരീതി. സോക്രട്ടിക് മെതേഡ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. അടങ്ങാത്ത സന്ദേഹവും അതില്‍നിന്നുയരുന്ന ചോദ്യങ്ങളുമാണ് ഈ രീതിയുടെ പ്രത്യേകത. സന്ദേഹങ്ങള്‍ അവസാനിക്കുന്നില്ലെങ്കില്‍ സത്യാന്വേഷണം ഫലസിദ്ധിയില്ലാത്ത സപര്യയായി മാറും. കണ്ടെത്തുന്നതൊന്നും സത്യമല്ലെങ്കില്‍ സത്യത്തെ എങ്ങനെ കണ്ടെത്തും? എങ്കിലും സോക്രട്ടീസിന്റെ ഉദ്ദേശ്യശുദ്ധിയും ചോദ്യങ്ങളുടെ ഗൗരവസ്വഭാവവും ചോദ്യം ചെയ്യപ്പെട്ടില്ല. ഉത്കര്‍ഷേച്ഛയുടെ അഭാവത്തില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ കുറഞ്ഞു. ബോധനത്തിന് അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നില്ല. അദ്ദേഹത്തിന്റേതായ രീതിയില്‍ അദ്ദേഹത്തിന് മതപരമായ ജീവിതമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യവചസ്സുതന്നെ കടമായി കിടക്കുന്ന ഒരു നേര്‍ച്ച നല്‍കുന്നതിനെക്കുറിച്ചായിരുന്നു.
ആതന്‍സിന്റെ ആത്മവിശ്വാസത്തെയും സ്വാഭിമാനത്തെയും ചോദ്യം ചെയ്യുന്ന അളവോളം രൂക്ഷമായിരുന്നു സോക്രട്ടീസിന്റെ പരിഹാ
സവും അന്വേഷണവും. സോക്രട്ടീസിനെ അപകടകാരിയായി ചിലര്‍ കണ്ടുതുടങ്ങി. വിചിത്രമായ ആശയങ്ങള്‍ പ്രചരിപ്പിച്ച് യുവാക്കളെ ദുഷിപ്പിക്കുന്നുവെന്ന കുറ്റം ചുമത്തി 399 ബി.സി.യില്‍ അദ്ദേഹം വിചാരണ ചെയ്യപ്പെട്ടു. അന്ന് അദ്ദേഹത്തിന് എഴുപത് വയസ്സായിരുന്നു. മെലെത്തൂസ് എന്ന അപ്രശസ്തനായ യുവാവാണ് സോക്രട്ടീസിനെതിരേ കുറ്റാരോപണം ഉന്നയിച്ചത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം ഗലീലിയോ ചെയ്തതുപോലെ സോക്രട്ടീസിന് തന്റെ വിചാരധാരയെ കപടമായെങ്കിലും തള്ളിപ്പറയാമായിരുന്നു. പക്ഷേ, സോക്രട്ടീസ് തന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനിന്നു. അവ ആവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം കുറ്റവിചാരകരെ തനിക്കെതിരാക്കുകയും ചെയ്തു. നാലു നൂറ്റാണ്ടുകള്‍ക്കുശേഷം പീലാത്തോസ് എന്ന റോമന്‍ ന്യായാധിപനുമുന്നില്‍ ജീസസ് സ്വീകരിച്ച നിഷേധാത്മക നിലപാടിനെ അനുസ്മരിപ്പിക്കുന്നതാണ് വിചാരണവേളയില്‍ സോക്രട്ടീസ് സ്വീകരിച്ച നിലപാട്. ആതന്‍സിന് ദൈവം നല്‍കിയ വരദാനമായ തന്നെ നിഗ്രഹിച്ചുകൊണ്ട് ദൈവനിന്ദ നടത്തരുതെന്നാണ് അദ്ദേഹം ജൂറിയോടു പറഞ്ഞത്.
അഥീനിയന്‍ ജൂറി സോക്രട്ടീസിനെ കുറ്റക്കാരനായി കണ്ടു. മാരകമായ ഹെംലോക്ക് കുടിക്കുകയെന്നതായിരുന്നു ശിക്ഷ. വിഷം ശരീരത്തെ തളര്‍ത്തുവോളം അദ്ദേഹം ജയിലറയില്‍ തന്നെ കാണാനെത്തിയ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരുന്നു. അതത്രയും പ്ലേറ്റോ രേഖപ്പെടുത്തിയിട്ടുണ്ട്. കവികളോട് വിപ്രതിപത്തി ഉണ്ടായിരുന്ന പ്ലേറ്റോ കവിതയെക്കാള്‍ കമനീയമായ ഗദ്യത്തിലാണ് സോക്രട്ടീസിന്റെ അന്ത്യരംഗങ്ങള്‍ രേഖപ്പെടുത്തിയത്. ജഞാനിയും വിവേകിയുമായ ഉത്തമ പുരുഷനെന്നാണ് സോക്രട്ടീസിനെ പ്ലേറ്റോ വിശേഷിപ്പിക്കുന്നത്.
