മലയാളികളുടെ കപട സദാചാര ബോധത്തെയും കൃത്രിമ കുടുംബ ജീവിതത്തെയും തുറന്നു കാട്ടിയ നളിനി ജമീലയുടെ പുതിയ പുസ്തകം ‘ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയ
പുസ്തകം’ ഇപ്പോള്‍ വിപണിയില്‍. പുസ്തകം ഇ-ബുക്കായി വായനക്കാര്‍ക്ക് നേരത്തെ
ലഭ്യമാക്കിയിരുന്നു. തന്റെ പ്രണയാനുഭവങ്ങളെക്കുറിച്ചും ആത്മകഥയ്ക്കു ശേഷം ഉണ്ടായ സവിശേഷാനുഭവങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് നളിനി ജമീല ഇവിടെ.
സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ ചില വ്യക്തിത്വങ്ങളുമായുള്ള അടുപ്പങ്ങളും അകല്‍ച്ചകളുമെല്ലാം അവര്‍ ഇവിടെ വിശദമാക്കുന്നു. എന്താണ് പ്രണയം?, ഒരു ലൈംഗികത്തൊഴിലാളിക്ക് പ്രണയം സാധ്യമാണോ?, അത് സാധാരണ പ്രണയങ്ങളില്‍ നിന്ന് വ്യത്യസ്തമാണോ?, ഒരാള്‍ക്ക് ഒരാളോടു മാത്രമാണോ പ്രണയത്തിലേര്‍പ്പെടാനാകുക?, പ്രണയവും ലൈംഗികാഭിലാഷവും ഒന്നാണോ?, കാമത്തില്‍ പ്രണയമുണ്ടോ?, സെക്‌സ് ഒരു ലൈംഗികത്തൊഴിലാളിയും സാധാരണക്കാരും അനുഭവിക്കുന്നത് വ്യത്യസ്തമായാണോ? നമ്മുടെ പ്രണയ സങ്കല്പങ്ങളെയും ലൈംഗിക സങ്കല്പങ്ങളെയും അടിമുടി പിടിച്ചു ലയ്ക്കാന്‍ പോന്ന വെളിപ്പെടുത്തലുകളുമായി വീണ്ടും നളിനി ജമീല എത്തുന്നു നിങ്ങളിലെ സംയമിയെയും ഉന്മാദിയെയും പുറത്തെടുത്ത് വിചാരണ ചെയ്യുന്ന പുസ്തകമാണ് ‘ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം’
പുസ്തകത്തില്‍ നിന്നും…
എന്റെ പ്രണയകഥാപാത്രങ്ങളില്‍ കുഞ്ഞപ്പ എന്റെ ബ്രോക്കറാണ്. മാനിക്ക കാമുകനാണ്. സിദ്ധിഖ് എന്റെ ക്ലൈന്റാണ്. ഇവരുടെ സുഹൃത്തായ ഇസ്മായില്‍ പഠിതാവാണ്. ഇവരെല്ലാംകൂടി കൂറ്റനാട് ഉള്ള വാട്ടര്‍ടാങ്കിന്റെ മുകളില്‍ കയറി ഇരുന്ന് തങ്ങളുടെ പ്രണയം ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്റെ ഏറ്റവും ആദ്യ പ്രണയം 1979-ലാണ്. കൊടക്കാല സുനിലിനോടായിരുന്നു അത്. പട്ടാളം റോഡിന്റടുത്തായിരുന്നു അവന്‍ താമസിച്ചിരുന്നത്. കണ്ണുകൊണ്ട് കഥപറയുമായിരുന്നു സുനില്‍. പ്രണയം വരുമ്പോള്‍ അവിടെ വലിപ്പച്ചെറുപ്പമൊന്നുമില്ല. അബു, തോട്ടിപ്പണിക്കാരന്‍ തങ്കപ്പന്‍ എന്നിവരോടൊക്കെ എനിക്ക് പ്രണയം തോന്നിയിരുന്നു. തൃത്താലയില്‍ ഉള്ള ഡോ. കേശവന്‍ നായരോടുള്ള പ്രണയം അത്തരത്തിലൊന്നാണ്.
