Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഝാന്‍സി റാണിയുടെ ഇതേവരെ രചിക്കപ്പെട്ടിട്ടില്ലാത്ത അസാധാരണവും യഥാതഥവും അമൂല്യവുമായൊരു ജീവിതചിത്രം

$
0
0

കൊളോണിയല്‍ ഭരണത്തിന്റെ ചവിട്ടടിയില്‍നിന്നും മോചിതരാകാന്‍ ഇന്ത്യന്‍ ജനതയുടെ ആത്മവീര്യത്തെ ഉണര്‍ത്തിയ അനശ്വരയായ ഝാന്‍സിയിലെ റാണി ലക്ഷ്മീബായിയുടെ ജീവിതം പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ മഹാശ്വേതാദേവിയുടെ തൂലികയില്‍നിന്നും. അരപ്പതിറ്റാണ്ട് മുന്‍പ് റാണിയുടെ ജീവിതത്തെ കൂടുതലറിയാന്‍ ആഗ്രഹിച്ച് നിരാശയായ മഹാശ്വേതാദേവി റാണിയുടെ സംഭവ ഹുലമായ ജീവിതത്തിനു സാക്ഷ്യം വഹിച്ച ദേശത്തേക്ക് യാത്ര തിരിച്ചു. വാമൊഴികളില്‍നിന്നും റാണിയുടെ കുടുംബാംഗങ്ങളില്‍നിന്നും ബ്രിട്ടിഷ്-ഇന്ത്യന്‍ ചരിത്രാഖ്യാനങ്ങളില്‍നിന്നും കഠിനമായ പരിശ്രമത്തിലൂടെ യഥാര്‍ത്ഥ വസ്തുതകളെ പകര്‍ത്തിയെടുത്തു. അതിന്റെ ഫലമായി രൂപംകൊണ്ടതാകട്ടെ, ഝാന്‍സി റാണിയുടെ ഇതേവരെ രചിക്കപ്പെട്ടിട്ടില്ലാത്ത അസാധാരണവും യഥാതഥവും അമൂല്യവുമായൊരു ജീവിതചിത്രവും.

പ്പോഴത്തെ ഭൂപടത്തില്‍ ഉത്തര്‍പ്രദേശിലെ മറ്റേതു ജില്ലയെയുംപോലെതന്നെ വെറുമൊരു ജില്ലമാത്രമാണ് ഝാന്‍സി. 1858-നു ശേഷം അതിന്റെ ചരിത്രപരമായ സ്വത്വം കണ്ടെത്താനാവാത്തതുപോലെ അപ്രത്യക്ഷമായിരിക്കുന്നു. പക്ഷേ, കാലത്തിന്റെ നൗകയുടെ അണിയംതിരിച്ച് പുറകോട്ടുപോയി ഗതകാലത്തിലെ നങ്കൂരസ്ഥാനമെത്തുമെങ്കില്‍ നിങ്ങള്‍ക്കു പഴയ ബുന്ദല്‍ഖണ്ഡ് കാണാന്‍കഴിയും. മദ്ധ്യേന്ത്യയിലെ ഒരു ഖണ്ഡം കുന്നുകളും താഴ്വരകളും നിറഞ്ഞതും മോശം കാലാവസ്ഥയുള്ളതുമായ പുഷ്പഫലസമൃദ്ധമായ സ്ഥലം. ഫലഭൂയിഷ്ഠിയുള്ള മണ്ണാണ് ഇതിന്റെ കിഴക്കും തെക്കും വടക്കുമുള്ള ഭൂഭാഗങ്ങളില്‍. സമൃദ്ധമായി കാര്‍ഷികവിളകളും സമ്പത്തും ചൊരിയുന്ന പ്രദേശം. സന്തോഷവതിയും ദാനശീലയുമായ ഒരമ്മയെപ്പോലെയുള്ള ആ പ്രദേശങ്ങള്‍ സുഗന്ധവാഹിയായ മാരുതസ്പര്‍ശമേറ്റ് ശീതവും സമൃദ്ധവുമാണ്. പക്ഷേ, ബുന്ദല്‍ഖണ്ഡില്‍ ഭൂമി രൗദ്രദേവതയായ ഭൈരവിയെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. അവിടത്തെ മണ്ണ് കഠിനവും പാറകളും ഉയരന്‍ കുന്നുകളും നിറഞ്ഞതാണ്. അവിടത്തെ നദികളിലോ, വെള്ളം കഷ്ടിയാണ്.

