സ്വാമി രാമയുടെ ജീവിതം മുഴുവനും വിശ്വാസത്തില്‍ അധിഷ്ഠിതമായ സാഹസികതയായിരുന്നു. യോഗവിദ്യയുടെ ജ്ഞാനം പാശ്ചാത്യര്‍ക്കു പകര്‍ന്നുകൊടുക്കുവുനായി അദ്ദേഹത്തിന്റെ ഗുരുവായ ബംഗാളി ബാബ നിര്‍ദ്ദേശിച്ചതുപ്രകാരം യാത്ര തിരിയ്ക്കുമ്പോള്‍ സ്വാമി രാമയുടെ കൈയില്‍ വെറും ആറു ഡോളര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അലയുന്ന സന്യാസിയായി ഹിമാലയന്‍ താഴ്‌വരകളിലും നര്‍മ്മദയുടെ തീരങ്ങളിലുമൊക്കെ നടന്ന അദ്ദേഹം വിശ്വാസത്തിനപ്പുറമുള്ള സത്യത്തിന് വേണ്ടിയാണ് അന്വേഷണം തുടര്‍ന്നത്.
പരിക്ഷീണമായ ജീവിതാനുഭവങ്ങള്‍ നേരിടുമ്പോഴും നിര്‍ഭയത്വത്തിലെത്തിച്ചേരാനുള്ള വഴിയാണ് ഈ പുസ്തകം. അടുക്കും ചിട്ടയുമുള്ള ഒരു പരിശീലന പരിപാടിയിലൂടെ മനോനിയന്ത്രണം സാധ്യമാക്കാം. ബന്ധങ്ങളില്‍ സഹജഭാവത്തെ കൊണ്ടുവരാന്‍ സാധിച്ചാല്‍ ആത്മസാക്ഷാത്കാരം ലഭിക്കും. അറിയലല്ല, ആയിത്തീരലാണ് ജ്ഞാനം എന്ന അനുഭവമാണ് സ്വാമി രാമയുടെ നിര്‍ഭയജീവിതം. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന നിര്‍ഭയജീവിതം പി. വിശ്വനാഥാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ രണ്ടാമത്തെ പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
പുസ്തകങ്ങള്‍ വാങ്ങാന്‍ സന്ദര്‍ശിക്കുക
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക
സ്വാമി രാമയുടെ മുന്‍ പുസ്തകങ്ങളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് ഈ ഗ്രന്ഥത്തിലെ കഥകള്‍. അഹംഭാവിയായിരുന്ന തന്നെ മഹാസിദ്ധന്മാര്‍ എങ്ങനെയാണ് ഉത്കൃഷ്ടമായ അറിവിലെത്തിച്ചത് എന്ന് ‘വിനയം, ആനന്ദം, ജ്ഞാനം’ എന്ന അദ്ധ്യായത്തില്‍ വിശദീകരിക്കുന്നു. ‘വിശ്വാസവും നിര്‍ഭയത്വവും’ എന്ന തലക്കെട്ടില്‍ തന്റെ വിവിധ ഭയങ്ങളെ ഇല്ലായ്മ ചെയ്ത് തന്നെ ലോകഗുരുവായ സ്വാമി രാമയായി പരിവര്‍ത്തനം ചെയ്ത ഗുരുക്കന്മാരെയാണ് സ്മരിക്കുന്നത്. അടുത്ത നാല് അദ്ധ്യായങ്ങളിലായി ആത്മാവിനെ അറിയുന്നതിനെപ്പറ്റിയും ഉന്നതശക്തിയുടെ പ്രവര്‍ത്തനങ്ങളും രോഗവിമോചനവും രക്ഷയും അതീതശക്തിയില്‍ സ്വയം സമര്‍പ്പിക്കുന്നവര്‍ക്ക് ബോധോദയം ലഭിക്കുന്നതും വിവരിക്കുന്നു.
അവസാനത്തെ അദ്ധ്യായത്തില്‍ സ്വാമി രാമ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത് നിര്‍ത്തുകയും ഉപദേശങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. നമ്മെ രസിപ്പിക്കുക എന്നതു മാത്രമല്ല ഈ കഥകളുടെ ലക്ഷ്യം പകരം, ആത്മീയജീവിതം സ്വീകരിച്ച് ധ്യാനയോഗം പരിശീലിച്ച് ആത്മാവിന്റെ പ്രപഞ്ചത്തില്‍ പ്രവേശിപ്പിക്കുക എന്നതും കൂടിയാണ്. ഈ യാത്ര പൂര്‍ണ്ണമായി കഴിയുമ്പോള്‍ വിശ്വാസത്തിന്റെ പ്രശ്‌നം കൊഴിഞ്ഞു പോവുകയും ആത്മസാക്ഷാത്കാരത്തിന്റെ വെളിച്ചം കാണപ്പെടുകയും ചെയ്യും.