മുന്‍പ് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ജനാര്‍ദ്ദനന്‍, പുതുക്കാടിന്റെയും കുറുമാലിയുടെയും ഇടയ്ക്കുവരുന്ന ഒരു വലിയ റോജാത്തോട്ടത്തിന്റെ ഉടമയാണ്. 1965-ന്റെയും ’75-ന്റെയും ഇടയ്ക്കായിരുന്നു ആ ബന്ധം. അയാള്‍ ഒരു സ്ത്രീയുമായി പ്രണയത്തിലാവുകയും പിന്നീടവള്‍ ഗര്‍ഭം ധരിക്കുകയും ചെയ്തപ്പോള്‍ അവളെ ഓട്ടുകമ്പനിയിലെ ചൂളയിലേക്കു തള്ളിയിടുകയും അവര്‍ കൊല്ലപ്പെടുകയും ചെയ്തതായി ഒരു വാര്‍ത്തയുണ്ടായിരുന്നു. അന്ന് അതിനെതിരേ ഘോരമായ പ്രതിഷേധമുണ്ടായിരുന്നു. ജനാര്‍ദ്ദനന്‍ ഈഴവനായിരുന്നു. അന്ന് ഞാന്‍ ശ്രീകൃഷ്ണ ഓട്ടുകമ്പനിയില്‍ ജോലി ചെയ്തിരുന്നു. എന്റെ ഒരു കൂട്ടുകാരിയാണു പറഞ്ഞത്, അവള്‍ ഒരു ബലാത്സംഗത്തില്‍ കൊല്ലപ്പെട്ടതാണെന്ന്. അയാളുടെ വീടിന്റെ മുന്നില്‍ നിറച്ചും വിരിഞ്ഞുനില്‍ക്കുന്ന റോസാച്ചെടികള്‍ കാണാം. കുറെ പട്ടികളെയും വളര്‍ത്തുന്നുണ്ട്. നല്ല ഭംഗിയുള്ള ബംഗ്ലാവായിരുന്നു അയാളുടേത്. ആ ഒരു കാലത്തില്‍ അത്ര വലിയ ഒരു ബംഗ്ലാവ് ഉണ്ടാക്കണമെങ്കില്‍ അത്രയും സാമ്പത്തികം അയാള്‍ക്ക് ഉണ്ടായിരിക്കും. അയാളുടെ രാഷ്ട്രീയത്തിന്റെ മറയായിട്ടാണ് ഓട്ടുകമ്പനിയും പൂന്തോട്ടവും നിലനില്‍ക്കുന്നത്. ആ സമയത്ത് എനിക്കു 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അന്ന് എന്റെ കുട്ടിത്തമുള്ള മനസ്സില്‍ തോന്നി, ”ഇത്രയും ഭംഗിയുള്ള ഒരു പൂന്തോട്ടം ഉണ്ടാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഒരു കൊല ചെയ്യാന്‍ കഴിയുക.” അന്ന് അയാള്‍ക്ക് ഒരു 62 വയസ്സുണ്ടായിരുന്നു. സുന്ദരനും അരോഗദൃഢഗാത്രനുമായിരുന്നു. അയാളുടെ ബംഗ്ലാവ്, രാഷ്ട്രീയപ്രവര്‍ത്തനം, പൂന്തോട്ടം ഇതൊക്കെ എന്നില്‍ അയാളോട് കലശലായ പ്രണയം തോന്നിത്തുടങ്ങിയിരുന്നു. ഇപ്പോഴും ആ രൂപത്തിനോടും ഭാവത്തിനോടുമുള്ള ഒരാരാധന ഇന്നും നിലനില്‍ക്കുന്നുണ്ട്.
ഇന്നും എന്റെ മനസ്സില്‍ സുന്ദരന്മാരായ പുരുഷന്മാരോടു പ്രണയമാണ്. സൗന്ദര്യത്തെക്കുറിച്ചുള്ള എന്റെ സങ്കല്പത്തില്‍ വെളുപ്പിനും പൊക്കത്തിനുമൊന്നും ഒരു പ്രാധാന്യവുമില്ല. പെരുമാറുമ്പോള്‍ ചെറിയ ഒരു സ്പാര്‍ക്ക് വന്നാല്‍ മതി വെറുക്കാന്‍. 17-മത്തെ വയസ്സിലാണ് ഞാന്‍ ആദ്യമായി സെക്‌സ് ചെയ്തത്. സുബ്രഹ്മണ്യന് പ്രണയഭാവം ഒട്ടുമില്ലായിരുന്നു. പെണ്ണ് എന്നു പറഞ്ഞാല്‍ ആക്രമിക്കപ്പെടേണ്ടവളാണ് എന്ന ഒരു ബോധം അയാള്‍ക്കുണ്ടായിരുന്നു. സുബ്രഹ്മണ്യന്‍ വലിയ ചാരായക്കുപ്പിയും എടുത്ത് തൊട്ടടുത്തു താമസിക്കുന്ന ചക്കി എന്ന 53 വയസ്സുകാരിയുടെ അടുത്ത് സെക്‌സിനുവേണ്ടി പോകുമ്പോള്‍ അയാളുടെ മനസ്സില്‍ സെക്‌സിനെക്കുറിച്ചുള്ള ഒരു ധാരണയെ ഞാന്‍ അമ്പരപ്പോടെയാണു കണ്ടത്. അവര്‍ക്കിടയില്‍ എങ്ങനെ പ്രണയം വരുമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
പക്ഷേ, എന്റെ ഇഷ്ടങ്ങളൊക്കെ അധിഷ്ഠിതമായിരുന്നത് പ്രണയത്തിലായിരുന്നു. സിനിമയിലൊക്കെ കാണുന്നതുപോലെ പ്രേംനസീറും ഷീലയുമൊക്കെ കൈപിടിച്ചും കെട്ടിപ്പിടിച്ചും നടന്നതിനുശേഷം സെക്‌സ് ചെയ്താല്‍ അത് മനോഹരമായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രണയത്തില്‍ക്കൂടിയുള്ള സെക്‌സ് ആണ് അന്നും ഇന്നും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്. നേരത്തേ പറഞ്ഞ ബ്രോക്കര്‍ കുഞ്ഞാപ്പ, സിദ്ധിഖ്, മാനിക്ക, ഇസ്മായില്‍ എന്നിവരില്‍ എന്റെ ഒറ്റ ചോയ്‌സ് സിദ്ധിഖ് മാത്രമായിരുന്നു.
എന്റെ മൂവായിരം ക്ലൈന്റില്‍ ഏറ്റവും സുന്ദരനായ, ഏറ്റവും ശാന്തശീലനായ ഒരേയൊരാള്‍ മാനിക്കയാണ്. ഒരുകാലത്ത് എന്റെ പ്രണയം ആ ഭാവത്തിലും രൂപത്തിലും മനുഷ്യത്വത്തിലും അധിഷ്ഠിതമായിരുന്നു. അയാളുടെ സാഹചര്യം മോശമല്ലായിരുന്നെങ്കില്‍ എനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമായിരുന്നു. ഇതുപോലെയുള്ള പ്രണയമായിരുന്നു ഷാഹുല്‍ക്കയോടും. മാനിക്ക 24 വയസ്സുമുതല്‍ 28 വരെയും ഷാഹുല്‍ക്ക 31 വയസ്സിനും 35 വയസ്സിനും ഇടയില്‍ എനിക്കു കിട്ടിയ കാമുകന്മാരാണ്. മാനിക്കയെ വെല്ലാന്‍ ഇന്നുവരെ ഒരു കാമുകനും എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല. കുഞ്ഞിക്ക ഭയങ്കരമായി പ്രണയമുണ്ടെന്ന് അഭിനയിക്കുകയാണ് എന്ന് എനിക്കറിയാം. നളിനിയുടെ പൈസ അടിച്ചുമാറ്റാനാണ് കുഞ്ഞിക്കയുടെ ആ സൂത്രം. പക്ഷേ, ഉള്ളില്‍ എവിടെയോ ഒരു സ്‌നേഹം ഇല്ലാതിരുന്നില്ല. നല്ല ഭക്ഷണം വാങ്ങിത്തരുന്ന ഒരാളാണ് കുഞ്ഞിക്ക. അയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ടായിരുന്നു. വീട്ടില്‍ മീന്‍ പൊരിച്ചാല്‍ രണ്ടു കഷണം പൊതിഞ്ഞുകൊണ്ടുവരിക പതിവാണ്. അയാള്‍ക്ക് കള്ളുകുടിക്കാനും സിഗരറ്റ് വലിക്കാനുമുള്ള ഒരു സങ്കേതമായിരുന്നു ഞങ്ങളുടെ കൂട്ടുകെട്ട്. ഇത്തിരിയുമ്മയുടെ കമ്പനിവീട്ടിലാണ് അന്ന് സെക്‌സ് വര്‍ക്ക് ചെയ്തുകൊണ്ടിരുന്നത്. ആ വീടിന്റെ വടക്കിനിയില്‍ ആണ് കിടന്നിരുന്നത്. തെക്കിനിയില്‍ ഇത്തിരിയുമ്മയും. ഞാന്‍ എണീറ്റുവരുമ്പോഴേക്കും രണ്ട് സിഗരറ്റ് അവിടെ വെച്ചിട്ടുണ്ടാവും. സെക്‌സിനു മുമ്പും അതിനുശേഷവും സിഗററ്റ് വലിക്കുമായിരുന്നു. രണ്ടു കുപ്പി മദ്യം കഴിക്കും. സത്യം പറഞ്ഞാല്‍ അന്നത്തെ സെക്‌സ് വളരെ എളുപ്പമായിരുന്നു. അരയ്ക്കുമുകളിലേക്ക് ഒന്നു തൊടുകപോലും ചെയ്യില്ല. ശരിക്കും പറഞ്ഞാല്‍ നല്ലൊരുമ്മ പോലും എനിക്കു കിട്ടിയിരുന്നില്ല. അന്നത്തെപ്പോലത്തെ സെക്‌സ് ആയിരുന്നെങ്കില്‍ ഈ മേഖലയില്‍ ഇന്നും ഞാന്‍ നിന്നേനെ. മറ്റുള്ളവര്‍ വെല്ലുവിളിച്ചതുകൊണ്ടു മാത്രമാണ് മാനിക്കയുമായി ഒരു സെക്‌സ് ഉണ്ടാകുന്നത്. ചില പ്രണയങ്ങള്‍ ഏകപക്ഷീയമാണ്. ഇന്നത്തെ കാലഘട്ടത്തിലാണ് പ്രണയത്തിനു സ്വാര്‍ത്ഥത ഏറുന്നത്. പ്രണയിച്ചാല്‍ എന്റേത് എന്നൊരു സങ്കല്പമൊന്നും അന്നില്ലായിരുന്നു. മൂന്നരക്കൊല്ലം തുടര്‍ച്ചയായി എന്നോടൊപ്പം ഉണ്ടായിട്ടും മാനിക്കയ്ക്ക് എന്നോട് ഒരാസക്തി തോന്നിയിട്ടില്ല. അയാള്‍ എന്റെ തോളത്ത് കൈവെച്ച് റോഡില്‍ക്കൂടെ നടക്കുമെന്നുമാത്രം. എന്റെ കൈയില്‍ ഒന്ന് മുറുക്കിപ്പിടിക്കുക പോലും ചെയ്യില്ല. എന്നാലും മാനിക്ക ഇത്തിരിയുമ്മയുടെ ഗെയ്റ്റ് കടന്നുവരുമ്പോള്‍ എനിക്കുണ്ടായിരുന്ന ഒരു സന്തോഷമുണ്ടല്ലോ. അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
മാനിക്കയുടേത് ശരീരത്തിന്റെ അതീതമായ പ്രണയമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. മൂന്നോ നാലോ വര്‍ഷം കൂടെ ഉണ്ടായിട്ടുപോലും അതിനാലാവാം അയാള്‍ എന്നോട് സെക്‌സ് ആവശ്യപ്പെടാതിരുന്നത്. ഒരിക്കല്‍ സിദ്ധിഖ് പറഞ്ഞു, മാനിക്കയും നളിനിച്ചേച്ചിയും തമ്മില്‍ ഒരു ബന്ധവും ഇല്ലെങ്കില്‍ ഞങ്ങള്‍ ഈ കൂട്ടുകെട്ടില്‍ ഉണ്ടാവില്ല.
ആ കൂട്ടുകെട്ട് നിലനിര്‍ത്താന്‍, അവനെ ബോധ്യപ്പെടുത്താന്‍ മാത്രം എന്റടുത്തു വന്ന ആളാണ് മാനിക്ക. ഈ മൂന്നര വര്‍ഷത്തിനിടയ്ക്ക് എല്ലാ രാത്രികളും ഞങ്ങള്‍ സ്വതന്ത്രരായിരുന്നു. കമ്പനിവീടുകളിലേക്കു ക്ലൈന്റിനെ കൊണ്ടുത്തരുന്നതോടൊപ്പം അവര്‍ എന്റെ സൗഹൃദം കൂടുതല്‍ ആസ്വദിച്ചിരുന്നു. ഇസ്മായിലിന് അന്നു പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവന്‍ എപ്പോള്‍ വന്നാലും എനിക്കെതിരായി മാത്രമേ ഇരിക്കൂ. എന്റെ രൂപഭാവങ്ങള്‍, ചിരി എന്നിവ നോക്കി ഇരിക്കലാണ് അവന്റെ പതിവ്. ഇടയ്ക്ക് ഞാന്‍ അവനോട് കുറച്ചു മദ്യം കഴിക്കാനൊക്കെ ആവശ്യപ്പെടും. കള്ളു കുടിക്കുന്നതും കുടിപ്പിക്കുന്നതും സാമൂഹികപ്രശ്‌നമാണെന്നുള്ള ധാരണയില്ലാത്ത ഒരു കാലത്താണ് അന്നു ഞാന്‍ നിന്നത്.
