ഒരു നിര്‍വചനത്തിനും പിടിതരാത്ത വികാരമാണ് പ്രണയം. ഒരു പ്രണയം മറ്റൊന്നുപോലെ ആയിരിക്കില്ല. ജെയ്ന്‍ ഓസ്റ്റിന്‍ പറയുന്നു, ‘നിമിഷങ്ങള്‍ എത്രയെണ്ണമുണ്ടോ അത്രയും പ്രണയങ്ങളുമുണ്ട്.’അത് അഭിനിവേശമല്ല, വൈകാരികതയുമല്ല. ആരോ, എങ്ങനെയോ നിങ്ങളെ പൂര്‍ണ്ണനാക്കുന്നുവെന്ന അഗാധമായ അറിവാണ്. ‘ആ ഒരാളിന്റെ സാന്നിദ്ധ്യം, ആ ഓര്‍മ്മകള്‍ നിങ്ങളുടെ മനസ്സില്‍ ആയിരം റോസാപ്പൂക്കള്‍ വിരിയിക്കുന്നുവെങ്കില്‍… അതേ നിങ്ങളിപ്പോഴും പ്രണയത്തിലാണ്.’
ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടേയും വ്യത്യസ്ത തലങ്ങളെ എഴുത്തിലേക്ക് ആവാഹിച്ച കഥാകാരിയാണ് ഇന്ദു മേനോന്‍. പൊട്ടിത്തെറിച്ച് നിറങ്ങളും തീയും പുകയും വാരിവിതറുന്ന മത്തുപിടിപ്പിക്കുന്ന ഭാഷ, പ്രണയത്തിന്റെ നനുനനുപ്പ്… അങ്ങനെ ഇന്ദുമേനോന്റെ എഴുത്തുകള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്. അകാല്പനികമായ പ്രണയത്തിലൂടെ അവ അഗാധമായ രാഷ്ട്രീയമാനങ്ങള്‍ ആര്‍ജ്ജിക്കുന്നു.
”ഞാനീ പ്രഭാതത്തിൽ പ്രേമത്തെ പറ്റി ഓർക്കുന്നു…..” എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദു മേനോന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. അതിമനോഹരമായ ഭാഷയില്‍ ഒരു പ്രണയകഥയെക്കുറിച്ചുള്ള വിവരണാണത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘രാഗങ്ങള്‍ക്കുമുണ്ടൊരു കാലം’ എന്ന ഏറ്റവും പുതിയ പുസ്തകത്തില്‍ ഇന്ദുമേനോന്‍ എഴുതിയ കഥയുമുണ്ട്. പ്രശസ്തവും ജനകീയവുമായ പ്രണയകഥകളുടെ സമാഹാരമാണ് ‘രാഗങ്ങള്‍ക്കുമുണ്ടൊരു കാലം’. ഉത്കൃഷ്ടമായ പ്രണയം എന്ന വികാരം വിവിധങ്ങളായ വേഷപ്പകര്‍ച്ചകളോടെ കടന്നുവരുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉന്മാദവും രതിയും മോഹങ്ങളും സ്വപ്നങ്ങളും വിരഹവുമൊക്കെ നിറഞ്ഞ ഒരു ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു കഥയിലേക്കുള്ള സൂചനകളാണ് ഇന്ദുമേനോന്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘പ്രണയോന്മാദത്തില്‍ അവനെ കൊന്നു തിന്നുന്ന പ്രിയ ഡാകിനിമാരേ…’ എന്റെ പ്രേമത്തെക്കുറിച്ച് വായിക്കുമല്ലോ എന്ന് കുറിച്ചുകൊണ്ടാണ് എഴുത്തുകാരി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
ഞാനീ പ്രഭാതത്തിൽ പ്രേമത്തെ പറ്റി ഓർക്കുന്നു…..
കാടിന്റെ വന്യത ഇലകൾ പൂട്ടി ഉറങ്ങുന്നു. സൂര്യനുണരാൻ ഇനിയും സമയമുണ്ടായിരിക്കും. മഞ്ഞുതുള്ളികളിൽ പളുങ്ക് പോലെ തിളങ്ങുന്ന ഇളം രശ്മികൾ ചാന്ദ്ര ബാക്കി പോലെ സംശയിച്ച് പതുങ്ങി നിന്നു.