സോക്രട്ടീസ് സ്വയം യാതൊന്നും എഴുതിയിട്ടില്ല.
പെലപ്പനീസിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സോക്രട്ടീസ് നല്ല കായികക്ഷമതയുള്ള ആളായിരുന്നു. മരം കോച്ചുന്ന മഞ്ഞുകാലത്തും അദ്ദേഹം നഗ്‌നപാദനും അല്പവസ്ത്രധാരിയുമായി ആതന്‍സിലൂടെ നടന്നു. അനാക്‌സഗോറസിന്റെ ശിഷ്യനായ അര്‍ക്കിലാവൂസിന്റെ ശിഷ്യനായിരുന്നു ഒരു വയറ്റാട്ടിയുടെ മകനായ സോക്രട്ടീസ്. ഭാര്യയും മൂന്നു മക്കളുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഭാര്യയായ സാന്തിയാപ്പെ അദ്ദേഹവുമായി നിരന്തരം കലഹിച്ചിരുന്നതായി കഥകളുണ്ട്. കുഞ്ഞുങ്ങള്‍ വിശന്നിരിക്കുമ്പോള്‍ ആ അമ്മയ്ക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുക? ആഹാരത്തിന് വല്ലതും വാങ്ങാന്‍ പോയാല്‍ അക്കാര്യം മറന്ന് എവിടെയെങ്കിലുമിരുന്ന് വര്‍ത്തമാനം പറയുന്ന പ്രകൃതമായി രുന്നു സോക്രട്ടീസിന്റേത്. തെണ്ടിനടക്കുന്ന വായാടിയെന്നാണ് പാശ്ചാത്യ തത്ത്വചിന്തയുടെ ആദ്യരക്തസാക്ഷിയും ആദിമ വിശുദ്ധനുമായി പില്‍ക്കാലത്ത് വാഴ്ത്തപ്പെട്ട സോക്രട്ടീസിനെ സമകാലികനായ ഒരു ഹാസ്യകവി വിശേഷിപ്പിച്ചത്. തള്ളിനില്‍ക്കുന്ന കണ്ണുകളും തടിച്ച ചുണ്ടുകളും പതിഞ്ഞ നാസികയും തുറന്ന നാസാദ്വാരങ്ങളുമായി അനാകര്‍ഷകമായ രൂപമായിരുന്നു സോക്രട്ടീസിന്റേത്.
അക്രോപോളിസിന്റെ നിഴല്‍ വീണുകിടക്കുന്ന അഗോറയിലാണ് അഥീനിയന്‍ ജനാധിപത്യം വളര്‍ന്നത്. അധികാരികളെ അലോസരപ്പെടുത്തിയ ചോദ്യങ്ങള്‍ സോക്രട്ടീസ് നിരന്തരം ചോദിച്ചുകൊണ്ടിരുന്നത് ഇവിടെയാണ്. ഈ പുരാതന നഗരകേന്ദ്രം നൂറ്റാണ്ടുകളോളം മണ്‍മറഞ്ഞു കിടന്നു. അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ സ്റ്റഡീസ് കുറേ ദശകങ്ങളായി ഇവിടെ ഖനനം നടത്തുന്നു. ആത്തലോസ് സ്റ്റൂവ എന്ന ആദിമ ഷോപ്പിങ് മാള്‍ പുനര്‍നിര്‍മിച്ചെടുത്ത മ്യൂസിയത്തിലാണ് കുഴിച്ചെടുത്ത ചരിത്രശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
അഗോറയില്‍ സോക്രട്ടീസിനു സ്മാരകങ്ങളില്ല. അമ്പലങ്ങളുടെയും അങ്ങാടികളുടെയും അവശിഷ്ടങ്ങള്‍ക്കിടയിലൂടെ സഞ്ചാരികളും കൊഴുത്ത പൂച്ചകളും അലഞ്ഞു നടക്കുന്നു. ഇരുപതിലധികം സ്മാര കങ്ങള്‍ കവാടത്തിലെ മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും മൂന്നോ നാലോ പൊളിഞ്ഞ അമ്പലങ്ങളും ചിത്രപ്പണികളുള്ള കൊറിന്ത്യന്‍ തൂണുകളുടെ മേലാപ്പും മാത്രമാണ് എവിടെയും കാണാന്‍ കഴിയുക. അധികമാരും എത്തിപ്പെടാത്ത ഒരു മൂലയില്‍ ചിതറിക്കിടക്കുന്ന ഇഷ്ടികക്കെട്ടില്‍ സന്ദേഹത്തോടെ ഒരു അറിയിപ്പ് കണ്ടു ”സോക്രട്ടീസിന്റെ തടവറ.”
നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാനും മനഃസാക്ഷിക്കനുസൃതമായി മാത്രം ജീവിക്കാനും പഠിപ്പിച്ച ചിന്തകന്‍ അന്ത്യനാളുകള്‍ ചെലവിട്ടത് ഇവിടെയാണോ? വിഷം ശരീരത്തില്‍ വ്യാപിക്കുമ്പോഴും നിര്‍ഭയനായി ശിഷ്യരോടു സംവദിച്ച ഗുരു മരിച്ചതിവിടെയാണോ? കൃത്യമായ തെളിവുകളില്ല. ഒരു ജയില്‍ എന്നു തോന്നിപ്പിക്കുന്ന ഒന്നും അവിടെയില്ല. അന്നത്തെ ആതന്‍സില്‍ തടവും തടവറയും ശരിയായ അര്‍ത്ഥത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അനഭിമതരെ നാടുകടത്തുകയായിരുന്നു പതിവ്. അല്ലെങ്കില്‍ വിഷം കുടിപ്പിച്ച് കൊല്ലും. വിഷം കുടിക്കാനും മരണം കാത്തുകിടക്കാനും സോക്രട്ടീസിന് ഒരു മുറി മതിയാകുമായിരുന്നു. തെല്ലകലെ ഒരു പാറയിടുക്കിനും ഇതേ വിശേഷണമുണ്ട്.
അജ്ഞത ഭാവിച്ച ജ്ഞാനിയുടെ വാക്കുകള്‍ക്കായി ചെവി കൂര്‍പ്പിച്ചുകൊണ്ട് തടിച്ച പൂച്ചകള്‍ ഇളവെയില്‍ കായുന്നുണ്ടായിരുന്നു. സോക്രട്ടീസിന്റെ പൂച്ചകള്‍ എന്നാണ് നയ്‌റ അവയെ വിളിച്ചത്. ആതന്‍സി ലെത്തുംമുമ്പേ കുട്ടികള്‍ക്കു പരിചിതനായ ഗ്രീക്കുകാരനായിരുന്നു സോക്രട്ടീസ്. യുവാക്കളെ വഴിതെറ്റിക്കുന്നു എന്ന കുറ്റം ചുമത്തപ്പെട്ട തത്വജ്ഞാനിയെക്കറിച്ച് നോര്‍വേയിലെ വിദ്യാലയങ്ങളില്‍ രണ്ടാം ക്ലാസില്‍ത്തന്നെ പഠിപ്പിക്കുന്നുണ്ട്.
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തു കാര്യം എന്നു നമ്മള്‍ ചോദിക്കും. തത്ത്വചിന്തയുടെ വിശുദ്ധഭൂമിയില്‍ ഈ പൂച്ചകള്‍ ആര്‍ക്കുവേണ്ടിയാകാം കാവലിരിക്കുന്നത്. ഒരു പക്ഷേ, സാന്തിയാപ്പെയുടെ അടുക്കളയില്‍ വിശന്നു ജീവിച്ച പൂച്ചകളുടെ പിന്‍മുറക്കാരായിരിക്കാം തത്ത്വചിന്തയുടെ ഇളവെയിലേറ്റ് അവിടെ കഴിയുന്നത്. അന്നത്തെ വിശപ്പിനു പരിഹാരമായി ഇന്നത്തെ സന്ദര്‍ശകര്‍ അവയ്ക്കു നന്നായി ഭക്ഷണം നല്‍കുന്നു.
പ്ലേറ്റോയുടെ അക്കാഡമി
സോക്രട്ടീസിന്റെ പ്രഥമശിഷ്യനായിരുന്നു പ്ലേറ്റോ. സോക്രട്ടീസ് മരിക്കുമ്പോള്‍ അദ്ദേഹത്തിന് മുപ്പതു വയസ്സായിരുന്നു പ്രായം. പെരിക്ലിസ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞായിരുന്നു പ്ലേറ്റോയുടെ ജനനം. അഭിജാത കുടുംബത്തില്‍ പിറന്ന് ശ്രേഷ്ഠമായ വിദ്യാഭ്യാസം നേടിയ പ്ലേറ്റോയ്ക്ക് പൊതുരംഗത്ത്, പെരിക്ലിസിനെപ്പോലെ, ആദരണീയമായ ഔന്നത്യം ലഭിക്കുമായിരുന്നു. പക്ഷേ, ഗുരുവിന്റെ മരണം അദ്ദേഹത്തിന്റെ ദിശാബോധത്തിലും വീക്ഷണത്തിലും സാരമായ മാറ്റം വരുത്തി. ആതന്‍സ് വിട്ട് അദ്ദേഹം കുറേക്കാലം പല ദിക്കിലേക്കും യാത്ര ചെയ്തു. 385 ബി.സി.യില്‍ ആതന്‍സില്‍ തിരിച്ചെത്തിയ പ്ലേറ്റോ അക്കാഡമസ് എന്നറിയപ്പെട്ടിരുന്ന വിശാലമായ തോട്ടത്തില്‍ ഒരു വിദ്യാലയം സ്ഥാപിച്ചു. അത് അക്കാഡമി എന്ന പേരില്‍ അറിയപ്പെട്ടു. അവിടെ അദ്ദേഹം 347 വരെ ശിക്ഷണം നടത്തി.
അക്കാഡമസ് ഇന്നും ഒരു ദേശീയോദ്യാനമായി പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കിയോളജിക്കോ പാര്‍ക്കൂ അക്കാഡമിയാസ് പ്ലേറ്റോണോസ് എന്നാണ് ഉദ്യാനത്തിന്റെ പേര്. മെറ്റാസോര്‍ഗിയോ മെട്രോസ്റ്റേഷനില്‍ നിന്ന് ഇരുപത് മിനിറ്റ് നടന്നാല്‍ പ്ലേറ്റോയുടെ അക്കാഡമിയിലെത്താം. ഉദ്യാനത്തിലെ നടപ്പാതയുടെ ഇരുവശവും ഓറഞ്ച് മരങ്ങള്‍. പുല്‍ത്തകിടിയില്‍ പഴുത്ത ഓറഞ്ചുകള്‍ വീണു കിടക്കുന്നു. പ്ലേറ്റോയുടെ അക്കാഡമിയുടെ അവശിഷ്ടങ്ങള്‍ യാതൊന്നും കണ്ടുകിട്ടിയിട്ടില്ലാത്തതിനാല്‍ അക്കാഡമസില്‍ പ്ലേറ്റോയ്ക്ക് സ്മാരകങ്ങളില്ല. പക്ഷേ, ആ വിസ്തൃതോദ്യാനത്തിലെ പ്രശാന്തതയില്‍ പ്ലേറ്റോയുടെ ആഴത്തിലുള്ള ചിന്തകള്‍ പ്രതിധ്വനിക്കുന്നുണ്ട്.
അക്കാലത്തെ പണ്ഡിതര്‍ക്കുണ്ടായിരുന്നതുപോലെ പ്ലേറ്റോയ്ക്കും താത്പര്യം മാത്തമാറ്റിക്‌സില്‍, പ്രത്യേകിച്ച് ജ്യാമിതിയില്‍, ആയിരുന്നു. എല്ലാ ചിന്തയുടെയും അടിസ്ഥാനം മാത്തമാറ്റിക്‌സാണെന്ന് കരുതിയ പ്ലേറ്റോ സ്വയം മാത്തമറ്റീഷ്യന്‍ എന്ന് വിളിക്കപ്പെടാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഏതെങ്കിലും ലേബലില്‍ ഒതുക്കാന്‍ കഴിയാത്തവിധം ഔന്നത്യം അദ്ദേഹത്തിനുണ്ടായി. പൈതഗോറിയന്‍ എഴുത്തുകാരുടെ രചനകളില്‍ നിന്നാണ് പ്ലേറ്റോ മാത്തമാറ്റിക്കല്‍ ആശയങ്ങള്‍ സ്വീകരിച്ചത്. എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അറിയാവുന്ന പൈതഗോറിയന്‍ തിയറത്തിന്റെ ഉപജ്ഞാതാവായ പൈതഗോറസ് ബി.സി. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തത്ത്വചിന്തകനായിരുന്നു. പൈതഗോറസിന്റെ ദുര്‍ഗ്രഹവും ഗഹനവുമായ ആശയങ്ങളെ പ്ലേറ്റോ സ്വാംശീകരിച്ച് തന്റെ തത്ത്വചിന്തയുടെ ഭാഗമാക്കി.
രേഖപ്പെടുത്തപ്പെടുന്ന സംവാദങ്ങളിലൂടെയാണ് പ്ലേറ്റോ തത്ത്വചിന്താപരമായ തന്റെ ആശയങ്ങള്‍ വികസിപ്പിച്ചത്. സൂക്ഷ്മവും അഗോചരവുമായ ഒരു പദ്ധതിയനുസരിച്ച് ആസൂത്രിതമായി വികസിക്കുന്ന സംവാദരീതിയായിരുന്നു പ്ലേറ്റോയുടേത്. സംവാദങ്ങളിലെ പ്രധാന കഥാപാത്രം സോക്രട്ടീസായിരുന്നു. തലനാരിഴ കീറുന്ന തര്‍ക്ക വിതര്‍ക്കങ്ങളിലൂടെയുള്ള ദുര്‍ഗ്രഹമായ സത്യാന്വേഷണമായിരുന്നു അത്. ഡയലോഗ്‌സ് എന്ന പേരിലാണ് ഇവ പ്ലേറ്റോ രേഖപ്പെടുത്തിയത്.
