രണ്ട് കാലഘട്ടങ്ങളിലായി പറയുന്ന കഥയിലെ സൗഹൃദങ്ങൾക്ക് ഒരു ദശാബ്ദത്തിന്റെ ഇടവേളയുണ്ട്, മഞ്ഞും മഴയുംകൊണ്ട വർഷങ്ങൾക്കൊടുവിൽ കുത്തി നോവിക്കുന്ന ഓർമ്മപ്പൊട്ടുകളെയെല്ലാം സ്വതന്ത്രമാക്കിയാണ് ആപ്പളോണിയ ജീവിക്കുന്നത്; എന്നാൽ, കഴിഞ്ഞ കാലങ്ങളിലെ വേദനകളല്ല, മെർലിനെന്ന സന്തോഷത്തിന്റെ തുടർച്ചയില്ലായ്മയാണ് സാരംഗിനെ ദുർബ്ബലനാക്കുന്നത്.
കാലവും മനുഷ്യരും കുതിച്ചുപായുന്ന ലണ്ടൻ മഹാനഗരം: വർഷത്തിൽ ഒരു പകുതി തെളിഞ്ഞ ആകാശവും മറുപകുതി മടുപ്പിക്കുന്ന ഇരുട്ടിലും മുങ്ങിനിൽക്കുന്ന ഇംഗ്ലണ്ട്. അതുകൊണ്ടാവാം ഇവിടെ പകൽവെളിച്ചത്തിൽ കണ്ടുമുട്ടുന്ന മനുഷ്യമുഖങ്ങൾ മറവിയുടെ ഗതിവേഗങ്ങളിൽ മറഞ്ഞുപോകുന്നതും.
സ്വന്തം മണ്ണിനുവേണ്ടി കാർക്കശ്യത്തോടെ പോരാടുന്ന മല്ലിക, നഷ്ടപ്രതാപങ്ങളുടെ രാജകുമാരനായ ഹിരാങ്ക്, ആരെയും കൂസാതെ ജീവിതമാഘോഷിക്കുന്ന കുൻലെ, ഉൾഭയങ്ങളിൽ പിടയുന്ന വേദാന്ത്, ഒലാവി, ആപ്പളോണിയ , സാരംഗ്, മെർലിൻ അങ്ങനെയങ്ങനെ എത്ര മുഖങ്ങൾ; തങ്ങളുടെ മാത്രം ജീവിതവ്യാകരണങ്ങളിൽ മുഴുകി ഇനിയും നഗരനൈരന്തര്യങ്ങളോട് സമരസപ്പെടാത്തവർ…
ഉപരിപഠനത്തിനായി വിവിധ ദേശങ്ങളിൽനിന്നും ലണ്ടൻ നഗരത്തിലെത്തുന്ന, ഭാഷയിൽ, വിശ്വാസങ്ങളിൽ, സംസ്‌കാരങ്ങളിലൊക്കെയും വിഭിന്നരായ ഇവരെ ഒരുമിപ്പിക്കുന്നത് അതിജീവനത്തോടുള്ള അഭിനിവേശം മാത്രമാണ്. ക്യാമ്പസ്‌കാലത്തെ ആശ്രമങ്ങളിൽ ചിലവ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയുമൊക്കെ അലിഖിതഭാഷ്യമാവുന്നതാണ് ‘അഗാപ്പെ‘.
ആദ്യമായാണ് ഒരു നോവൽ എഴുതുന്നത്. ഏറ്റവും മനോഹരമായ കുറച്ചു വർഷങ്ങൾ ചെലവഴിച്ച നഗരംതന്നെ അതിലെ ഭൂമികയായത് യാദൃച്ഛികമല്ല. ഇവിടെവെച്ച് അടുത്തറിഞ്ഞ, സ്നേഹിച്ച, കൈവിട്ട മനുഷ്യരെ മറ്റേതൊരു നഗരത്തിന്റെയെങ്കിലും പശ്ചാത്തലത്തിൽ കണ്ടുമുട്ടിയിരുന്നെങ്കിൽ, ഒരുപക്ഷേ, സ്നേഹാനുപാതങ്ങൾ തീർത്തും വ്യത്യസ്‌തമായേനെ. രണ്ട് കാലഘട്ടങ്ങളിലായി പറയുന്ന കഥയിലെ സൗഹൃദങ്ങൾക്ക് ഒരു ദശാബ്ദത്തിന്റെ ഇടവേളയുണ്ട്, മഞ്ഞും മഴയുംകൊണ്ട വർഷങ്ങൾക്കൊടുവിൽ കുത്തിനോവിക്കുന്ന ഓർമ്മപ്പൊട്ടുകളെയെല്ലാം സ്വതന്ത്രമാക്കിയാണ് ആപ്പളോണിയ ജീവിക്കുന്നത്; എന്നാൽ, കഴിഞ്ഞ കാലങ്ങളിലെ വേദനകളല്ല. മെർലിനെന്ന സന്തോഷത്തിന്റെ തുടർച്ചയില്ലായ്മ്‌മയാണ് സാരംഗിനെ ദുർബ്ബലനാക്കുന്നത്. അവർക്കിടയിലെ പരസ്പ്‌പര്യത്തിൽ വീണ്ടുമാ അതിജീവനമാരംഭിക്കുകയാണ്.
നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post അഗാപ്പെ ദി അണ്‍കണ്ടീഷണല്‍ ലവ് first appeared on DC Books.