Textവളരെ മുമ്പ്, ഇന്ത്യയുടെ ശൈശവകാലത്ത് ഇതേ ബുന്ദല്‍ഖണ്ഡില്‍ ഇടതൂര്‍ന്ന ഹരിതവനങ്ങളും സമൃദ്ധമായ കാര്‍ഷികവിളകളും ഉണ്ടായിരുന്നു. എല്ലായിടത്തും ജനവാസമാരംഭിച്ചതോടെ ആളുകള്‍ ഹൃദയശൂന്യമായി വനങ്ങള്‍ നശിപ്പിച്ച് ബുന്ദല്‍ഖണ്ഡില്‍ മഴമേഘങ്ങളുടെ അനുഗ്രഹത്തെ ഇല്ലാതാക്കി. ദശര്‍ണ, വേത്രാവതി അഥവാ ബേത്വാ എന്നീ നദികള്‍ ഇപ്പോഴും ഈ മണ്ണിന്റെ മാറിലൂടെയാണ് ഒഴുകുന്നത്. പക്ഷേ, ഇപ്പോളവ വരണ്ടുപോയിരിക്കുന്നു. ഈ നദികളുടെ തീരങ്ങളില്‍ കനികള്‍ നിറഞ്ഞുണങ്ങിക്കിടന്നിരുന്ന ജാം മരങ്ങള്‍ കാണാനേയില്ല. പണ്ട്, വിസ്മൃതമായ ഒരുകാലത്ത്, കാളിദാസന്റെ യക്ഷന്‍ നാടുകടത്തപ്പെട്ട ഒരു കാമുകന്റെ കണ്ണീരുംപേറി അളകാപുരിയെ ലക്ഷ്യമാക്കിപ്പോയ ഒരു ശ്യാമമേഘത്തിന്റെ ഛായയുടെ പിന്നില്‍ പൊന്തിക്കിടന്നത് ഈ പ്രദേശത്തിനു മുകളിലായിരുന്നു. എന്നാല്‍ ഇന്ന് അത്തരമൊരു കാഴ്ച അപൂര്‍വമാണെന്നു തീര്‍ച്ച. വല്ലപ്പോഴുമൊരിക്കല്‍ ഇവിടെ ഒരു മേഘം വന്നു നില്‍ക്കുകയാണെങ്കില്‍ കര്‍ഷകര്‍ പരുത്തിയുടെയും ഗോതമ്പിന്റെയും ബാര്‍ലിയുടെയും അര്‍ഹറിന്റെയും തിനയുടെയും വിത്തുകള്‍ ഓജസ്സോടെ മുളപൊട്ടി വളരുന്നതിനെക്കുറിച്ച് സ്വപ്നംകാണാന്‍ ആരംഭിക്കും.

ഒരു ശതാബ്ദം മുമ്പ് ബുന്ദല്‍ഖണ്ഡിലെ സ്വതന്ത്രമായ ഒരു രാജ്യമായിരുന്നു ഝാന്‍സി. തെഹ്രി ഓര്‍ഛാ രാജ്യത്തിന്റെ അധീനതയിലുള്ള ഭൂപ്രദേശത്തിന്റെ ഭാഗം ബുന്ദല്‍ഖണ്ഡിനെ പ്രത്യക്ഷത്തില്‍ രണ്ടായി വിഭജിച്ചുകൊണ്ട് അതിന്റെ മദ്ധ്യത്തിലൂടെ പോയിരുന്നു. കിഴക്കുപടിഞ്ഞാറ് നൂറുമൈലും തെക്കുവടക്ക് അറുപത് മൈലുമായിരുന്നു ഝാന്‍സിയുടെ ആകെ വിസ്തൃതി.

കാര്‍ഷികവിളവിന്റെ ഭാഷ പറയിപ്പിക്കുന്നതിനുവേണ്ടി ഓരോ വര്‍ഷവും ഈ കൊച്ചുരാജ്യത്തിന്റെ കുന്നുകള്‍നിറഞ്ഞതും ഊഷരവുമായ മാറില്‍ കലപ്പകള്‍ നിഷ്ഫലമായി മുറിവുകളേല്‍പ്പിക്കും. വൈശാഖമാസത്തിലെ വരള്‍ച്ചയില്‍ ജലം കിട്ടുമെന്ന പ്രതീക്ഷയില്‍ കര്‍ഷകസ്ത്രീകള്‍ തലയില്‍ ആചാരപരമായി പാത്രങ്ങളുംവച്ച് ഭദോവാ പാട്ടുകളും പാടി ഫലമില്ലാത്ത സഞ്ചാരം നടത്തും. എന്നാലും എല്ലാ തരത്തിലുമുള്ള ജനങ്ങള്‍ അവിടെ വീടുകള്‍ നിര്‍മിച്ചു പാര്‍ത്തുപോന്നു. ബ്രാഹ്മണര്‍, രജപുത്രര്‍, അഹിരര്‍, ബുന്ദേലര്‍, ബനിയാമാര്‍, ചമര്‍വിഭാഗക്കാര്‍, കാഛികള്‍, കോറികള്‍, ലോധികള്‍, കുര്‍മികള്‍ എല്ലാവരും ഝാന്‍സിയിലേക്കു വന്നു. ഭക്ഷ്യധാന്യശേഖരങ്ങള്‍ കഴുതപ്പുറത്തും കുതിരപ്പുറത്തും ഒട്ടകപ്പുറത്തും ഒക്കെയായി ഓരോ വര്‍ഷവും വെളിയില്‍നിന്നും വന്നു. മൂന്നു പാതകളിലൂടെയായിരുന്നു ഇവ കൊണ്ടുവന്നത്. ഒന്ന് മവു മുതല്‍ ഝാന്‍സിവരെ, മറ്റൊന്ന് കാല്‍പി വഴി ഝാന്‍സിയില്‍നിന്നും കാണ്‍പൂരിലേക്കു പോകുന്നത്, ഇനിയുമൊന്ന് ആഗ്രയില്‍നിന്ന് സാഗര്‍വരെയുള്ളത്. ഝാന്‍സി കുതിരകളുടെയും ആനകളുടെയും വ്യാപാരത്തിന്റെ ഒരു പ്രധാനകേന്ദ്രമായിരുന്നതിനാല്‍ അവയുടെ ഉടമസ്ഥരും അവിടേക്കു കടന്നുവന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

The post ഝാന്‍സി റാണിയുടെ ഇതേവരെ രചിക്കപ്പെട്ടിട്ടില്ലാത്ത അസാധാരണവും യഥാതഥവും അമൂല്യവുമായൊരു ജീവിതചിത്രം first appeared on DC Books.

Viewing all articles
Browse latest Browse all 3641

Trending Articles