കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിൽ സമ്മാനാർഹമായതും ചുരുക്കപ്പട്ടികയിൽ ഇടം നേടിയതുമായ നോവലുകൾ ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം. സുരേഷ് കുമാര്‍ വി-യുടെ ‘സുബേദാര്‍ ചന്ദ്രനാഥ് റോയ്’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. കൃപ അമ്പാടിയുടെ ‘#മൺപാവ സിനിഫൈല്‍സ് ‘,അനുപമ ശശിധരന്റെ ‘തുംബാലെ’, ഡോ.മുഹ്‌സിന കെ ഇസ്മായിലിന്റെ ‘ആല്‍ 2.0’, സിബി ജോണ്‍ തൂവലിന്റെ ‘എ ഐ ബൊമ്മു’ എന്നീ നോവലുകളാണ് ബാലസാഹിത്യ നോവല്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.
സുബേദാര്‍ ചന്ദ്രനാഥ് റോയ്-സുരേഷ്കുമാര്‍ വി മനുഷ്യൻ നമ്മുടെ ഗ്രഹത്തിലെ ജീവികളിൽ ഒന്നുമാത്രമാണെന്ന ബോധത്തിൽനിന്ന് വേണം ഓരോ മനുഷ്യനും ജീവിക്കാൻ തുടങ്ങേണ്ടത്. കുടുംബമായി നിരത്തിലൂടെ നടന്നുപോകുമ്പോൾ മനുഷ്യനെക്കാൾ ശക്തനായ ഒരു ജീവി, ആകാശമാർഗ്ഗേ വന്ന് അതിലൊരാളെ റാഞ്ചിക്കൊണ്ടു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? അത്തരത്തിൽ ഉദ്വേഗജനകമായ ഒട്ടേറെ സന്ദർഭങ്ങൾ കോർത്തിണക്കിയ നോവലാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി.
#മൺപാവ സിനിഫൈല്‍സ് –കൃപ അമ്പാടി പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ ജനിച്ചുവളർന്ന്, കേരളത്തിലെ സർക്കാർ സ്‌കൂളിലെത്തപ്പെട്ട ബാലുവിന്റെ ജീവിതമാണ് ‘സിനിഫൈൽസ്’ എന്ന നോവൽ. സിനിമാപ്രേമികളായ കുറച്ച് സ്‌കൂൾകുട്ടികൾ ചേർന്ന് ബാലുവിന്റെ ജീവിതം ‘മൺപാവ’ എന്ന സിനിമയാക്കി. ആയതിനാൽ, ‘മൺപാവ’ എന്ന സിനിമയുടെ തിരക്കഥകൂടിയാണ് #മൺപാവ @സിനിഫൈൽസ് എന്ന നോവൽ. വെസ്റ്റ് ബംഗാളിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ പാവനിർമ്മാണത്തിന്റെ ചരിത്രം ആ നോവലിൽ ഇഴുകിച്ചേർന്നിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി.
തുംബാലെ-അനുപമ ശശിധരന്‍ ഒറ്റപ്പെട്ട ഒരു ദ്വീപിൽ താമസിക്കുന്ന ഒലിയും ഇയോമിയും മുഴുവൻ മനുഷ്യരെയും കൊന്നൊടുക്കിയ പകർച്ച വ്യാധിയെ അതിജീവിച്ചവരെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നു. ദ്വീപുകളിലുടനീളമുള്ള സാഹസികയാത്രയിലേക്ക് അതവരെ കൊണ്ടുപോകുന്നു, അവർ പ്രകൃതിദുരന്തങ്ങളിലൂടെ സഞ്ചരിക്കുകയും ശക്തരായ എതിരാളികളെ നേരിടുകയും ചെയ്യുമ്പോൾ, ഒലിയുടെയും ഇയോമിയുടെയും കഥ അസാധാരണമായ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും കഥയായി മാറുന്നു. നാടോടിക്കഥകളും യാഥാർത്ഥ്യവും ഇഴചേരുന്ന ഒരു ആഖ്യാനരീതിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി.
ആല്‍ 2.0 -മുഹ്‌സിന കെ ഇസ്‌മായില്‍ ആർട്ടിഫിഷ്യൽ ഇന്റലിജെൻസും ഇലക്ട്രോണിക് ഗെയിമുമാണ് നോവലിന്റെ പ്രമേയം. പ്രകൃതിയിൽനിന്നുൾക്കൊള്ളേണ്ടണ്ട അമൂല്യപാഠങ്ങളും കുട്ടികളുടെ ബുദ്ധിവികാസത്തിനായുള്ള ഡിറ്റക്ടീവ് ചോദ്യങ്ങളും അവർക്ക് വായിച്ചു രസിക്കാവുന്ന തമാശകളുമടങ്ങിയതാണ് ഈ നോവൽ.
എ. ഐ. ബൊമ്മു- സിബി ജോണ്‍ തൂവല്‍ വായനയുടെ രസത്തിനൊപ്പം വിജ്ഞാനം പകരുന്ന ധാരാളം അറിവുകളും കൂടുതൽ നല്ല മനുഷ്യനാകാനുള്ള പ്രേരണയും പ്രോത്സാഹനവും കുട്ടികൾക്കു നൽകുന്ന നോവൽ. ഇപ്പോഴത്തെ കാലഘട്ടത്തിനനുസരിച്ചുള്ള ഉള്ളടക്കമാണ് നോവലിന്റെ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റു പുതിയ സാങ്കേതികവിദ്യകളും ഭാവനയുടെ മേമ്പൊടി ചേർത്ത് നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ ശാസ്ത്രരംഗത്തു നടക്കുന്ന അതിശയകരമായ പുതിയ കണ്ടെത്തലുകളും അവ മനുഷ്യന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാമെന്നും സ്വാധീനിക്കാമെന്നും നോവലിലൂടെ കടന്നുപോകുമ്പോൾ എളുപ്പം മനസ്സിലാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി.