പാലൈസ്, മഴപ്പൊട്ടന്‍, മിനുക്കം, ഭൂതക്കട്ട, പാസഞ്ചര്‍, കാലടി കവിതകള്‍ തുടങ്ങി 13 പുസ്തകങ്ങള്‍ കവി മോഹനകൃഷ്ണന്‍ കാലടിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. കനകശ്രീ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ശ്രീരേഖ പുരസ്‌കാരം, അറ്റ്‌ലസ് കൈരളി അവാര്‍ഡ്, വിവേകാനന്ദ പുരസ്‌കാരം തുടങ്ങി ഒട്ടനവധി ബഹുമതികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍ അധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന്റെ പുതിയ കവിതാ സമാഹാരമാണ് കല്‍ക്കരിവണ്ടി.
പണ്ട് വഴിയില്‍ ഉപേക്ഷിച്ച് തള്ളുപ്പറഞ്ഞ കല്‍ക്കരിവണ്ടിയെക്കുറിച്ച് കൂട്ടുകാരനോട് പറയുന്ന കവിതയായാലും (കല്‍ക്കരിവണ്ടി) മകനു മുമ്പില്‍ ഉത്തരംമുട്ടി നില്‍ക്കുന്ന അച്ഛന്റെ ചിത്രണത്തിലായാലും (അച്ഛനും മകനും എന്ന കവിത) നമ്മളില്‍ വീണുതകരുന്ന കാഴ്ചയുടെ മറുപുറത്തേക്കാണ് മോഹനകൃഷ്ണന്റെ കണ്ണുകള്‍ സഞ്ചരിക്കുന്നത്. വിടര്‍ന്ന കണ്ണുകളോടെ ലോകം നോക്കിക്കാണുന്ന ഒരു കുട്ടിയുടെ നിഷ്‌കളങ്കതയുണ്ട് കല്‍ക്കരിവണ്ടിയിലെ കവിതകള്‍ക്ക്. ആ കുട്ടിയുടെ കാഴ്ച മുതിര്‍ന്നവര്‍ തകര്‍ത്തിട്ട ലോകത്തിന്റെ ഉള്ളിലൂടെ മറ്റൊരു ലോകത്തേക്കാണ്.
കൊയ്യാതായി ഒരുപാട് മഴക്കാലങ്ങളും മഞ്ഞുകാലങ്ങളും കടന്നുപോയി അവധിക്കാലം പോലും വിരസമാകുന്ന ഗ്രാമചിത്രമാണ് ‘അവധിക്കാലത്ത്, പാടത്ത്’ എന്ന കവിത വരച്ചിടുന്നത്. പെരുമഴയോടോ പൊരിവെയിലിനോടോ കുടയ്ക്ക് കൂടുതല്‍ ഇഷ്ടമെന്ന് തിരയുകയാണ് ‘കുടയോട്’ എന്ന കവിത. മുത്തച്ഛന് പേരക്കുട്ടി നല്‍കിയ ന്യൂജനറേഷന്‍ ഗിഫ്റ്റിനെക്കുറിച്ചാണ് ‘ദി ഗിഫ്റ്റ്’ പാടുന്നത്.
കാളിന്ദി, സ്‌ട്രോ, ഒരു പൂച്ചക്കുട്ടിയുടെ കഥ, മഴയുടെ പ്രാര്‍ത്ഥന, അമ്മയോട് പിണങ്ങല്ലേ, മുത്തച്ഛന്റെ പൂക്കള്‍ തുടങ്ങി 42 കവിതകള്‍ അടങ്ങുന്ന സമാഹാരമാണ് മോഹനകൃഷ്ണന്‍ കാലടിയുടെകല്‍ക്കരിവണ്ടി.
The post കല്‍ക്കരിവണ്ടിയുമായി മോഹനകൃഷ്ണന്‍ കാലടി appeared first on DC Books.