കവിതയെ അതിതീവ്രമായ ആപ്രതിഫലനമാക്കിയ കവിയാണ് കുമാരനാശാൻ. ഓരോ വാക്കിലും അർത്ഥത്തിന്റെ മുഴക്കങ്ങൾ നിറഞ്ഞ് അത് അനുവാചകനെ വിവിധ കാലങ്ങളിൽ വിശേഷ ലോകങ്ങൾ കാണിക്കുന്നു. മലയാളകാവ്യത്തിന്റെ ആന്തരികജ്വാല നമുക്ക് ബോധ്യപ്പെടുത്തി തരുന്ന അദ്ദേഹത്തിന്റെ കൃതിയാണ് ‘ ആശാന്റെ പദ്യകൃതികൾ’. കൃതിയുടെ പുത്തൻ പതിപ്പ് ഇപ്പോൾ വായനക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
പുസ്തകം വാങ്ങുന്നതിനായി സന്ദർശിക്കുക
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
കുമാരനാശാൻ
1873 ഏപ്രില്‍ 12 ന് തിരുവനന്തപുരത്തിനടുത്ത് കടല്‍ത്തീരഗ്രാമമായ കായിക്കരയില്‍ ജനിച്ചു. അച്ഛന്‍ നാരായണന്‍, അമ്മ കാളിയമ്മ (കൊച്ചുപെണ്ണ്). കുടിപ്പള്ളിക്കൂടത്തില്‍ എഴുത്തു പഠിച്ചശേഷം സംസ്‌കൃതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചു. അതിനുശേഷം ഒരു മലയാളംപള്ളിക്കൂടത്തില്‍ നാലഞ്ചുവര്‍ഷക്കാലം പഠിച്ചു. ഏതാനും മാസം അധ്യാപകനായും രണ്ടു കൊല്ലം കണക്കപ്പിള്ളയായും ജോലിനോക്കി. പിന്നീട് സംസ്‌കൃതത്തില്‍ ഉപരിപഠനം നടത്തി. യൗവനാരംഭത്തിനു മുമ്പുതന്നെ പല സ്‌തോത്രങ്ങളും കീര്‍ത്തനങ്ങളും എഴുതിത്തുടങ്ങി. 1891ല്‍ ശ്രീനാരായണഗുരുവുമായി കണ്ടുമുട്ടി. ക്രമേണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. രണ്ടുവര്‍ഷം സംസ്‌കൃതം, തമിഴ്, വേദാന്തം, യോഗവിദ്യ എന്നിവ അഭ്യസിച്ചു. 1895ല്‍ ഗുരുനിര്‍ദ്ദേശമനുസരിച്ച് ഉപരിവിദ്യാഭ്യാസത്തിനു പോയി. മൂന്നുവര്‍ഷക്കാലം ഡോക്ടര്‍ പല്‍പ്പുവിന്റെ സംരക്ഷണയില്‍ ബാംഗ്ലൂരിലും മദ്രാസിലും കല്‍ക്കത്തയിലും പഠിച്ചു. സംസ്‌കൃതവും പൗരാണിക ഭാരതീയവിജ്ഞാനവും അതോടൊപ്പം ഇക്കാലത്ത് ഇംഗ്ലീഷ്ഭാഷ പഠിക്കുകയും ആംഗലസാഹിത്യത്തില്‍ അവഗാഹം നേടുകയും ചെയ്തു. 1900ല്‍ തിരിച്ചു വന്ന് അരുവിപ്പുറത്തു താമസമായി. ഭചിന്നസ്വാമി’ എന്ന നിലയില്‍ ക്ഷേത്രകാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും ഗുരുവിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു. 1903ല്‍ എസ്.എന്‍.ഡി.പി. യോഗം സ്ഥാപിതമായപ്പോള്‍ ആശാന്‍ അതിന്റെ സെക്രട്ടറിയായി. ഇടയ്ക്ക് ഒരു വര്‍ഷം ഒഴികെ 1920 വരെ ആ സ്ഥാനത്തു പ്രവര്‍ത്തിച്ചു. യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപത്യവും വഹിച്ചു. 1907ല്‍ വീണപൂവ് പ്രസിദ്ധീകരിച്ചു. 1911ല്‍ നളിനിയുടെ പ്രസിദ്ധീകരണത്തോടെ പ്രശസ്തനായി. 1913 ജൂണില്‍ ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ചു. ആ വര്‍ഷം തന്നെ ശ്രീമൂലം പ്രജാസഭയിലേക്ക് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തു. 1918 ആഗസ്ത് മാസത്തില്‍ കെ. ഭാനുമതി അമ്മയെ വിവാഹം ചെയ്തു. സുധാകരന്‍, പ്രഭാകരന്‍ എന്ന രണ്ടു പുത്രന്മാര്‍ ഉണ്ടായി. 1919ല്‍ പ്രരോദനം, ചിന്താവിഷ്ടയായ സീത എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. 1920ല്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അംഗമാക്കി. അതേവര്‍ഷം യോഗം സെക്രട്ടറിസ്ഥാനം ഒഴിഞ്ഞു. പിന്നീട് കൊച്ചിയില്‍ ചെറായി എന്ന സ്ഥലത്തുനിന്ന് അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പ്രതിഭ എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകൃതമായി. 1922ല്‍ ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും പ്രസിദ്ധപ്പെടുത്തി. 1922 ജനവരി 13ാം തീയതി ഇംഗ്ലണ്ടിലെ വെയില്‍സ് രാജകുമാരന്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ ആശാന് പട്ടും വളയും സമ്മാനിച്ചു. 1924 ജനവരി 16ാം തീയതി 51ാം വയസ്സില്‍ ആലപ്പുഴ നിന്ന് പതിനഞ്ചുമൈല്‍ തെക്ക് പല്ലനയാറ്റില്‍ വെച്ചുണ്ടായ റെഡീമര്‍ ബോട്ടപകടത്തില്‍പ്പെട്ട് മൃതിയടഞ്ഞു.