പകയുടെ വിഷപ്പല്ലുകളുള്ള ഒരു പ്രണയത്തിന്റെ കഥ. വിശ്വ കാമുകനായ കൃഷ്ണനെപ്പോലെ, ഇരുപത്തിയേഴു കാമുകിമാരുള്ള മാധവന്‍ എന്ന പത്രപ്രവര്‍ത്തകന്റെയും ഐ ഐ ടി റാങ്ക് ഹോള്‍ഡറായ തുളസിയുടെയും കഥ. എത്ര കാമുകിമാരുണ്ടെങ്കിലും തുളസിമാത്രമാണ് എന്റെ സ്ത്രീ എന്നു പറയുന്ന മാധവനോടൊത്ത് വിനയന്‍ എന്ന സഹപാഠിയുമായുള്ള വിവാഹം വേണ്ടെന്നു വച്ച് വിവാഹത്തലേന്നാള്‍ ഇറങ്ങിത്തിരിക്കുന്ന തുളസി.എന്നാല്‍ വിവാഹ ശേഷവും മാധവന്‍ പരസ്ത്രീകള്‍ക്കൊപ്പം പോയി.തുളസിയെ ഉപേക്ഷിച്ച് അയാള്‍ ഭാമയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.
വിവാഹ മോചനപത്രം ഒപ്പിട്ട കൊടുത്ത്, ഒരു രാത്രി അയാളോടൊപ്പം രമിച്ച്, പിറ്റേന്നു കാലത്ത് സ്വന്തം രണ്ടു കുട്ടികള്‍ക്കും വിഷം കൊടുത്ത് കൊന്ന് അയാള്‍ക്കു കാഴ്ചവച്ച് തുളസി അവിടെ നിന്നിറങ്ങുന്നു. അവള്‍ ചെന്നെത്തുന്നത് വൃന്ദാവനത്തിലാണ് അനാഥരായ പതിനായിരക്കണക്കിനു സ്ത്രീകള്‍ കൃഷ്ണന്റെ സഖിമാരായി തലമുണ്ഡനം ചെയ്ത് പിച്ച തെണ്ടി ജീവിക്കുന്ന ധര്‍മ്മശാലയില്‍. അവിടെ അവള്‍ മാധവനെയും കാത്ത് ജീവിക്കുന്നു, ഉള്ളില്‍ ഒടുങ്ങാത്ത പകയുടെ വിഷവുമായി പന്ത്രണ്ടു സംവത്സരങ്ങള്‍. ഒടുവില്‍ മാധവനെത്തുന്നു, ഒരു വശം തളര്‍ന്ന്, ഭാമയാല്‍ പണ്ടേ ഉപേക്ഷിക്കപ്പെട്ട്. അവളൊരു കൃഷ്ണ സര്‍പ്പത്തെപ്പോലെ ഫണമുയര്‍ത്തി.
ഉടലിന്റെ വശ്യതതേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരെ പ്രതികാരം ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ പറയുകയാണ് മീരാസാധു എന്ന നോവലിലൂടെ കെ ആര്‍ മീര. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില്‍ പ്രകാശിതമാവുന്നു ഇവിടെ. ഒപ്പം കൃഷണ കഥകളുടെ പുരാവൃത്ത സൂചനകള്‍ നോവലിന് അധികമാനം നല്കുകയും ചെയ്യുന്നു.
കെ ആര്‍ മീരയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post ഒരു ‘മീരാസാധു’വിന്റെ കഥ first appeared on DC Books.