ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അശോകൻ ചരുവിലിന്റെ ‘കാട്ടൂർ കടവ്’ എന്നനോവലിനാണ് ഈ വർഷത്തെ വയലാർ അവാർഡ്. കാട്ടൂർ എന്ന തന്റെ ജന്മദേശത്തെയും അവിടത്തെ മനുഷ്യരെയും അവരുടെ രാഷ്ട്ട്രീയത്തെയും അടയാളപ്പെടുത്താൻ മാത്രമല്ല എഴുത്തുകാരൻ ഈ കൃതിയിലൂടെ ശ്രമിക്കുന്നത്, വായനക്കാരൻ അങ്ങിനെ പ്രതീക്ഷിക്കുമെങ്കിലും. ഒറ്റപ്പെട്ട ഒരു മനുഷ്യൻ സമൂഹത്തെ എങ്ങിനെയൊക്കെ നോക്കിക്കാണുന്നുവെന്നും എപ്രകാരം താൻ കണ്ട കാര്യങ്ങളെ അയാൾ അപഗ്രഥനം ചെയ്യുന്നുവെന്നുമാണ് ഈ നോവൽ ആത്യന്തികമായി പറയുന്നത്. അതിന് സ്വീകരിക്കുന്ന ഒരു മാർഗ്ഗം സോഷ്യൽ മീഡിയയാണ്. നോവലിലെ പ്രധാന കഥാപാത്രങ്ങളായ കെ എന്ന എഴുത്തുകാരനും ദിമിത്രിയും അയാളുടെതന്നെ നിഴൽരൂപമായ ഡി കാട്ടൂർ കടവും സംവദിക്കുന്നത് അങ്ങിനെയാണ്. അവർ കൈകാര്യം ചെയ്യുന്ന ഭാഷയും അത്തരത്തിലുള്ളതാണ്. സമൂഹത്തിലേയോ രാഷ്ട്രീയത്തിലേയോ ദൈനംദിനം അരങ്ങേറുന്ന ഏതു കാര്യത്തിലും അവർ ഇടപെടുകയും കലഹിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തിൽ കമ്മ്യൂണിസ്റ്റ്പാർട്ടി രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ടാകുന്നു. സമൂഹത്തിലെ ഇതുവരെയുള്ള പല പരിവർത്തനപ്രവർത്തനങ്ങളിലും പാർട്ടിയുടെ ഇടപെടലുണ്ട്. നവോത്ഥാനപ്രസ്ഥാനങ്ങളിലടക്കം നേതൃപരമായ പങ്കുവഹിച്ചിട്ടുമുണ്ട്. എങ്കിലും പില്ക്കാലത്ത് ആ വെളിച്ചങ്ങളെല്ലാം അണഞ്ഞുപോവുകയും സാമൂഹികാന്തരീക്ഷം ഇരുളടയാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ പതിയെപ്പതിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലടക്കം ഗ്രസിച്ചുതുടങ്ങുന്നതും നാം കാണേണ്ടിവരുന്നു.
പരിവർത്തനത്തിന്റെ വളർച്ചയും അപചയവും രാത്രിക്കൊരു പകലെന്നപോലെ വെളിപ്പെടുന്നത് എഴുത്തുകാരനായ കെ.യെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്. ദിമിത്രയ്ക്ക് മറ്റൊരു തരത്തിലാണത് ബാധിക്കുന്നത്. ജാതി എന്ന ഏറ്റവും മാരകമായ സാമൂഹികഘടകം ആണ് അയാളെ പ്രശ്നവല്ക്കരിക്കുന്നത്. ജാതിയുമായി ജീവിതത്തെ തുലനം ചെയ്യുന്ന കണ്ടൻകുട്ടിയാശാൻ എന്ന ഉത്തമകമ്മ്യൂണിസ്റ്റിന്ർറെ പിൻഗാമിയായിട്ടും ജാതിയുടെ അഭിമുഖീകരണത്തിൽനിന്ന് ദിമിത്രയ്ക്ക് മോചനമുണ്ടായിരുന്നില്ല. ഡി. കാട്ടൂർ കടവ് എന്ന പേരിൽ ദിമിത്രി കമ്മ്യൂണിസ്റ്റ് നേതാക്കളെയും ഒരു ഘട്ടത്തിൽ പാർട്ടിയെത്തന്നെയും വെല്ലുവിളിക്കുന്നുണ്ട് സോഷ്യൽമീഡിയയിലൂടെ. സത്യത്തിൽ, കെ എന്ന എഴുത്തുകാരനും ദിമിത്രിയും (ഡി. കാട്ടൂർക്കടവ്) ഒരേ സ്വത്വത്തിന്റെ രണ്ടു പിളർപ്പുകളാണെന്നു പറയാം. കമ്മ്യൂണിസ്റ്റ് ജീവിതത്തെ വിമർശനപരമായും സ്വയംവിമർശനപരമായും അടയാളപ്പെടുത്തുന്നു എന്നതാണ് കാട്ടൂർ കടവ് എന്ന നോവലിന്റെ സമകാലപ്രസക്തി.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post ‘കാട്ടൂർ കടവ്’ എന്ന നോവലിന്റെ സമകാലപ്രസക്തി first appeared on DC Books.