മഹാഭാരതം, ഭാഗവതം, രാമായണം എന്നീ മൂന്ന് ഇതിഹാസ മഹാകാവ്യങ്ങള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ ഉള്‍ക്കൊള്ളുന്നു എന്നത് ലോകമാസകലം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. അവ മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ്. ആധുനിക കഥാകൃത്തുക്കളെ പോലും അമ്പരിപ്പിക്കുന്ന രീതിയില്‍ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ അവ എല്ലാ കാലത്തേക്കുമായി പകര്‍ത്തിവെച്ചിരിക്കുന്നു.
വാല്മീകീവിരചിതമായ രാമായണത്തെ ആദികാവ്യമെന്നാണ് വിശേഷിപ്പിക്കുന്നത്. രാമായണം ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ആധ്യാത്മികവും സാംസ്‌കാരികവുമായ പ്രബോധനത്തിനും പ്രചോദനത്തിനും നൂറ്റാണ്ടുകളായി ഉറവിടമായിരുന്നിട്ടുണ്ട്. രാമായണത്തിലെ മൂന്ന് മഹാവ്യക്തിത്വങ്ങള്‍- രാമന്‍, സീത, ഹനുമാന്‍ എന്നിവര്‍- ലക്ഷോപലക്ഷം ജനങ്ങളെ, അവര്‍ ഉയര്‍ന്നവരോ താണവരോ ആകട്ടെ, ഏറ്റവും അഗാധമായ ഭക്തിയോടെയും പരിപാവന വികാരങ്ങളോടെയും ജീവിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
രാമായണത്തെ അധികരിച്ച് പ്രശസ്ത കന്നട എഴുത്തുകാരി കമലാ സുബ്രഹ്മണ്യം രചിച്ച ഗദ്യകൃതിയാണ് രാമായണകഥ.രാമായണത്തിന് കമലാ സുബ്രഹ്മണ്യം തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ ഇതിഹാസാഖ്യാനത്തിന് ഒരു പുത്തന്‍ മാനമാണ് പകര്‍ന്നു നല്‍കിയത്. രാമായണത്തിന്റെ എല്ലാ സത്തായ ഭാഗങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സീതാരാമന്മാരുടെ അനശ്വരജീവിതകഥ ഒരു മികച്ച നോവലിലെന്ന പോലെ നമുക്കുമുന്നില്‍ രാമായണകഥയില്‍ ഇതള്‍ വിരിയുന്നു. ഇതിഹാസാഖ്യാനത്തിന്റെ പ്രചോദിതമായ ഒഴുക്കു നിലനിര്‍ത്തിക്കൊണ്ടുള്ള ആഖ്യാനരീതിയാണ് ഈ കൃതിയില്‍ അവലംബിച്ചിട്ടുള്ളത്. ഏതൊരു വായനക്കാരനും ആസ്വാദ്യകാരമാംവണ്ണം പുനരാഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാടാണ് കമലാ സുബ്രഹ്മണ്യത്തിന്റെ രാമായണകഥ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.