കുഞ്ഞു പുഴുക്കൾ പച്ചയിലകൾ കടിച്ചു തിന്ന്, പള്ളയിൽ നിന്നും നൂൽ നൂൽ നൂൽത്ത് കാട്ടുപേര മരം ഇറങ്ങി. പന്തദൂപ്പ പുതച്ചത് പോലെ കോട തണുക്കുന്നു. പുകയുരുളകൾ വിടരുന്നു. ഉറച്ച ശരീരങ്ങളുള്ള അനവധി കരിമരുതുകളുടെ തോട്ടം. സോറിയാസിസ് രോഗികളെ പോലെ വിണ്ട തൊലികളിൽ നിസ്സഹായത. കാറ്റിന് കുടകിന്റെ കാപ്പി മണം . ഈ കാടിന് മരുതു പൂവുകളുടെ കൈയ്ക്കുന്ന മണം. നാവ് തട്ടുമ്പോൾ ചുണ്ടുകൾ പോലും കൈപ്പാർന്ന ഓർമ്മ. ഇടയിൽ അവൻ ; എൻറെ സ്വർണ്ണ ചന്ദനമരം. ഉരുണ്ട ഉടൽ, തിളങ്ങുന്ന എളുങ്ക് തൊലി. നെഞ്ചിൽ എന്നെ ആവാഹിച്ച ഇരുമ്പാണി മൊട്ടുകൾ. അവന്റെ ചില്ലകളിൽ അനേക കിളികൾ. നിലവിളിക്കുന്ന അനേക ഇരട്ടത്തലച്ചികളുടെ മൂത്രം വീണിട്ടും നനഞ്ഞിട്ടും അവന്റെ മണം ദേവാലയത്തെപ്പോലെ പരിശുദ്ധം തന്നെ.അവൻറെ വേരുകളിൽ കസ്തൂരി മാനുകൾ താടിയുരയ്ക്കുന്നു. ശരിയാണ് അവൻ ഒരു പഴയകാല ചന്ദനമരമാണ്. അവൻ തന്റെ തായ്ത്തടി വെട്ടി പണിത അമാടപ്പെട്ടിയിലാണ് ഞാൻ ജീവിക്കുന്നത്. എന്നാണ് അവൻ എന്നെ അവൻ എന്ന് പെട്ടിയിൽ അടച്ചു കളഞ്ഞത്?
എനിക്ക് അഞ്ചു ആറോ വയസ്സുള്ളപ്പോൾ മൈസൂരിലെ ടിപ്പുസുൽത്താന്റെ കോട്ട മുറ്റത്ത് വച്ച്. ഞാനോർത്തു. കൊട്ടാരത്തിനു മുമ്പിൽ, ആയിരം നാരങ്ങ മഞ്ഞ വെളിച്ചങ്ങളുടെ ദീപ ജ്യോതിയിൽ, വെള്ള അറബി തൊപ്പി വെച്ച്, അവൻ പുല്ലാംകുഴൽ വായിക്കുന്നത് ഞാൻ കണ്ടു. അസാധാരണമായതും മായികവുമായ ഒരു സൗന്ദര്യം ആമുഖത്തിനുണ്ടായിരുന്നു. ഒരു പക്ഷെ ആരെയും ലഹരി പിടിപ്പിച്ചു കളയുന്ന വിധത്തിൽ സൂര്യ വൃത്തങ്ങൾ ചുറഞ്ഞ ഇളം ചാരക്കണ്ണുകളും. അവന്റെ ഈണങ്ങളിൽ വിഷാദത്തിന്റെ രാത്രികൾ ഉറഞ്ഞു കിടന്നു. അവൻറെ താളങ്ങളിൽ വന്യമായ കുളമ്പടികൾ പോലെ എന്തോ മുഴങ്ങിക്കൊണ്ടിരുന്നു. എത്ര ആവശ്യപ്പെട്ടിട്ടും അവൻ വിറ്റുകൊണ്ടിരുന്ന പുല്ലാംകുഴലിൽ നിന്നും എനിക്ക് എന്റെ അച്ഛനും അമ്മയോ ഒന്നു പോലും വാങ്ങിത്തരികയുണ്ടായില്ല.
ബസ്സിലെ അവസാനത്തെ സീറ്റിൽ ഇരിക്കുമ്പോൾ ഞാൻ അയാളെ നോക്കി കരഞ്ഞു കൊണ്ടേയിരുന്നു. കണ്ണീർച്ചില്ലു മുഖാവരണം ധരിച്ച് ഒരു പെൺ പാവയായിരുന്നു ഞാൻ. അയാൾ നിസ്സഹായതയോടെ എനിക്കുവേണ്ടി ഏതോ ഒരു പഴയ ഈണം വായിച്ചുകൊണ്ടേയിരുന്നു. കരയരുത് കരയരുത് എന്ന് മുഖംകൊണ്ടും കൈക്കൊണ്ടും അയാൾ ആംഗ്യം കാണിച്ചു കൊണ്ടിരുന്നു. ജീവിതത്തിൽ ഒരിക്കലും ഞാൻ അയാളെ ഇനി കാണുകയില്ലെന്നും അതിൽ പ്രതി ഞാൻ മരിച്ചു പോകും എന്നും ആ നിമിഷം ഞാൻ വിശ്വസിച്ചു. അതൊരു പ്രേമം ആയിരുന്നില്ല. ഒരു പുരുഷനെയും പ്രേമിക്കാനുള്ള പ്രായവും ആയിരുന്നില്ല എനിക്ക്. ഈണത്തെ സ്നേഹിക്കുന്നവർക്ക് പുല്ലാംകുഴലിനോടുള്ള പ്രാണപ്രിയത . അല്പം കഴിഞ്ഞപ്പോൾ അയാൾ ബസ്സിനടുത്തേക്ക് നടന്നുവരുന്നത് കണ്ടു.
“നിനക്ക് വേണോ ഇത്?”
അയാൾ സ്നേഹത്തോടെ ചുംബിച്ചുകൊണ്ടിരുന്നു പുല്ലാംകുഴൽ എനിക്ക് നീട്ടി. അയാളുടെ ഉമിനീർ തട്ടിയ പുല്ലാംകുഴൽ
“അവൾക്ക് വേണ്ട.”
അമ്മ അതും നിരസിച്ചു കളഞ്ഞു. ഇരുട്ട് പതിയെ ഇറങ്ങിയ ആ സമയത്ത് അയാൾക്ക് ചന്ദനമരത്തിന്റെ തായുടൽ ഛായയുണ്ടെന്ന് മനസ്സിലായി.
വർഷങ്ങൾക്ക് ശേഷം അവൻ എന്റെ ജീവിതത്തിൽ തിരികെ വന്നപ്പോൾ അനേക വിഡ്ഢികളുടെ ഇടയിൽ ജീവിച്ചു മടുത്ത കൗമാര കാലത്തെയും യൗവന കാലത്തെയും പറ്റി ഞാൻ ഓർത്തത് പോലുമില്ല. പൂക്കളോ സുഗന്ധങ്ങളോ ഇല്ലാതെ ഉടലിൽ പഴങ്ങൾ പൊടിച്ചുവരുന്ന ഏതോ വിഷാദ കാലം. ഞാനവയെ മറികടന്നിരിക്കുന്നു. കാലങ്ങളിൽ പോലും മങ്ങിപ്പോയ ഒരു ഓർമ്മയായി മാറിയിട്ട് പോലും അവനെ വിട്ടു കളയുവാനോ ഉപേക്ഷിക്കുവാനോ എനിക്ക് സാധിച്ചില്ല. എനിക്കറിയാം ഈ ഭൂലോകത്തെ മറ്റ് വിഡ്ഢികളായ മരുതുകളെ പോലെ ആയിരുന്നില്ല അവൻ. എന്നെയവൻ ആത്മാവിലാണ് സൂക്ഷിച്ചത്. കൈവെള്ളയിലാണ് വീഴാതിറുക്കിയത്. അവന് ഞാനൊരു മഞ്ഞുകാല പാവയോ പൂമ്പാറ്റയോ പാട്ട് കേട്ട് പ്രാണനറുന്ന് നിലവിളിച്ച ഓമന പെൺകുട്ടിയോ ആയിരുന്നിരിക്കാം. അവന്റെ ഈണങ്ങൾ കേട്ട് ഉന്മാദിച്ച് ചിരിച്ചവൾ ആകാം. അവൻ നീട്ടിയിട്ടും, പ്രേമത്തിന്റെ പുല്ലാംകുഴൽ – അവന്റെ ചുണ്ടുകൾ സ്പർശിച്ച പുല്ലാംകുഴൽ – സ്വീകരിക്കുവാൻ കഴിയാതിരുന്ന ഒരു നിസ്സഹായയായ ഒരു കൊച്ചു പെൺകുട്ടിയായിരുന്നിരിക്കാം. എന്നിട്ടും അവൻ എന്നെ അനന്തകാലത്തോളം രഹസ്യമായി സൂക്ഷിച്ചു. എനിക്ക് മുടി വളരുന്നതും എനിക്ക് മുല വളരുന്നതും എന്റെ ഉടൽ തിടം വെച്ചു പൂക്കുന്നതും അവനെ അലോസരപ്പെടുത്തിയില്ല. എന്റെ ഭ്രാന്തുകൾ ഉച്ചിയിൽ പൂത്തിട്ടും അവൻ എന്നിലുള്ള കൗതുകം വിട്ടു കളഞ്ഞില്ല. ഞാനെന്ന കൊച്ചു പെൺകുട്ടിയെ കൈവശം വയ്ക്കുവാനുള്ള രഹസ്യവിദ്യ മധുരങ്ങൾ അവനറിയാമായിരുന്നു. ആന്തൂറിയം ഇലകളുടെ മൃദുലതയുള്ള കൈകൾ കൊണ്ട് എന്റെ ഉന്മാദങ്ങളെ ഒറ്റ ആണിയിൽ ആവാഹിച്ച് ഹൃദയത്തിന് മീതെയുള്ള മുലക്കണ്ണിൽ അവൻ തറച്ചു വച്ചിരുന്നു. ഇടയ്ക്ക് ഞാനവ മറു മന്ത്രവാദിനിയെ പോലെ വലിച്ചൂരി എടുക്കും. അന്നേരം പ്രതികാരത്തോടെ ഞാനവന്റെ ചോര കുടിക്കും ചെവി തിന്നും. തൊലികളെ അഴിച്ചെടുത്ത് പേശികളുടെ ചെറിയ ചെറിയ കട്ടകൾ പച്ചക്കുതിന്നും. അസ്ഥികളിൽ നിന്നും മജ്ജകൾ വലിച്ചെടുത്തു കുടിയ്ക്കും. അവന്റെ ആത്മാവിന്റെ രഹസ്യം വെളിപ്പെടുന്ന നിമിഷം എനിക്ക് വെളിപാട് ഉണ്ടാകും. അവനിൽ അവന്റെ ആത്മാവിൽ ഞാൻ മാത്രം ഇരിക്കുന്നത് കാണു ഞാൻ അമ്പരക്കും. അവനെ ഭക്ഷിക്കുമ്പോൾ ഞാൻ എന്നെ തന്നെ ഭക്ഷിക്കുന്ന രാജവെമ്പാല പെണ്ണാകുന്നു.
ഓഹ്…..
ഈ നരഭോജിനിയുടെ പ്രിയപ്പെട്ടവനെ, നീ എന്നെ പൊന്നുപോലെ സൂക്ഷിച്ചിരിക്കുന്നല്ലോ എന്ന ആഹ്ലാദത്തിൽ ഞാൻ അവന്റെ നെഞ്ചിലെ ആണിയിലേക്ക് പുനരാവാഹിക്കും..
അന്നേരം ആയിരം പന്തദൂപ്പകൾ കാട് കത്തിയത് പോലെ പുകക്കൈ ഉയർത്തും. കാട്ടുതീ എന്റെ ആത്മാവിൽ മാത്രമായിരിക്കും.
സൂര്യനുദിച്ചിട്ടും രാത്രിയായ ഇടമേ …… മലകളുടെയും നദികളുടെയും പക്ഷികളുടെയും രഹസ്യ ദ്വീപേ…….
പ്രാത:കാലത്തിൽ നൂണ്ടിറങ്ങുന്ന സൂര്യ വൃത്തക്കണ്ണുകളുടെ തിളക്കം എന്നെ വീണ്ടും പകൽക്കൊള്ളക്കാരിയാക്കുന്നു. അവൻ മുസ്ലിം ഛായയുള്ള ഹിന്ദു പുരുഷൻ എന്ന് ഞാൻ പിറുപിറുക്കുന്നു…
വായിക്കുമല്ലോ. പ്രണയോന്മാദത്തിൽ അവനെ കൊന്നു തിന്നുന്ന പ്രിയ ഡാകിനിമാരേ……..
എന്റെ പ്രേമത്തെക്കുറിച്ച് വായിക്കുമല്ലോ…
ഇന്ദുമേനോന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
‘രാഗങ്ങള്‍ക്കുമുണ്ടൊരു കാലം’ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post പ്രണയോന്മാദത്തില്‍ അവനെ കൊന്നു തിന്നുന്ന പ്രിയ ഡാകിനിമാരേ, ഇത് എന്റെ പ്രേമത്തെക്കുറിച്ച് : ഇന്ദു മേനോന്‍ എഴുതുന്നു first appeared on DC Books.