പെരുമാള്‍ മുരുകന്റെ ശ്രദ്ധേയമായ നോവലാണ് കൂലമാതാരി. മലയാളത്തില്‍ ഈ കൃതി കീഴാളന്‍ എന്ന പേരിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അര്‍ദ്ധനാരീശ്വരനീലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാള്‍ മുരുകന്‍ ‘കീഴാളന്‍‘എന്ന നോവലില്‍ ഗൗണ്ടര്‍മാരുടെ കൃഷിയിടങ്ങളില്‍ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ ദരിദ്രമായ ജീവിതം ആവിഷ്‌കരിക്കുകയാണ്. ഗൗണ്ടര്‍മാരുടെ ആട്ടും തുപ്പും തൊഴിയുമേറ്റ് അതെല്ലാം തങ്ങള്‍ക്കു വിധിച്ചിട്ടുള്ളതാണെന്നു വിശ്വസിച്ച് കഴിയുന്ന കീഴാള ജീവിതത്തിന്റെ ദൈന്യം മുഴുവന്‍ ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. പുസ്തകത്തിന്റെ 7-ാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
ഇന്നും സമൂഹത്തില്‍ തെളി\ഞ്ഞും മറഞ്ഞും നിലനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ മുതലാളിത്ത വര്‍ഗ്ഗത്തിന് കീഴ്‌പ്പെട്ട് ജീവിക്കുന്നവരുടെ സമൂഹത്തിന്റെ വേദനകളെ ‘കീഴാളന്‍‘എന്ന നോവലിലൂടെ ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടുകയാണ് പെരുമാള്‍ മുരുകന്‍. കൂലയ്യനും കൂട്ടുകാരും ഈ വേദനകളുടെ രൂപങ്ങളാണ്. ക്ലാസ്സ് മുറികളില്‍ സാമൂഹിക പാഠപുസ്തകങ്ങളില്‍ നമ്മള്‍ പഠിക്കുന്ന തൊട്ടുകൂടായ്മയും ജാതി വിലക്കുകളും തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ യാഥാര്‍ത്ഥ്യങ്ങളായി മാറുകയാണ്. ഗൗണ്ടറുടെ കീഴില്‍ പണിയുന്ന കൂലയ്യന്റെയും കൂട്ടുകാരുടേയും കാഴ്ച്ചപ്പാടിലൂടെയാണ് വികസിക്കുന്നത്. അവര്‍ കുട്ടികളാണ്, എങ്കിലും അവര്‍ക്ക് അവരുടെ മുന്‍ഗാമികളുടെ പാത പിന്തുടരേണ്ടിയിരിക്കുന്നു. പാടങ്ങളിലൂടെ ഓടി, മരങ്ങളില്‍ കയറി, മീനുകള്‍ പിടിച്ച് തിമിര്‍ക്കുന്ന ഒരു കുട്ടിക്കാലം നോവലില്‍ വരച്ചിടുമ്പോള്‍ ആ വരികള്‍ക്കിടയില്‍ കീഴാളന്‍ എന്ന ചങ്ങലപ്പൂട്ടില്‍ പരിമിതപ്പെടുന്നതിന്റെ, അടിച്ചമര്‍ത്തപ്പെടുന്നതിന്റെ അരക്ഷിതാവസ്ഥയും വായിച്ചെടുക്കാനാവും. അവരുടെ അവസ്ഥ പൂഴിമണലിന് തുല്യമാണ്. യാതൊരുവിധ എതിര്‍പ്പുകളും ഉണ്ടാക്കാത്തിടത്തോളം കാലം നിങ്ങള്‍ സുരക്ഷിതരാണ്. എന്നാല്‍ അസ്വസ്ഥരാകുന്ന നിമിഷം പ്രശ്‌നങ്ങളില്‍നിന്നും പ്രശ്‌നങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങിപ്പോകും. പട്ടിണി കിടക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൗണ്ടറുടെ വീട്ടുകാരി നല്‍കുന്ന ഭക്ഷണം ദൈവികമാണ്. കൂലയ്യന്റെ ലോകത്തില്‍ താന്‍ കൊണ്ടു നടക്കുന്ന ആടുമാടുകള്‍ വയറു നിറയെ കഴിക്കേണ്ടതുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് പോഷകാഹാരമെന്നത് സ്വപ്‌നം മാത്രമാണ്.
പെരുമാള്‍ മുരുകന്‍ ഈ നോവലില്‍ അതിഭാവുകത്യം ഒന്നുംതന്നെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. പ്രകൃതിയുടെ മനോഹരമായ വര്‍ണ്ണനകളിലാണ് നോവല്‍ തുടങ്ങുന്നത്. എന്നാല്‍ ഈ സന്തോഷം നോവല്‍ അവസാനിക്കുമ്പോള്‍ തീര്‍ത്തും ഇല്ലാതാവുകയാണ്. ആടുമാടുകള്‍ക്കൊപ്പം ജീവിച്ചു മരിക്കുന്ന, അഥവാ അങ്ങനെ വിധിക്കപ്പെട്ടിരിക്കുന്നവരുടെ അഗാധമായ മൗനം നോവലിനെ വന്നു മൂടുകയാണ് ഒടുവില്‍.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവലിന്റെ മലയാളം പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് കബനി സിയാണ്.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
പെരുമാള്‍ മുരുകന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക