നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ യാത്രാവിവരണ പുസ്തകം ഭ്രമയാത്രികന്‍ ഇപ്പോൾ പ്രിയ വായനക്കാർക്ക് ഇ-ബുക്കായും വായിക്കാം. യാത്രകള്‍ ഇഷ്ടപ്പെടുന്ന അനൂപ് മേനോന്‍ ഇന്ത്യയിലും വിദേശത്തുമായി നടത്തിയ യാത്രകളുടെ സമാഹാരമാണ് ഭ്രമയാത്രികന്‍. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം നടത്തിയ ഇന്ത്യാ യാത്ര മുതല്‍ ഇറ്റലി, സിംല, ചൈന, ലണ്ടന്‍ വരെയുള്ള യാത്രകളാണ് പുസ്തകം. യാത്രാഖ്യാനത്തിന്റെ പതിവു ഭൂതകാലവിവരണ പാരമ്പര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാഴ്ചകളെ അതേപടി വിവരിച്ച് തത്സമയാനുഭവങ്ങളുടെ പുതുമകള്‍ പകരുന്നു. നിരൂപകനായ പി.കെ.രാജശേഖരനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഉണ്ണി ആര്‍, ലാല്‍ ജോസ്, മഞ്ജുവാര്യര്‍, ജയസൂര്യ, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ ആസ്വാദനവും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
ലണ്ടനില്‍ നിന്നും ചൈനയിലേക്ക് അവിടെനിന്നും ഇറ്റലിയിലേക്ക് അങ്ങനെ വായനാനുഭവത്തെ സഞ്ചാര അനുഭവത്തിലേക്ക് എത്തിക്കുകയാണ് അനൂപ് മേനോന്‍ എഴുത്തിലൂടെ… ഉത്തരാധുനിക സന്ദര്‍ഭത്തിലെ മലയാളീ യാത്രകളെ ഇങ്ങനെയാണെഴുതുന്നതെന്ന പുതിയ സിദ്ധാന്തീകരണത്തിന് അനൂപിന്റെ അനുഭവാഖ്യാനങ്ങള്‍ സഹായിക്കുമെന്നാണ് അവതാരിക കുറിച്ചുകൊണ്ട് പി.കെ രാജശേഖരന്‍ പറയുന്നു.
ചുറ്റുവട്ടത്തിനപ്പുറം പോകാത്ത ഒരു സാധാരണക്കാരന് അവന്റെയുള്ളിലെ സഞ്ചാരിയെ ലോകത്തിന്റെ അതിരുകള്‍ ഭേദിച്ച് നടത്തുവാന്‍ ഈ യാത്രാക്കുറിപ്പുകള്‍ സഹായിക്കുമെന്ന് ഉണ്ണി ആര്‍ പുസ്തകത്തെ കുറിച്ച് എഴുതുന്നു. അക്ഷരങ്ങളെ കൂട്ടുപിടിച്ച് രാജ്യങ്ങള്‍ കീഴടക്കാന്‍ വായനക്കാരന് സാധിക്കും വിധത്തിലുള്ള സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണ് അനൂപ് മേനോന്റെ ഭ്രമയാത്രികന്‍-ഒരു നടന്റെ യാത്രകള്‍.