പൗലോ കൊയ്‌ലോയുടെ ‘വിജയി ഏകനാണ്’ എന്ന പുസ്തകത്തിൽ നിന്നും
”ഭാഗ്യത്തിന്റെ പേരില്‍ എല്ലാം പരീക്ഷിക്കുകയും സുഖസൗകര്യങ്ങളുടെ ലോകം വാഗ്ദാനം ചെയ്യുന്ന എന്തില്‍നിന്നും അകന്നു നില്‍ക്കുകയും ചെയ്യുക.”
”കഴിവെന്നു പറയുന്നത് സാര്‍വത്രികമായൊരു വരപ്രസാദമാണ്. അത് ഉപയോഗപ്പെടുത്തണമെങ്കില്‍ വളരെയേറെ ധൈര്യം ആവശ്യമുണ്ട്. ഏറ്റവും മികച്ചതാകാന്‍ ഒരിക്കലും ഭയക്കരുത്.”
മഹാന്മാര്‍ പഠിപ്പിച്ചതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രം പോര. അവള്‍ക്ക് സ്വര്‍ഗ്ഗത്തില്‍നിന്നും സഹായം ആവശ്യമായിരിക്കുന്നു. ഉത്കണ്ഠാകുലയാകുമ്പോഴൊക്കെ ചെയ്യാറുള്ളതുപോലെ അവള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരു നേര്‍ച്ച നേരേണ്ടതിന്റെ ആവശ്യകത അവള്‍ക്ക് അനുഭവപ്പെട്ടു. അവള്‍ക്ക് ഈ വേഷം കിട്ടുകയാണെങ്കില്‍ കാനില്‍നിന്നും വത്തിക്കാന്‍വരെ നടന്നേക്കാമെന്ന് അവള്‍ നേര്‍ന്നു. സിനിമ നിര്‍മിക്കപ്പെടുകയാണെങ്കില്‍ അത് ഒരു ആഗോളവിജയം ആകുകയാണെങ്കില്‍.
അല്ല, ഗിബ്‌സണിന്റെ ചിത്രത്തില്‍ ഒരു വേഷം കിട്ടിയാല്‍ അത് മാത്രം മതിയാകും. കാരണം, അത് മറ്റു നിര്‍മാതാക്കളുടെയും സംവിധായകരുടെയും ശ്രദ്ധ ആകര്‍ഷിക്കും. അപ്പോള്‍ അവള്‍ നേര്‍ന്നിട്ടുള്ള തീര്‍ത്ഥയാത്രയ്ക്കു പുറപ്പെടും.
അവള്‍ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്ന സ്ഥലത്തെത്തി. കടലിനുനേരേ നോക്കിയിട്ട് അവള്‍ ഏജന്റില്‍നിന്നും ലഭിച്ച സന്ദേശം ഒന്നുകൂടി നോക്കി. അവളുടെ ഏജന്റിന് ഇപ്പോള്‍ത്തന്നെ അതിനെക്കുറിച്ച് അറിയാമെങ്കില്‍, അതിന്റെ അര്‍ത്ഥം സംവിധായകന്‍ കാര്യമായിത്തന്നെയാണെന്നാണ്. എന്തുതന്നാലും സ്വീകരിക്കുക—അതിന്റെ അര്‍ത്ഥം എന്താണ്? അവള്‍ സംവിധായകനോടൊപ്പമോ പ്രധാന നടനോടൊപ്പമോ കിടക്ക പങ്കിടണമെന്നാണോ?
അവള്‍ അങ്ങനെ മുമ്പൊരിക്കലും ചെയ്തിട്ടില്ല. പക്ഷേ, ഇപ്പോള്‍ അവള്‍ എന്തുചെയ്യാനും തയ്യാറാണ്. പിന്നെ ആരുണ്ട് ഒരു സിനിമാതാരത്തോടൊപ്പം ശയിക്കുന്നത് സ്വപ്നം കാണാത്തതായി?
അവള്‍ വീണ്ടും കടലിലേക്കു നോക്കി. അവള്‍ക്കു വേണമെങ്കില്‍ അപ്പാര്‍ട്ടുമെന്റില്‍ തിരിച്ചുപോയി വസ്ത്രം മാറാമായിരുന്നു. പക്ഷേ, അവള്‍ അന്ധവിശ്വാസിയാണ്. ഈ ജീന്‍സും വെള്ള ടീ-ഷര്‍ട്ടും ഇത്രവരെ എത്തിക്കാന്‍ മതിയാകുമെങ്കില്‍, വേഷം മാറാനായി അവള്‍ ദിവസത്തിന്റെ അവസാനംവരെ കാത്തിരിക്കണം. അവള്‍ ബെല്‍റ്റ് അയച്ച് പത്മാസനത്തില്‍ ഇരുന്നു. യോഗയിലെ ചില ശ്വസനക്രിയകള്‍ ചെയ്യാന്‍ തുടങ്ങി. അവള്‍ സാവധാനം ശ്വാസോച്ഛ്വാസം ചെയ്തു. ശരീരവും ഹൃദയവും ചിന്തകളും എല്ലാം ശാന്തമാകാന്‍ തുടങ്ങി.
അവള്‍ ലോഞ്ച് അടുത്തുവരുന്നതുകണ്ടു. ഒരു മനുഷ്യന്‍ പുറത്തേക്കു ചാടിയിറങ്ങിയിട്ടു ചോദിച്ചു:
”ഗബ്രിയേല ഷെറി?”
അവള്‍ തലകുലുക്കി. അയാള്‍ അവളോട് തന്നോടൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടു. അവര്‍ ലോഞ്ചില്‍ കയറി എല്ലാ തരത്തിലും വലിപ്പത്തിലുമുള്ള നൗകകള്‍ നിറഞ്ഞ കടലിനു കുറുകെ യാത്ര തിരിച്ചു. ആ മനുഷ്യന്‍, അയാള്‍ അകലെയെങ്ങോ ആണെന്നപോലെ, ഒരു വാക്കും സംസാരിച്ചില്ല. ഒരുപക്ഷേ, അയാള്‍ ആ ചെറിയ നൗകകളിലെ ഉള്ളറകളില്‍ നടക്കുന്നതിനെക്കുറിച്ചോ സ്വന്തമായി ഒന്ന് ഉണ്ടായിരുന്നെങ്കില്‍ എന്നോ സ്വപ്നം കാണുകയാവാം. അവള്‍ ഒന്നു മടിച്ചു: അവളുടെ തല നിറയെ ചോദ്യങ്ങളാണ്. എങ്ങനെയാണു പെരുമാറേണ്ടത് എന്നതിനെക്കുറിച്ചു വിലപ്പെട്ട സൂചനകള്‍ തരാന്‍ കഴിവുള്ള ഒരു സുഹൃത്തായി ഒരു അപരിചിതനെ മാറ്റിയെടുക്കാന്‍ സഹാനുഭൂതി നിറഞ്ഞ ഒരു വാക്കുമാത്രം മതിയാകും. പക്ഷേ, അയാള്‍ ആരാണെന്ന് അവള്‍ക്കറിയില്ലല്ലോ. അയാള്‍ക്ക് ഗിബ്‌സണിന്റെ മേല്‍ സ്വാധീനം ഉണ്ടാകാം. അല്ലെങ്കില്‍ അപ്രശസ്തരായ നടിമാരെ വിളിച്ചുകൊണ്ടുവരാനും അയാളുടെ യജമാനന്റെ അടുത്തെത്തിക്കാനുമായി നിയോഗിക്കപ്പെടുന്ന ഒരു വെറും സഹായി മാത്രമാകാം അയാള്‍.
ഒന്നും മിണ്ടാതിരിക്കുകയാവും ഏറ്റവും നന്ന്. അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ ഒരു വലിയ വെള്ള നൗകയ്ക്കടുത്തെത്തി. അണിയത്തിലെഴുതിയിരുന്ന പേര് സാന്റിയാഗോ എന്നായിരുന്നു. ഒരു നാവികന്‍ ഏണിവഴി ഇറങ്ങിവന്ന് അവളെ കയറാന്‍ സഹായിച്ചു. രാത്രി കുറെക്കൂടി വൈകി നടക്കേണ്ട ഒരു വന്‍ വിരുന്നിനുള്ള ഒരുക്കങ്ങള്‍ നടക്കുന്ന വിശാലമായ ഒരു സ്വീകരണമുറിയും കടന്ന് അവള്‍ കപ്പലിന്റെ അമരത്തേക്കു നടന്നു. അവിടെ ചെറിയൊരു നീന്തല്‍ക്കുളവും അതിനരികില്‍ അലങ്കാരക്കുടകളുടെ നിഴലില്‍ രണ്ടു മേശകളും സൂര്യസ്‌നാനത്തിനുള്ള കുറച്ച് ചാരുകസേരകളും ഉണ്ടായിരുന്നു. മധ്യാഹ്നസൂര്യന്റെ വെയില്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് ഗിബ്‌സണും താരവും!
തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ
The post ”നിങ്ങള്‍ വിജയത്തില്‍ വിശ്വസിക്കുകയാണെങ്കില്‍ വിജയം നിങ്ങളിലും വിശ്വസിക്കും” first appeared on DC Books.