ഡി സി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ നോവല്‍ ഗീതാഞ്ജലി പരുവപ്പെടുത്തിയെടുത്തതിനു പിന്നില്‍ മലയാളത്തിലെ മഹാനായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരാണെന്ന് നോവലിസ്റ്റ് ഷബിത എം കെ. താന്‍ എം ടിയ്ക്ക് അയച്ച കത്തുകളില്‍ നിന്നാണ് നോവല്‍ പ്രസിദ്ധീകരിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചതെന്നും നോവലെഴുത്തിനു പിന്നിലുള്ള ചേതോവികാരത്തെക്കുറിച്ചും ഷബിത തുറന്നു പറയുന്നു. ഡി സി ബുക്‌സ് എഡിറ്റര്‍ ശ്രീദേവി ഷബിതയുമായി നടത്തിയ അഭിമുഖത്തിലാണ് പുരസ്‌കാര ജൂറി ഏറെ അഭിനന്ദിച്ച നോവലെഴുത്തിനെ കുറിച്ചും തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും ഷബിത മനസ്സുതുറന്നത്.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം…
1. ഗീതാഞ്ജലിയിലേയ്ക്കുള്ള വഴി സുഗമമായിരുന്നുവോ?
വളരെ പരിചിതമായ ജീവിതാനുഭവങ്ങളില്‍ എന്നിലൂടെയും എനിക്ക് മുമ്പിലൂടെയും കടന്നുപോയ സ്ത്രീകളുടെ ആകെ തുകയാണ് ‘ഗീതാഞ്ജലി‘. ഒരു മദ്ധ്യസ്ഥയുടെ റോളാണ് ജീവിതത്തില്‍ ഞാനേറെ ആസ്വദിച്ച് കൈകാര്യം ചെയ്തത്. ഗീതാഞ്ജലിയെ ഒരു കൗണ്‍സിലര്‍ ആയി ചിത്രീരിച്ചതിന് പിന്നിലെ ചേതോവികാരം അതാണ്. ‘ഗീതാഞ്ജലി‘യെ ഏത് രീതിയില്‍ അവതരിപ്പിക്കണം എന്ന ആശയക്കുഴപ്പത്തിന് പ്രതിവിധി കണ്ടത് എം.ടി.സാറിന് ഞാനയച്ച കത്തുകളാണ്. ഒരിക്കല്‍ ഞാനദ്ദേഹത്തിന് എഴുതി. ”ഒരു പക്ഷേ ഇപ്പോഴുള്ളതിലും കൂടുതല്‍ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും ഞാനങ്ങേക്ക് എഴുതാനുദ്ദേശിച്ചതിന്റെ ഉള്ളടക്കം ഒരു നോവലാക്കി ഡി.സി.ക്ക് അയച്ചുകൊടുത്തു.” ‘ഗീതാഞ്ജലി‘ പലപ്പോഴും എന്റെ പരിധികളെ ചാടിക്കടന്ന് പോയി. എഴുതുംതോറും മറ്റൊരു പെണ്ണ് എന്നെനോക്കി കഥകള്‍ പറയുന്നതായി തോന്നിയിട്ടുണ്ട്. ലളിതമായ ഭാഷയിലൂടെയും അവതരണത്തിലൂടെയും ഗീതാഞ്ജലിയെ വായനക്കാര്‍ക്കിടയിലെത്തിക്കാന്‍ അനാവശ്യമായ വിശദീകരണങ്ങളും അധ്യായങ്ങളുടെ അതിപ്രസരവും ഒഴിവാക്കിയത് മനഃപൂര്‍വ്വമാണ്. രചനയില്‍ ഹൃദ്യവും ലളിതവുമായ ആഖ്യാനരീതിയാണ് തെരഞ്ഞെടുത്തത്. വായനക്കാരന്റെ രസച്ചരട് പൊട്ടാതെ അവന്റെ ക്ഷമയെ പരീക്ഷിക്കാതെ ‘ഗീതാഞ്ജലി‘യെ ആറ്റിക്കുറുക്കുകയാണ് ചെയ്തത്.
2. സാഹിത്യത്തോടുള്ള അഭിനിവേശത്തെക്കുറിച്ച്…?
വാക്കുകള്‍ സൃഷ്ടിക്കുന്ന ലോകവും ജീവസ്സുറ്റ കഥാപാത്രങ്ങളും എന്നും അത്ഭുതമായിരുന്നു. ഹെമിംഗ്‌വേയുടെ ഹെന്‍ട്രി. എം ടിയുടെ സേതു. സുഭാഷ്ചന്ദ്രന്റെ ജിതേന്ദ്രന്‍, പേള്‍ എസ്.ബക്കിന്റെ എലിസബത്ത്. ഇവര്‍ക്കെല്ലാം പിറകേ ഞാനും സഞ്ചരിക്കുമായിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് ആദ്യത്തെ കഥ ഒരു മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നത്. വായനക്ക് ശേഷം ആ കൃതിയെക്കുറിച്ച് എവിടെയെങ്കിലും രേഖപ്പെടുത്തി വക്കാറുണ്ട്. അത് പിന്നീട് ‘ബുക്കിറിവ്യൂ’ കളായി പ്രാദേശിക പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
3. ജീവിതത്തെക്കുറിച്ച്..?
നടക്കും തോറും നീളം കൂടുന്ന ഒറ്റവരിപാതയാണ് ഒരര്‍ത്ഥത്തില്‍ ജീവിതം. തനിച്ചു നടക്കുമ്പോള്‍ തോന്നും കൈ പിടിച്ചു നടക്കാന്‍ ഒരാള്‍കൂടി വേണ്ടിയിരുന്നു എന്ന്. കൈ പിടിച്ചു നടക്കുമ്പോള്‍ തോന്നും തനിച്ചു നടന്നാല്‍ മതിയായിരുന്നു എന്ന്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ ഇല്ലായ്മയും വല്ലായ്മയും പഠിപ്പിച്ചത് അമ്മയാണ്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ അമ്മ കാണിച്ച ധൈര്യമാണ് എന്റെ ഊര്‍ജ്ജം. ‘നോ’ എന്നാല്‍ ‘നോ’ തന്നെയാണെന്ന് അനുഭവം പഠിപ്പിച്ചു. വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം സജീഷും മൂന്നുമക്കളുമാണ്. പിന്നെ പ്രായമോ, ജാതിയോ, ലിംഗമോ വേര്‍തിരിച്ചുകാണാത്ത സൗഹൃദവും.
4. പുരസ്‌കാരലബ്ധിക്കു ശേഷം ആദ്യനോവലിനെ എങ്ങനെ വിലയിരുത്തുന്നു?
പേനത്തുമ്പിലെ ഗീതാഞ്ജലിക്ക് ജീവന്‍ വച്ചിരിക്കുന്നു. എഴുതുന്ന സമയത്ത് ഒരൊറ്റകടലാസ് പോലും ചുരുട്ടിക്കൂട്ടി വേസ്റ്റ് ബാസ്‌ക്കറ്റിലേക്കിടേണ്ടി വന്നിട്ടില്ല. എനിക്ക് മുമ്പിലെ ഗീതാഞ്ജലി അത്രയ്ക്ക് ബോള്‍ഡായിരുന്നു. ഒരിക്കല്‍കൂടി വായിക്കുമ്പോള്‍ പലപ്പോഴും കഥാപാത്രങ്ങളോട് സെന്റിമെന്റ്‌സ് തോന്നിയിട്ടുണ്ട്. സംതൃപ്തിയില്ലായ്മ ഒരു കുറവാണെങ്കില്‍ ആ കുറവ് അല്പം ഗീതാഞ്ജലിക്കുണ്ട്.
5. നോവലിനപ്പുറമുള്ള സാഹിത്യലോകം ?
ചെറുകഥ ഏറെ ഇഷ്ടമാണ്. നോവല്‍ എഴുതിയതിനു ശേഷം ചെറുകഥയെഴുതുമ്പോള്‍ ഒരു ഉള്‍ഭയം. നോവലിന്റെ സഞ്ചാരസ്വാതന്ത്ര്യം ആസ്വദിച്ചെഴുതിയപ്പോള്‍ ചെറുകഥയെഴുതാന്‍ ഒരുപാട് പ്രയത്‌നിക്കേണ്ടിയിരിക്കുന്നു. പല കഥകളും രണ്ടോ മൂന്നോവരിയില്‍ വഴിമുട്ടി നില്‍ക്കുന്നു. ഒരു തിരക്കഥയെഴുതി അത് ടി.ദാമോദരന്‍ പുരസ്‌കാരം നേടി. ചര്‍ച്ചകള്‍ നടക്കുന്നു. സിനിമയാകുമെന്നാണ് പ്രതീക്ഷ. ഫ്രീലാന്‍സായി ചെറിയ രീതിയില്‍ പത്രപ്രവര്‍ത്തനമുണ്ട്. ചെറുകിടപത്രങ്ങളിലെ കോളങ്ങളുടെ ഒഴിവനുസരിച്ച് എഴുതിത്തുടങ്ങിയതാണ് എഴുത്തിലെ എന്റെ ഏറ്റവും വലിയ നേട്ടവും തുടക്കവും. പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ട കഥകള്‍ ഒരു സമാഹാരമായിക്കൊണ്ടിരിക്കുന്നു. വൈകാതെ പുറത്തിറങ്ങും.
6. ഇനിയുള്ള എഴുത്തുകള്‍..
എഴുത്തില്‍ സജീവമാകണം. ഗീതാഞ്ജലി ഒരു വെല്ലുവിളിയാണ്. അടുത്തത് അതിലും മികച്ചതാവണം. കൂടുതല്‍ സമയമെടുത്ത് ചെയ്യണം. ഈ ലോകം ഇങ്ങനെത്തന്നെ നില്‍ക്കുന്നിടത്തോളം കാലം ആര്‍ക്കും വിഷയദാരിദ്ര്യമുണ്ടാകില്ല. അനുഭവക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. അത് പ്രസിദ്ധീകരിക്കണം. അതിനെല്ലാം മീതെ ഒരു സ്വപ്നമുണ്ട്. ആയിരത്തൊന്നു രാവുകളിലെ ഷഹര്‍സാദയെപ്പോലെ എം.ടി.ക്കു മുമ്പില്‍ അവതരിപ്പിക്കണം. ആയിരത്തൊന്നു സമസ്യകളുമായിട്ട്. അതിന്റെ മുന്നൊരുക്കത്തിലാണ് ഇപ്പോള്‍.
The post എം ടി സാറിന് ഞാനയച്ച കത്തുകളും ഗീതാഞ്ജലിയും; ഷബിതയുമായുള്ള അഭിമുഖം appeared first on DC Books.