താന്‍ ജീവിച്ചിരുന്ന കാലവുമായി പൊരുത്തപ്പെടാന്‍ പ്ലേറ്റോയ്ക്ക് കഴിഞ്ഞില്ല. പെരിക്ലിയന്‍ ആതന്‍സിന്റെ പുനര്‍ജനിയേക്കാള്‍ സമുന്ന തമായ സ്വപ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മില്‍ഷിയാഡെസും തെമിസ്റ്റോക്ലിസും പെരിക്ലിസും അദ്ദേഹത്തിന് ആദര്‍ശപുരുഷന്‍മാരായിരുന്നില്ല. അവര്‍ തുറമുഖങ്ങളും പ്രാകാരങ്ങളും നിര്‍മ്മിച്ചു; പക്ഷേ, ധര്‍മചിന്ത വളര്‍ത്തിയില്ലെന്ന കുറ്റാരോപണമാണ് അദ്ദേഹം നടത്തിയത്. അവരുടെ രാഷ്ട്രീയധാരണകളോടും പ്ലേറ്റോയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. അവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പ്ലേറ്റോയ്ക്ക് പ്രിയം ക്രമത്തോടായിരുന്നു. രാഷ്ട്രം എവ്വിധമായിരിക്കണമെന്ന തന്റെ നിലപാടുകള്‍ റിപ്പബ്ലിക്കിലും ലോസിലും അദ്ദേഹം വിവരിച്ചു. ബൗദ്ധികമായും ധാര്‍മികമായും അഭ്യുന്നതിയിലുള്ള ചെറിയ സംഘമാണ് ഭരണം നടത്തേണ്ടതെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.
തത്ത്വചിന്ത കനായ രാജാവ് എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു. ബാല്യം മുതല്‍ 35 വയസ്സുവരെ പ്രത്യേകമായ പരിശീലനം നല്‍കിയാണ് ഒരു വ്യക്തിയെ രാജാവാകാന്‍ പ്രാപ്തനാക്കേണ്ടത്. സുകുമാരകലകളോട് പ്ലേറ്റോയ്ക്ക് തീരെ ആഭിമുഖ്യമുണ്ടായിരുന്നില്ല. ആശയങ്ങളുടെ ലോകത്ത് ഭാവനയ്ക്ക് സ്ഥാനമില്ല. അതുകൊണ്ട് തന്റെ ആദര്‍ശ റിപ്പ ബ്ലിക്കില്‍ അദ്ദേഹം കവികള്‍ക്ക് ഇടം നല്‍കിയില്ല. ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആദ്ധ്യാത്മിക ജീവിതം ധര്‍മാനുസാരിയും നിയമവിധേയവുമായ ജീവിതത്തിന് അനുപേക്ഷണീയമാണെന്ന് അദ്ദേഹം പറഞ്ഞു.
എക്കാലത്തെയും ഏറ്റവും അനുഗ്രഹീതരായ വ്യക്തികളില്‍ ഒരാളായിരുന്നു പ്ലേറ്റോ. അദ്ദേഹത്തിന്റെ മേധയ്ക്ക് വഴങ്ങാത്തതായി ഒന്നുമുണ്ടായിരുന്നില്ല. ആതന്‍സിന്റെ മഹത്ത്വത്തിനു നിദാനമായ എല്ലാറ്റി ന്റെയും നിരാസമായിരുന്നു പ്ലേറ്റോയുടെ ചിന്ത. നടപടിയേക്കാള്‍ അദ്ദേഹത്തിന് അഭികാമ്യം ചിന്തയായിരുന്നു. വ്യക്തിപരമായ നേട്ട ങ്ങള്‍ക്ക് അദ്ദേഹം വിലകല്പിച്ചില്ല. ഇന്ദ്രിയേച്ഛ സ്പര്‍ശിക്കാത്ത ആത്മീയ പ്രേമം എന്ന ആശയമായിരുന്നു പ്ലേറ്റോയുടേത്. അത് പ്ലേറ്റോണിക് പ്രേമം എന്നറിയപ്പെടുന്നു.
പ്ലേറ്റോയുടെ അക്കാഡമിയില്‍ വിദ്യാര്‍ത്ഥിയായെത്തുമ്പോള്‍ അരിസ്റ്റോട്ടിലിന് പതിനേഴ് വയസ്സായിരുന്നു പ്രായം. മാസിഡോണിയയിലെ സ്റ്റാഗിസറില്‍നിന്നെത്തിയ അരിസ്റ്റോട്ടില്‍ ഗുരുവിന്റെ വിമര്‍ശകനായി. ഭാഷയുടെ സൗകുമാര്യത്തില്‍ പ്ലേറ്റോ ശ്രദ്ധിച്ചപ്പോള്‍ പരുക്കനായി കാര്യങ്ങള്‍ പറഞ്ഞുപോകുന്നതിലായിരുന്നു അരിസ്റ്റോട്ടിലിനു താത്പര്യം. അറിവുള്ളവരുടെ ആചാര്യനെന്നാണ് ദാന്തെ അരിസ്റ്റോട്ടിലിനെ വിശേഷിപ്പിച്ചത്. വിജ്ഞാനത്തിന്റെ ഒരു മേഖലയും അദ്ദേഹത്തിന് അന്യമായിരുന്നില്ല. പരീക്ഷണകുതുകിയായ ശാസ്ത്രജ്ഞന്റെ മനസ്സോടെയാണ് അദ്ദേഹം ഏതു കാര്യത്തെയും സമീപിച്ചത്.
അരിസ്‌റ്റോട്ടിലിന്റെ തര്‍ക്കങ്ങള്‍
അരിസ്റ്റോട്ടിലിന്റെ ദര്‍ശനത്തെ സ്വാംശീകരിച്ചുകൊണ്ട് സമ്പന്നമായതാണ് ക്രൈസ്തവദര്‍ശനം. അരിസ്റ്റോട്ടിലിനെ യൂറോപ്പ് മറന്നപ്പോള്‍ അറബ് ലോകമാണ് അദ്ദേഹത്തിന്റെ സ്മരണയെ നിലനിര്‍ത്തിയത്. ഏ.ഡി. പതിമൂന്നാം നൂറ്റാണ്ടില്‍ ഉത്തര ആഫ്രിക്കയിലും സിസിലിയിലും സ്‌പെയിനിലുമുള്ള അറബ് പണ്ഡിതരിലൂടെ വിജ്ഞാനത്തിന്റെ ഈ അമൂല്യശേഖരം യൂറോപ്പിനു തിരിച്ചുകിട്ടി. ആധുനികശാസ്ത്രത്തിന്റെ വികാസത്തിന് അത് അമൂല്യമായ അടിത്തറയായി. ആതന്‍സില്‍ അരിസ്റ്റോട്ടില്‍ ബോധനകേന്ദ്രം നടത്തിയിരുന്നത് നഗരത്തിനു പുറത്തുള്ള ലൈസിയം എന്ന ഉദ്യാനത്തിലായിരുന്നു.
പെരിപാറ്റെറ്റിക്‌സ് എന്നറിയപ്പെടുന്ന ബോധനരീതിയായിരുന്നു അരിസ്റ്റോട്ടിലിന്റേത്. ഗുരുവും ശിഷ്യരും തര്‍ക്കിച്ച് നടക്കുന്ന രീതിയായിരുന്നു അത്. അക്കാഡമിപോലെ അടഞ്ഞ ഇടമായിരുന്നില്ല അത്. ആര്‍ക്കും ആ ജ്ഞാനപ്രദിക്ഷണത്തില്‍ പങ്കെടുക്കാം. 335 ബി.സി. യില്‍ സ്ഥാപിതമായതും പിന്നീട് മണ്‍മറഞ്ഞുപോയതുമായ ലൈസിയം 1996-ല്‍ എഫിലെഗോറി എന്ന ആര്‍ക്കിയോളജിസ്റ്റാണ് ഉദ്ഖനനത്തില്‍ കണ്ടെത്തിയത്. 2014-ല്‍ അത് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. അത് ഉദ്യാനവും ചരിത്രത്തിന്റെ സ്മരണികയുമാണ്. റിജിലിസ് സ്ട്രീറ്റില്‍നിന്ന് ലൈസിയത്തില്‍ പ്രവേശിച്ച ഞങ്ങള്‍ ശാന്തമായ അന്ത രീക്ഷത്തില്‍ നറുപുഷ്പങ്ങളുടെ സൗരഭ്യം നുകര്‍ന്നുകൊണ്ട് നിശ്ശബ്ദരായി നടന്നു. നടപ്പാതകള്‍ക്ക് അതിരിടുന്ന ഒലിവ് മരങ്ങളുടെ ഇടയിലെവിടെയോ അരിസ്റ്റോട്ടിലിന്റെ അദൃശ്യമായ സാന്നിധ്യം ഞങ്ങളറിഞ്ഞു. ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ കാറ്റിലുലയുന്നു. ദലമര്‍മരവും പക്ഷികളുടെ കളകൂജനവുമാണ് നിശ്ശബ്ദതയെ ഭേദിക്കുന്നത്. വാസിലിസിസ് സോഫിയാസ് അവന്യൂവിലെ ഗതാഗതത്തിനു പോലും ശബ്ദമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ആ ശബ്ദം ഞങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.
സൈദ്ധാന്തികരെന്ന നിലയില്‍ പ്ലേറ്റോയും അരിസ്റ്റോട്ടിലും പരാജയമായിരുന്നു. പെലപ്പനീസിയന്‍ യുദ്ധത്തിനുശേഷമുള്ള ഗ്രീസിന്റെ രാഷ്ട്രീയാവസ്ഥയ്ക്ക് ഇരുവര്‍ക്കും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനില്ലായിരുന്നു. ഗ്രീക്ക് നഗരരാഷ്ട്രങ്ങളുടെ ഏകീകരണത്തില്‍ ഇരുവര്‍ക്കും താത്പര്യമില്ലായിരുന്നു. ബി.സി. നാലാം നൂറ്റാണ്ടിന്റെ ആരം ഭത്തില്‍ സിറാക്യൂസിലെ ഡയൊനീസിയസ് സിസിലി ഉള്‍പ്പെടെയുള്ള ഇറ്റലിയുടെ തെക്കന്‍ ഭാഗംവരെ തന്റെ സാമ്രാജ്യത്തെ വികസിപ്പിച്ചെ ങ്കിലും ഇരുവരും സംപ്രീതരായില്ല. ഡയൊനീസിയസിന്റെ സാമ്രാജ്യം അദ്ദേഹത്തോടൊപ്പം അസ്തമിച്ചു.
നൂറ്റാണ്ടിന്റെ മധ്യത്തോടെ ഗ്രീസിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ചില ചലനങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങി. മാസിഡോണിയ എന്നായിരുന്നു ആ പ്രദേശത്തിന്റെ പേര്. ഗ്രീക്ക് വംശജരായ മാസിഡോണിയന്‍ രാജാക്കന്‍മാര്‍ മനസ്സുകൊണ്ട് ഗ്രീക്കാകാന്‍ ആഗ്രഹിക്കുന്നവരായി രുന്നു. അവര്‍ ഏകാധിപതികളായിരുന്നു. പേര്‍ഷ്യന്‍ യുദ്ധങ്ങളില്‍ ഗ്രീ സിനെതിരേ യുദ്ധം ചെയ്തവരാണ് മാസിഡോണിയയിലെ രാജാക്കന്‍മാര്‍. യവനനാഗരികതയില്‍ അവരുടെ സംഭാവന വളരെ നിസ്സാരമായിരുന്നു. 359 ബി.സി.യില്‍ മാസിഡോണിയയിലെ രാജാവായ ഫിലിപ്പ് മുഴുവന്‍ ഗ്രീസിന്റെയും അധിപനാകാന്‍ തീരുമാനിച്ചു. മാസിഡോണിയന്‍ അതിര്‍ത്തിയും തെസാലിയും കടന്ന് അദ്ദേഹം ത്രേസിലേക്ക് നീങ്ങി.
ത്രേസിലെ ഖനികള്‍ കൈക്കലാക്കി സമ്പന്നനായ ഫിലിപ്പ് ആ പണം ഉപയോഗിച്ച് സുസജ്ജമായ ഒരു സേനയെ രൂപീകരിച്ചു. പതിന്നാലടി നീളമുള്ള കുന്തങ്ങള്‍ നീട്ടിപ്പിടിച്ചുണ്ടാകുന്ന കവചവുമായി പതിനാറ് നിരകളായി തോളോടുതോള്‍ ചേര്‍ന്നു നീങ്ങുന്ന 256 പേരടങ്ങിയ വ്യൂഹത്തെ പെട്ടെന്ന് തടുക്കാന്‍ കഴിയുമായിരുന്നില്ല. സൈനികമായി മാത്രമല്ല വിവാഹം വഴിയും അദ്ദേഹം നഗര-രാഷ്ട്രങ്ങളെ സ്വന്തമാക്കി. ഇപ്രകാരം ആറോ ഏഴോ ഭാര്യമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
352 ബി.സി.യില്‍ തെര്‍മോപിലേയിലെത്തിയ ഫിലിപ്പ് ഡെല്‍ഫിയിലേക്ക് മുന്നേറാനൊരുങ്ങി. അപ്പോളോയുടെ വിശുദ്ധക്ഷേത്രം നില്‍ക്കുന്ന ഡെല്‍ഫി ഗ്രീക്ക് അധ്യാത്മികതയുടെ കേന്ദ്രബിന്ദുവായിരുന്നു. മാസിഡോണിയന്‍ ഭീഷണിയെ ചെറുക്കുന്നതിനുള്ള നേതൃത്വത്തി നായി മുഴുവന്‍ ഗ്രീസും നോക്കിയത് ആതന്‍സിലേക്കായിരുന്നു. പക്ഷേ, ഫിലിപ്പിനോടുള്ള സമീപനത്തില്‍ ആതന്‍സില്‍ ഏകാഭിപ്രായമുണ്ടായില്ല. അഥീനിയന്‍ നയരൂപീകരണത്തെ സംബന്ധിച്ച് ചൂടുപിടിച്ച വാദ പ്രതിവാദങ്ങളുണ്ടായി. ഒരു ഭാഗത്തിനു നേതൃത്വം നല്‍കിയത് ഇസോക്രാറ്റെസ് ആയിരുന്നു. ആതന്‍സിന്റെ ശരിയായ ഭീഷണി പേര്‍ഷ്യയാണെന്ന പക്ഷക്കാരനായിരുന്നു ഇസോക്രാറ്റെസ്. ഈജിയന്‍മേഖല യില്‍ ഇടയ്ക്കിടെ പേര്‍ഷ്യയുടെ ആക്രമണങ്ങള്‍ നടക്കുന്ന കാലമായിരുന്നു അത്. ഗ്രീക്കുകാരെ ഏകോപിപ്പിച്ച് പേര്‍ഷ്യയ്‌ക്കെതിരേ പ്രത്യാക്രമണം നടത്തണമെന്ന് ഫിലിപ്പിനോട് ഇസോക്രാറ്റെസ് അഭ്യര്‍ത്ഥിച്ചു. പക്ഷേ, ഇസോക്രാറ്റെസിന്റെ പ്രഭാഷണചാതുരിയെ നിഷ്പ്രഭമാക്കിക്കൊണ്ട് മറ്റൊരു ഉജ്വലവാഗ്മിയുടെ ഉദയം അക്കാലത്തുണ്ടായി.
ഡെമോസ്‌തെനെസിന്റെ വരവ്
ഡെമോസ്‌തെനെസ് എന്നായിരുന്നു ജനാധിപത്യവാദിയായ ആ പ്രഭാഷകന്റെ പേര്. 384 ബി.സി.യിലായിരുന്നു ഡെമോസ്‌തെനെസിന്റെ ജനനം. ജന്‍മനാ സംസാരവൈകല്യമുണ്ടായിരുന്ന ഡെമോസ്‌തെനെസ് അതിനെ അതിജീവിച്ചതെങ്ങനെയെന്ന് പ്ലൂട്ടാര്‍ക്ക് വിവരിക്കുന്നുണ്ട്. ചരല്‍ക്കല്ലുകള്‍ വായിലിട്ട് ശബ്ദനിയന്ത്രണം വരുത്തി കണ്ണാടിയുടെ മുന്നില്‍നിന്നു കൊണ്ടായിരുന്നുവത്രേ ഡെമോസ്‌തെനിസിന്റെ പരിശീലനം. വളരെപ്പെട്ടെന്ന് അദ്ദേഹം പ്രഭാഷകനെന്ന നിലയില്‍ അംഗീകാരം നേടി. പലര്‍ക്കുവേണ്ടിയും അദ്ദേഹം പ്രസംഗങ്ങള്‍ എഴുതിക്കൊടുക്കുമായിരുന്നു.
പ്രഭാഷണത്തെ ഗൗരവമായി കണ്ട ആളായിരുന്നു ഡെമോസ്‌തെനെസ്. പെരിക്ലിസിനെപ്പോലെ ആതന്‍സിനെക്കുറിച്ച് മഹത്ത്വവല്‍കരിക്കപ്പെട്ട ആശയങ്ങളൊന്നും ഡെമോസ്‌തെനെസിന് ഉണ്ടായിരുന്നില്ല. പക്ഷേ, ആതന്‍സിനോട് അതിതീവ്രമായ സ്‌നേഹം അദ്ദേഹത്തിനു ണ്ടായിരുന്നു. ആതന്‍സ് അദ്ദേഹത്തിന് എല്ലാമായിരുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രേരണയും പ്രചോദനവുമാണ് തന്റെ സംഭാ ഷണത്തിലൂടെയും സംവാദത്തിലൂടെയും അദ്ദേഹം ആതന്‍സിലെ ജനങ്ങള്‍ക്ക് നല്‍കിയത്. ഫിലിപ്പിന്റെ സാമ്രാജ്യമോഹങ്ങള്‍ മുന്‍ കൂട്ടി കണ്ട ഡെമോസ്‌തെനെസ് മാസിഡോണിയന്‍ യുദ്ധപ്രഭുവിനെ പ്രതിരോധിക്കാന്‍ ആതന്‍സിനെ സജ്ജമാക്കി. തീബ്‌സിനെയും അദ്ദേഹം ആതന്‍സിനൊപ്പം നിര്‍ത്തി. പക്ഷേ, അഥീനിയന്‍ സഖ്യസേനയെ ഫിലിപ്പ് അനായാസം പരാജയപ്പെടുത്തി. കൊറിന്തില്‍ നടന്ന ഗ്രീക്ക് നഗര-രാഷ്ട്രങ്ങളുടെ കോണ്‍ഗ്രസില്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഒരു കോണ്‍ഫെഡറേഷന്‍ രൂപീകൃതമായി.
നഗര-രാഷ്ട്രങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ഗ്രീസിന്റെ ഏകീകരണം പൂര്‍ത്തിയാക്കിയതിനുശേഷം ഫിലിപ്പിന്റെ നോട്ടം പേര്‍ഷ്യയിലേക്ക് തിരിഞ്ഞു. പക്ഷേ, 336 ബി.സി.യില്‍ മകളുടെ വിവാഹാഘോഷം നടക്കവേ ഫിലിപ്പ് കൊലചെയ്യപ്പെട്ടു. കൊലയാളി ഒരു പേര്‍ഷ്യന്‍ ഏജന്റാകാം. അല്ലെങ്കില്‍ ആദ്യഭാര്യ ഒളിംപിയാസ് ഏര്‍പ്പാടാക്കിയ ആളാകാം. ഏതായാലും ഒളിംപിയാസിന്റെ പുത്രന്‍ അലക്‌സാണ്ടര്‍ രാജാവായി. അന്ന് അദ്ദേഹത്തിന് ഇരുപതു വയസ്സായിരുന്നു പ്രായം.
ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ‘അക്രോപോളിസ്’ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക