കടലിന്റെ വിശാലമായ മാറിൽ സ്വയം അലിഞ്ഞുചേരുന്ന നദി ഒരിക്കലും കടലിന്റെ പ്രണയം അവളോട് മാത്രമാണോ എന്ന് ചോദിക്കാറില്ല. സാഗരഹൃദയത്തിൽ ലയിക്കുന്ന മറ്റ് പ്രേമികമാരുടെ എണ്ണം അന്വേഷിക്കാതെ തന്നെ തന്റെ ഒരേയൊരു കാമുകനായി സമുദ്രത്തെ കരുതിയാണവൾ അവനിലേക്ക് ഓടിയണയുന്നത്. എന്നാൽ സാഗരഹൃദയത്തിൽ സ്വന്തം അസ്തിത്വം നഷ്ടപ്പെട്ട്, ഉപ്പുരസമുള്ള സാഗരജലം ഉള്ളിൽ നിറച്ച് പരിത്യക്തയായി തീരാനാണ് ഒരു നദിയുടെ വിധി. ചില സ്ത്രീകളുടെ ജീവിതവും ഇതിനു സമാനമാണ്.
2011ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവായ പ്രതിഭാ റായ്‌യുടെ പ്രശസ്തമായ ഒറിയ നോവലാണ് പുണ്യതോയ. വർഷ എന്ന മധ്യവർഗ്ഗ സ്ത്രീയുടെ ജീവിതം ആത്മകഥാരൂപത്തിൽ ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്ന നോവൽ സ്ത്രീജീവിതത്തിന്റെ താരള്യവും പ്രണയവും വിരഹവും സാഫല്യവുമെല്ലാം മനോഹരമായി വരച്ചുകാട്ടുന്നു. നൂതനസംസ്‌ക്കാരത്തിന്റെ കരവലയത്തിൽ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഒഡിയസംസ്‌കൃതിയെയും പരമ്പരാഗതമായ ആചാരങ്ങളെയും ഈ നോവലിലൂടെ ഗ്രന്ഥകർത്താവ് ഓർമ്മിപ്പിക്കുന്നു.
പുരുഷകേന്ദ്രിതമായ ലോകത്ത് ബലിയാടുകളായി തീരേണ്ടി വരുന്ന നിരാലംബകളായ അനവധി സ്ത്രീജനങ്ങളുടെ ആകെത്തുകയാണ് പുണ്യതോയ. വർഷ ഒരു ഗ്രാമീണ പെൺസ്ത്രീയുടെ ജീവിതത്തിൽ അരങ്ങേറുന്ന ദുരന്തങ്ങളാണ് പുണ്യതോയയിലൂടെ പ്രതിഭാ റായ് അവതരിപ്പിക്കുന്നത്. വിവാഹിതയായ വർഷ സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നതിനിടെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ തട്ടിക്കൊണ്ടു പോകുന്നു. എന്നാൽ കളങ്കിതയായ ഭാര്യയെ അംഗീകരിക്കാനാവില്ലെന്ന വാദമുയർത്തി ഭർത്താവായ കല്ലോൽ അവളെ പുറം തള്ളുന്നു. സമൂഹത്തിലെ ഒറ്റപ്പെടലുകൾ ഏറ്റുവാങ്ങുന്ന വർഷ ഒരു അനാഥാലയത്തിലെത്തുന്നതും ജീവിതം കെട്ടിപ്പെടുക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങുന്നതുമാണ് നോവലിന്റെ ഉള്ളടക്കം.
സാമൂഹ്യ വ്യവസ്ഥിതിയിൽ സ്ത്രീകൾ എത്രമാത്രം അവഗണിക്കപ്പെടുന്നുവെന്നും അവരുടെ സ്ഥാനം എവിടെയെന്നുമുള്ള ചോദ്യങ്ങൾ ഉയർത്തുന്ന പുണ്യതോയ അതിജീവനത്തിനായി പോരാടുന്നവർ പോലും പ്രതിബന്ധങ്ങൾ നേരിടേണ്ടിവരും എന്നോർമ്മിപ്പിക്കുന്നു.
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
കടപ്പാട് ; മനോരമ ഓൺലൈൻ