പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല
തിരകള്‍ വന്നു തിരുമുല്‍കാഴ്ച നല്‍കിയതല്ല
മയിലാടും മലകളും പെരിയാറും സഖികളും
മാവേലിപ്പാട്ടുപാടും ഈ മലയാളം…. ഈ മലയാളം
കൂട്ടുകുടുംബം എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ രാമവര്‍മ്മ രചിച്ച് ദേവരാജന്‍ ഈണം പകര്‍ന്ന ഈ ഗാനം കേരളത്തിന്റെ ഭൂപ്രകൃതിയെ വര്‍ണ്ണിക്കുന്ന ഒന്നാണ്. എല്ലാ കേരളചരിത്രഗ്രന്ഥങ്ങളിലും ഒന്നാമതായി കൊടുക്കാറുള്ള പരശുരാമകഥയെ തന്നെയാണ് വയലാര്‍ ആദ്യവരിയില്‍ തന്നെ ചോദ്യം ചെയ്തത്. പരശുരാമന്‍ മഴുവെറിഞ്ഞ് സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് കാശ്യപബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതാണ് കേരളം എന്ന സങ്കല്പത്തെ തള്ളിക്കളയുന്ന ആദ്യത്തെ വ്യക്തിയുമല്ല വയലാര്‍. ചിന്താശേഷിയുണ്ടായ കാലം മുതലേ ഇതൊരു തര്‍ക്കവിഷയമാണ്.
കേരളചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വലുതും ചെറുതുമായ ഒരുപാട് കള്ളക്കഥകളുടെ കൂട്ടത്തിലാണ് പരശുരാമകഥയുടെയും സ്ഥാനമെന്ന് ചരിത്ര പണ്ഡിതനായ ഡോ. എം.ജി.എസ്.നാരായണന്‍ പറയുന്നു. പരശുരാമന്റെ അവതാരകഥ വര്‍ണ്ണിക്കുന്ന വിഷ്ണുപുരാണം, പത്മപുരാണം എന്നീ ഹൈന്ദവപുരാണങ്ങളിലൊന്നും ഈ കേരളോല്പത്തിക്കഥ ഇല്ലെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. പിന്നെ എങ്ങനെയാണ് പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം വീണ്ടടുത്ത കഥ ഉണ്ടായത്?. കൂടുതല്‍ തെളിവുകളിലേക്ക് കടക്കുമ്പോള്‍ പരശുരാമന്‍ കേരളത്തെയല്ല, കേരളം പരശുരാമനെയാണ് സൃഷ്ടിച്ചതെന്ന് ബോധ്യമാകുമെന്ന് അദ്ദേഹം പറയുന്നു.
”ചിലര്‍ പരശുരാമനെ ആര്യദേശത്തുനിന്ന് ഇരുമ്പായുധങ്ങളുമായി ആദ്യം വന്നവരുടെ നേതാവായി കണ്ടു. കടലില്‍ നിന്ന് രാജ്യമുണ്ടായ കഥയെ ചരിത്രാതീതകാലത്തെന്നോ കടല്‍ക്കരയിലുണ്ടായ ഭൂമിശാസ്ത്രപരമായ വലിയ മാറ്റങ്ങളുടെ അവ്യക്തസ്മരണയായി കണ്ടു. അങ്ങനെ നരവംശശാസ്ത്രത്തെയും ഭൂമിശാസ്ത്രത്തെയും വലിച്ചിഴച്ചുകൊണ്ടുവന്ന് പരശുരാമകഥയ്ക്ക് ആയുസ്സ് നീട്ടിക്കൊടുക്കാന്‍ ശ്രമിച്ചു.” എം.ജി.എസ് അഭിപ്രായപ്പെടുന്നു.
കേരളചരിത്രത്തിലെ പ്രധാനപ്പെട്ട കള്ളക്കഥകളില്‍ പത്തെണ്ണം തിരഞ്ഞെടുത്ത് ഒരു മാലയായി കോര്‍ത്ത് കൈരളിയുടെ കണ്ഠത്തില്‍ ചാര്‍ത്തുകയാണ് കേരളചരിത്രത്തിലെ പത്തു കള്ളക്കഥകള്‍ എന്ന കൃതിയിലൂടെ എം.ജി.എസ്.നാരായണന്‍. കേരളം അറുപത് വര്‍ഷം പിന്നിടുമ്പോള്‍ നാളിതുവരെ നാം സത്യമെന്നുകരുതി വിശ്വസിച്ചുപോന്നിരുന്ന ചില കഥകളുടെ പൊള്ളത്തരങ്ങളെക്കുറിച്ചുള്ള തിരിച്ചെഴുത്ത് അനിവാര്യമാണെന്ന കാഴ്ചപ്പാടിലാണ് ഈ ഉദ്യമം.
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തകപരമ്പര പ്രസിദ്ധീകരിക്കുകയാണ് ഡി സി ബുക്‌സ്. ഇതിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന പുസ്തകമാണ് കേരളചരിത്രത്തിലെ പത്തു കള്ളക്കഥകള്‍.
The post പരശുരാമന്‍ കേരളം സൃഷ്ടിച്ച ‘കഥ’ appeared first on DC Books.