”വേണ്ട ചേച്ചി, അതൊക്കെ ഞങ്ങള്‍ക്കു ഹറാമാണ്” എന്നായിരിക്കും അവന്റെ മറുപടി.
അന്നെനിക്ക് ഇരുപത്താറ് വയസ്സാണ്. സിദ്ധിഖിന് അന്ന് ഇരുപത് വയസ്സുണ്ട്. സിദ്ധിഖ് എന്റെ സ്ഥിരം ക്ലൈന്റായിരുന്നു. ഒരുപക്ഷേ, ഞാന്‍ ഏറ്റവും ആസ്വദിച്ച സെക്‌സും അവനോടൊപ്പം ആയിരുന്നു. നാട്ടില്‍ ഇലക്ട്രിക്കല്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. നാട്ടില്‍ പുതുതായി കറന്റ് എടുക്കുന്നവരുടെ എണ്ണം കൂടുതലായതുകൊണ്ട് അവന് അത്യാവശ്യം വരുമാനമുണ്ടായിരുന്നു. പക്ഷേ, ഇങ്ങനെ ഉണ്ടാകുന്ന പണം ഞങ്ങള്‍ക്ക് മദ്യം, സിഗരറ്റ്, സിനിമ എന്നിവയ്ക്കായി ചെലവഴിക്കുമായിരുന്നു. സിഗരറ്റുവലിയില്‍ മറ്റുള്ള മൂന്നുപേരെയും ഞാന്‍ കവച്ചുവെക്കുമായിരുന്നു. സിഗരറ്റുവലി എനിക്ക് ഒരു ഹരമായിരുന്നു. കഞ്ചാവ് ഞാന്‍ ഒന്നു രണ്ടു പ്രാവശ്യം ഉപയോഗിച്ചുനോക്കിയിരുന്നു. അത് എന്നെ വല്ലാത്തൊരു ലോകത്തേക്ക് കൊണ്ടുപോയിരുന്നു. ഇത്തിരിയുമ്മയുടെ കമ്പനിവീട്ടിലെ രാമന്‍നായര് കഞ്ചാവ് വലിക്കുമായിരുന്നു. അയാളോട് കഞ്ചാവ് വാങ്ങി വലിക്കുമായിരുന്നു. സ്വയം കഞ്ചാവ് വലിക്കണമെന്നു തോന്നുമ്പോള്‍ കുഞ്ഞുകുട്ടന്‍ എന്നയാളോട് വാങ്ങി വലിക്കുമായിരുന്നു. കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റില്ല എന്നു പറഞ്ഞ് എന്നെ പലരും പേടിപ്പിച്ചു. അതുകൊണ്ട് ഞാന്‍ കഞ്ചാവുവലി പെട്ടെന്നു നിര്‍ത്തി. പക്ഷേ, പ്രണയത്തിന്റെ ലഹരി നല്‍കാന്‍ ഇവയൊന്നും മതിയായിരുന്നില്ല.
ഞാനും മാനിക്കയുമുള്‍പ്പെടെ സുഹൃത്തുക്കള്‍ നാല് പേര് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുമ്പോള്‍ മാനിക്ക എനിക്ക് ഒരു സിഗരറ്റ് കത്തിച്ചുതരുന്ന സ്വഭാവം ഉണ്ടായിരുന്നു. മറ്റുള്ളവരോടൊപ്പം അന്ന് ഞാന്‍ പൊതുസ്ഥലങ്ങളില്‍ ഇരുന്ന് പുകവലിക്കാറില്ല. അങ്ങനെ അവര്‍ സിഗരറ്റ് വലിക്കുമ്പോഴാണ് റീഗല്‍ ഹോട്ടലിലെ സപ്ലയര്‍ കൃഷ്ണന്‍
കുട്ടിക്ക് എന്നോടു പ്രണയം തോന്നിയത്. ആ സമയത്ത് മാനിക്ക ഒരു സിഗരറ്റ് കത്തിച്ച് എനിക്കു തന്നു. ഞാന്‍ വലിക്കുന്നതുപോലെ കാണിച്ചപ്പോള്‍ അയാള്‍ മാറിനിന്ന് അത്ഭുതത്തോടുകൂടി എന്നെ നോക്കുന്നുണ്ടായിരുന്നു. അപ്പോള്‍ എന്റെകൂടെ ഉള്ളവര്‍ എന്നോട് ചോദിച്ചു,
”ആ ചെറുക്കനെ നീ വടിയാക്കിയില്ലേ? അവന്‍ പണിയെടുത്തു ജീവിച്ചോട്ടെ, വെറുതേ വിട്ടേക്ക്.”
”ഒന്ന് ചുമ്മാ ഇരിക്ക് മാനിക്കാ” എന്നു പറഞ്ഞ് ഞാന്‍ ശൃംഗാരം കലര്‍ത്തി പെരുമാറും.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഞാന്‍ അയാളോട് ചോദിച്ചു, ”എവിടെയാ സ്ഥലം?”
”നരിക്കുനി.” അവന്‍ മറുപടി പറഞ്ഞു.
”കുറെ നേരമായല്ലോ ചുറ്റിപ്പറ്റി നടക്കുന്നത്. എന്താ ഉദ്ദേശ്യം?” എന്നായി ഞാന്‍.
”നിനക്കു ചുറ്റും കുറെ വാല്‍നക്ഷത്രമുണ്ടല്ലോ?” എന്ന് അവന്‍ വീണ്ടും ഉത്തരം പറഞ്ഞു.
അപ്പോള്‍ ഞാന്‍ പറഞ്ഞു, ”അതെ അതൊക്കെ കാശുള്ളവര്‍ക്ക് ആസ്വദിക്കാനുള്ളതാണ്. നിങ്ങളെപ്പോലുള്ളവര്‍ക്ക് അല്ല.” ”അപ്പോ നീ കാശ് തന്നാലേ വരുള്ളൂ.” അവന്‍ വീണ്ടും ചോദിച്ചു.
”പിന്നല്ലാതെ വേറേ ആണ്‍പിള്ളേരൊക്കെ ക്യൂ നില്‍ക്കുകയാണ്.”
”ഞാന്‍ വേറൊരു ദിവസം വിളിക്കാം. നീ വരുമോ” എന്നവന്‍ ചോദിച്ചു.
”വരാം.” എന്റെ മറുപടിയില്‍ അവന്റെ മുഖം വികസിച്ചു.
”എനിക്ക് എന്തിഷ്ടമാണെന്നോ നിന്നെ…” അവന് ആസക്തിയല്ല, ഇഷ്ടംതന്നെയാണെന്നു തിരിച്ചറിഞ്ഞ വാക്കുകള്‍.
”കാശ് കൊടുത്തു പോകുന്നതില്‍ ഇഷ്ടത്തിനൊക്കെ പ്രാധാന്യമുണ്ടോ” എന്നു ഞാന്‍ തിരിച്ച് ചോദിച്ചു. ”കാശ് കൊടുത്താല്‍ ആളെ കിട്ടാനുണ്ടോ ഇന്ന്?” അവന്‍ ചോദിച്ചു.
ഇഷ്ടമുള്ളവര്‍ സ്വര്‍ണ്ണമാല വേണം, മോതിരം വേണം, വള വേണം എന്നൊക്കെ ചോദിക്കും. അല്ലാതെ ഉള്ളവര്‍ കാശ് മാത്രമേ ചോദിക്കൂ എന്ന് ഞാന്‍ പറഞ്ഞു.
”മിസ്‌യൂസ് ചെയ്യില്ല. അപ്പോള്‍ നമുക്കു കാണാം ട്ടോ” എന്ന് പറഞ്ഞപ്പോള്‍ അവിടെ അത് പ്രണയമാണെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. പിന്നീട് കൃഷ്ണന്‍കുട്ടിയെയുംകൊണ്ട് അയാളുടെ വീടിന്റെ പരിസരത്ത് പോയിട്ടുണ്ട്. കോഴിക്കോട് നരിക്കുനി. നരിക്കുനിയൊക്കെ ഒരുകാലത്ത് എന്റെ താവളമായിരുന്നു.
പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക