കേരള വികസനം മാതൃഭാഷയിലൂടെ എന്ന മുദ്രാവാക്യവുമായി ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതൃഭാഷ അവകാശ ജാഥയ്ക്ക് തുടക്കമായി. കോടതി ഭാഷ മലയാളത്തിലാക്കുക, ഒന്നാംഭാഷ ഉത്തരവ് നടപ്പാക്കുക, പി എസ് സി പ്രവേശന പരീക്ഷ മലയാളത്തില്‍കൂടിയാക്കുക, പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക, ന്യൂനപക്ഷ ഗോത്രഭാഷാവകാശം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഒക്ടോബര്‍ 22 ന് കാസര്‍കോട് നിന്നാണ് മാതൃഭാഷ അവകാശ ജാഥ ആരംഭിച്ചത്. ഫലവൃക്ഷത്തൈ കൈമാറി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. മലയാളം ഐക്യവേദി പ്രസിഡന്റ് ഡോ. വി.പി. മാര്‍ക്കോസ് നയിക്കുന്ന ജാഥ 31ന് തിരുവനന്തപുരത്ത് സമാപിക്കും.
മാതൃഭാഷ അവകാശ ജാഥയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചുകൊണ്ട് അധ്യാപകനായ ഉമ്മര്‍ ടി കെ എഴുതുന്നു.
“ഒരു ജാഥകൊണ്ടെന്തു കാര്യം എന്നു ചോദിക്കുന്നവരുണ്ട്. മാതൃഭാഷാസ്‌നേഹം മൗലികവാദപരമല്ലേ എന്നു സംശയിക്കുന്നവരുണ്ട്. മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തതിന്റെ പേരില്‍ ബോധപൂര്‍വം വിദ്വേഷം വമിപ്പിക്കുന്നവരുണ്ട്. മലയാളത്തില്‍ ബോധനം സാധ്യമാവുമോ, മെഡിസിനൊക്കെ മലയാളത്തില്‍ പഠിപ്പിക്കാനാവുമോ എന്നു പരിഹസിക്കുന്നവരുണ്ട്.
ഭാഷയെ ഒരു ഉപകരണം മാത്രമായി കാണുകയും ഭാഷയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സംസ്‌കാരത്തെക്കുറിച്ച് തീര്‍ത്തും അജ്ഞരായവരുമാണ് ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത്. ഇരുപത്തഞ്ചുകൊല്ലം മുമ്പ് സോവിയറ്റ് യൂണിയനില്‍ നിന്നും ചിതറിപ്പോയ രാജ്യങ്ങള്‍ ആദ്യം ചെയ്തത് റഷ്യന്‍ ഭാഷയില്‍ നിന്നും മോചനം നേടി അവരവരുടെ മാതൃഭാഷയെ ബോധനമാധ്യമമാക്കുകയായിരുന്നു. ഒന്നാം ക്ലാസ്സു മുതല്‍ മെഡിസിന്‍ വരെയുള്ള പാഠപുസ്തകങ്ങള്‍ സ്വന്തം ഭാഷയില്‍ അവര്‍തയ്യാറാക്കി. ലക്ഷങ്ങള്‍ മാത്രം ജനസംഖ്യയുള്ള രാജ്യങ്ങള്‍. അപ്പോഴും മൂന്നരക്കോടി ആളുകള്‍ സംസാരിക്കുന്ന മലയാളത്തിന് കൊളോണിയല്‍ അപകര്‍ഷത. നമ്മള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും മലയാളികള്‍ ഉണ്ടാക്കുന്ന തമാശക്കഥകളെല്ലാം നാം നമ്മെത്തന്നെ വിഢ്ഢിയാക്കുന്ന തരത്തിലുള്ളതാവും. ആത്മ നിന്ദയും അപകര്‍ഷതയും നമ്മുടെ രക്തത്തിലുണ്ട്. ജാതീയമായ ശ്രേണീബന്ധം ശക്തമായ നമ്മുടെ സമൂഹത്തില്‍ നമ്പൂതിരിക്കും മേലെയാണ് വെള്ളക്കാരന്‍. എസ് ഹരീഷിന്റെ കഥയില്‍ ഈഴവന്‍ നായരാകാന്‍ നോക്കും പോലുള്ള മനോഭാവം ഇംഗ്ലീഷിനോടുള്ള നമ്മുടെ വിധേയത്വത്തിനു പിന്നിലുണ്ട്. കോവളത്ത് മണി മണി പോലെ ഇംഗ്ലീഷ് പറയുന്ന നാടന്‍ പയ്യന്മാരെ കാണുമ്പോള്‍ എനിക്കും അപകര്‍ഷത തോന്നാറുണ്ട്.
ഇന്നത്തെക്കാലത്ത് ഇംഗ്ലീഷ് നന്നായി പഠിക്കേണ്ടതല്ലേ എന്ന ചോദ്യമുണ്ട്. ശരിയാണ്, ഇംഗ്ലീഷ് നന്നായി പഠിക്കണം.തര്‍ക്കമില്ല, പക്ഷേ അത് മറ്റൊരു വിഷയത്തിന്റെ ചെലവിലല്ല വേണ്ടത്. ചെറിയൊരുദാഹരണം പറയാം, ഹിന്ദി ഹമാരാ രാഷ്ട്രഭാഷയായതു കൊണ്ട് മോഡി ഒരു തീരുമാനമെടുക്കുന്നു എന്നിരിക്കട്ടെ. ഹിന്ദിയില്‍ പ്രാവീണ്യം നേടാന്‍ ഒരു വിഷയം ഉദാഹരണത്തിന് സോഷ്യല്‍ സയന്‍സ് സ്‌കൂളില്‍ ഹിന്ദിയില്‍ പഠിപ്പിക്കണം. എന്താവും നമ്മുടെ പ്രതികരണം? അതെങ്ങനെ ശരിയാവും എന്ന് അല്ലേ? കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവില്ല അല്ലേ? ഇതല്ലേ സുഹൃത്തേ ഇംഗ്ലീഷിന്റെ കാര്യത്തിലുമുള്ളൂ. അപ്പോള്‍ ഇംഗ്ലീഷിനോടുള്ള വിധേയത്വത്തിനു പിന്നില്‍ നമ്മുടെ യുക്തിബോധം പോലും പ്രവര്‍ത്തിക്കുന്നില്ല ? അപ്പോള്‍ എവിടെയാണു പ്രശ്‌നം? വര്‍ഷത്തില്‍ എത്രയോ മണിക്കൂര്‍ ഇംഗ്ലീഷ് ഭാഷ പഠിക്കാനായുണ്ട്. എന്നിട്ടും ഒരു കുട്ടിക്കത് സ്വായത്തമാക്കാനാവുന്നില്ലെങ്കില്‍ ഇംഗ്ലീഷ് പഠനത്തെയാണ് പഴിക്കേണ്ടത്, മാതൃഭാഷയെയല്ല. ഇംഗ്ലീഷ് അറിയുന്ന ഇംഗ്ലീഷ് അധ്യാപകര്‍ മാതൃഭാഷ അവകാശജാഥയെപിന്തുണയക്കുന്നത് ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ടാണ്. ഇംഗ്ലീഷ് ഒരു കുട്ടി പഠിക്കേണ്ടത് ഒരു ഭാഷയായിത്തന്നെയാണ്. അല്ലാതെ മറ്റൊരു വിഷയത്തിന്റെ ചെലവിലാകുമ്പോള്‍ കുട്ടി ഇംഗ്ലീഷും വെറുക്കും പഠിക്കുന്ന വിഷയവും വെറുക്കും. അതാണിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇനി മറ്റൊരു ഭാഷയില്‍ പഠിക്കുന്ന കുട്ടി ഒരു ശരാശരിക്കപ്പുറം ഉയരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എനിക്ക് അനുഭവങ്ങളുണ്ട്. മുമ്പ് ഞാന്‍ ഹൈസ്‌കൂളില്‍ പഠിപ്പിച്ചിരുന്ന കുറച്ചു കുട്ടികള്‍ സ്ഥിരമായി പ്ലസ് ടുവിന് തൊട്ടടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ ചേരാറുണ്ട്. ആദ്യത്തെ രണ്ടുമാസം അവര്‍ വലിയ സമ്മര്‍ദ്ദത്തിലാവും. ഭാഷയോടു പൊരുത്തപ്പെടാനാവാതെ, അവിടുന്നു മാറുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കും. പക്ഷേ രസകരമായ കാര്യം മൂന്നാലു മാസം കഴിയുമ്പോളേക്കും അവിടെ ഒന്നു മുതല്‍ പഠിച്ചു വന്നവരേക്കാള്‍ നന്നായി അവര്‍ ഇംഗ്ലീഷില്‍ പ്രാവീണ്യം നേടും. എന്തു കൊണ്ടാണിത്? മാതൃഭാഷയില്‍ ആഴത്തിലുള്ള വിനിമയം സാധ്യമായ ഒരാള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടായാല്‍ മറ്റേതൊരു ഭാഷയും അനായാസം വഴങ്ങും എന്നാണിതു കാണിക്കുന്നത്.
നാം ഒരു തെങ്ങിനെക്കുറിച്ച് മലയാളത്തില്‍ പഠിക്കുന്നു എന്നു വിചാരിക്കുക. അതുമായി ബന്ധപ്പെട്ട എത്ര പദങ്ങള്‍ നമുക്കറിയാം? തേങ്ങ, ഓല, മടല്‍, ചകിരി, ഈര്‍ക്കില്‍, ഇളനീര്‍, കരിക്ക്, വെളിച്ചിങ്ങ, കൊതുമ്പ്, കൊലച്ചില്‍, കുരുത്തോല, മട്ടല്‍, ചിരട്ട, പൊങ്ങ് അങ്ങിനെയെത്രയെത്ര പദങ്ങള്‍… ഇംഗ്ലീഷിലാണെങ്കിലോ? എത്ര കൃത്രിമമായിരിക്കും അതെന്ന് ആലോചിച്ചു നോക്ക്. മാതൃഭാഷയില്‍ പ്രാവിണ്യമില്ലാതെ നിങ്ങള്‍ക്കൊരു നല്ല ഇംഗ്ലീഷ് അധ്യാപകനാവാന്‍ കഴിയില്ല. ഭാഷ വെറുമൊരു ഉപകരണം മാത്രമാണെങ്കില്‍ ഇവിടുത്തെ ഇംഗ്ലീഷധ്യാപകരെക്കാള്‍ ഒക്കെ മുകളില്‍ കോവളത്തെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന കുട്ടികളാണെന്നു പറയേണ്ടി വരും.
ജാതീയമായ ഈ ശ്രേണീബന്ധം ഭാഷയിലും നിലനില്‍ക്കുന്നുണ്ട്. മാധവനും ഇന്ദുലേഖയും മാനിക്കപ്പെടുന്നത് ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ പേരില്‍ കൂടിയാണ്. ചെറുശ്ശേരിക്ക് ആര്യഭാഷയായ സംസ്‌കൃതമറിയാം. സൂരി നമ്പൂതിരി മോശക്കാരനാവുന്നതിന് ഈ രണ്ടു ഭാഷകളിലും പ്രാവീണ്യമില്ലാത്തതും ഒരു കാരണമാണ്. ഭാഷയുടെയും ഒരു വര്‍ണ്ണവ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു എന്നാണ് പറഞ്ഞു വന്നത്.
ആയുര്‍വേദത്തിന്റെ ഭാഷ സംസ്‌കൃതമല്ലാത്തതു പോലെ ഹോമിയോപ്പതിയുടെ ഭാഷ ജര്‍മ്മനല്ലാത്തതു പോലെ ആധുനിക മെഡിസിന്റെ ഭാഷ ഇംഗ്ലീഷുമല്ല. ബഞ്ചിനെന്താ മലയാളം എന്നു ചോദിക്കുന്ന പൊട്ടന്മാര്‍ തന്നെയാണ് പാരസെറ്റാമോളിന്റെ മലയാളമെന്താന്നു ചോദിക്കുന്നത്. പദങ്ങളല്ല വാക്യഘടനയാണ് ഭാഷയുടെ അടിസ്ഥാന ഘടകം എന്നവര്‍ക്കറിയില്ല. പത്തു വാക്കുള്ള ഒരു വാക്യത്തില്‍ ഏഴു വാക്കുകള്‍ ഇംഗ്ലീഷും മൂന്നു വാക്കുകള്‍ മലയാളവുമാണെന്നിരിക്കട്ടെ. അതിന്റെ വാക്യഘടന മലയാളത്തിന്റേതാണെങ്കില്‍ അത് മലയാളവാക്യമാണ്. കടമെടുക്കുക ഭാഷകളുടെ സ്വഭാവമാണ്. ലാറ്റിന്‍ പോലുള്ള അന്യ ഭാഷകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പദങ്ങള്‍ കടമെടുത്ത ഭാഷ ഇംഗ്ലീഷാണെന്നോര്‍ക്കുക.
നമുക്ക് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഐ എ എസ് പരീക്ഷയ്ക്ക് മലയാളം ഓപ്ഷനായി എടുക്കാം. പക്ഷേ എല്‍ ഡി സി പരീക്ഷ ഇംഗ്ലീഷിലേ എഴുതാനാവൂ. രഞ്ജിത്തിന്റെ ഞാന്‍ എന്ന സിനിമയില്‍ ഒരു സംഭാഷണമുണ്ട്, ഇംഗ്ലീഷ് അറിയാത്തവന്‍ ഡല്‍ഹിയില്‍ എംപിയായി പോകുന്നതിനെ പരിഹസിച്ചു കൊണ്ട്. ഇന്നസെന്റ് മലയാളത്തില്‍ പ്രസംഗിച്ചപ്പോള്‍ പണ്ട് ലോനപ്പന്‍ നമ്പാടന്‍ പ്രസംഗിച്ചപ്പോള്‍ അത് തല്‍സമയം മറ്റു ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്യാന്‍ അവിടെ ഉദ്യോസ്ഥരുണ്ടെന്ന മിനിമം ധാരണ പോലുമില്ലാത്ത കൊളോണിയല്‍ മനസ്സാണ് ഇത്തരം സിനിമക്കാരെ പോലും ഭരിക്കുന്നത്. അയാളുടെ കാഴ്ചപ്പാടില്‍ വി എസ് അച്യുതാനന്ദന്‍ ഒരിക്കലലും എം പി യാകാന്‍ യോഗ്യടയില്ലാത്തയാളാണ്. പി കെ ശ്രീമതിയുടെ ഇംഗ്ലീഷ് അപഹസിക്കപ്പെട്ടത് ഓര്‍ക്കുക. നമ്മളെല്ലാവരും ഇതിനെക്കള്‍ തട്ടിയും മുട്ടിയും തമിഴ് സംസാരിക്കുന്നവരാണ്. അത് പരിഹസിക്കപ്പെടില്ല. കാരണം അണ്ണാച്ചിയുടെ തമിഴ് നമ്മെക്കാള്‍ താഴെയാണെന്ന ബോധം തന്നെ കാരണം. ഇംഗ്ലീഷ് വ്യാകരണം തെറ്റിക്കാതെ പറയേണ്ട വരേണ്യഭാഷയാണെന്ന ബോധമാണ് നമ്മെ ഭരിക്കുന്നത്. ഇംഗ്ലീഷ് പഠനത്തില്‍ ഏറ്റവും പ്രതിബന്ധമായി നില്‍ക്കുന്നതും ഈ മനോഭാവമാണ്. ഈ അപകര്‍ഷതയില്‍ നിന്നു മോചനം നേടാത്തിടത്തോളം കാലം ഒരു ശരാശരിക്കപ്പുറം ഉയരാന്‍ മലയാളിക്കാവുകയില്ല എന്നതാണു സത്യം.”
The post മാതൃഭാഷ അവകാശ ജാഥയ്ക്ക് തുടക്കമായി appeared first on DC Books.