സുനാമി പോലെ പെട്ടന്നുണ്ടാകുന്ന ഒന്നല്ല പ്രമേഹം. മെല്ലെമെല്ലെയാണ് രോഗം വന്നുചേരുന്നതും നില വഷളാകുന്നതും. നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ക്ക് പ്രമേഹം കാരണമാകും. ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, വൃക്ക പരാജയം, ലൈംഗികശേഷിക്കുറവ്, അന്ധത തുടങ്ങി ശരീരത്തിലെ ഏത് അവയവത്തെയും ബാധിക്കുന്ന രോഗങ്ങള്‍ പ്രമേഹം വരുത്തി വെയ്ക്കും. ഡൈ എ ബിറ്റ് ഈസ് ഡയബറ്റീസ് എന്നുപറയുന്നത് വെറുതെയല്ല.
പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ആദ്യവഴി രോഗത്തെക്കുറിച്ച് അറിയുക എന്നതാണ്. പ്രമേഹലക്ഷണങ്ങളും രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രമേഹം വന്നാല്‍ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും എങ്ങനെ നിയന്ത്രിച്ചു നിര്‍ത്താമെന്നും ഒക്കെ ഒരാള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത്തരം വിവരങ്ങളും പ്രമേഹരോഗികള്‍ക്ക് സമീകൃതാഹാരം ലഭ്യമാക്കാനുള്ള ചില പാചകവിധികളും ഉള്‍പ്പെടുത്തി പുറത്തിറക്കിയ പുസ്തകമാണ് ഡയബറ്റിക് കുക്കറി ബുക്ക്.
ഭക്ഷണത്തിന്റെ സ്വഭാവം നോക്കി അതിന്റെ അളവ്, സമയം എന്നിവ ക്രമീകരിച്ച് ഉപയോഗിക്കുന്നതിലൂടെ രോഗത്തെ എങ്ങനെ വരുതിയിലാക്കാമെന്ന് ഡയബറ്റിക് കുക്കറി ബുക്ക് കാട്ടിത്തരുന്നു. പ്രമേഹം കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നും ചൂണ്ടിക്കാട്ടുന്ന പുസ്തകത്തില്‍ ആഹാരപദാര്‍ത്ഥങ്ങളുടെ ഗ്ലൈസിമിക് ഇന്‍ഡക്‌സും പ്രകൃതി ചികിത്സാ മാര്‍ഗ്ഗങ്ങളും ഒക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ സംബന്ധമായ വിവരങ്ങള്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ ശേഖരിച്ച് ഡയബറ്റിക് കുക്കറി ബുക്ക് തയ്യാറാക്കിയത് ലില്ലി ബാബു ജോസ് ആണ്.
ടെലിവിഷനില്‍ പാചകപരിപാടി അവതാരകയായ ലില്ലി ബാബു ജോസ് വിവിധ ആനുകാലികങ്ങളില്‍ പതിവായി എഴുതാറുമുണ്ട്. രുചിയൂറും വിഭവങ്ങള്‍, പ്രിയരുചികള്‍, മൈക്രോവേവ് പാചകം, അച്ചാറുകള്‍, 100 വിശിഷ്ടപാനീയങ്ങള്‍ തുടങ്ങി ഒട്ടേറെ പാചക പുസ്തകങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്.
The post പ്രമേഹരോഗികള്‍ക്കുള്ള ഭക്ഷണക്രമം appeared first on DC Books.