35-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്‌കോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ മലയാളികളുടെ പുറംവാസത്തിന്റെ വിവിധ തലങ്ങളെ കോര്‍ത്തിണക്കി ഷാജഹാന്‍ മാടമ്പാട്ടും എസ്. ഗോപാലകൃഷ്ണനും ‘ഇന്ത്യന്നെസ് ആന്‍ഡ് മലയാളി’ എന്ന പേരില്‍ നടത്തിയ ചര്‍ച്ച ശ്രദ്ധേയമായി. സാഹിത്യകാരന്‍ ബെന്യാമിന്‍ മോഡറേറ്ററായിരുന്ന ചര്‍ച്ചയില്‍ പ്രവാസലോകത്തിന്റെ പഴയതും പുതിയതുമായ മാറ്റത്തെക്കുറിച്ച് ഇരുവരും വാചാലരായി. പ്രവാസ എഴുത്തുകാരുടെ കൃതികളെക്കുറിച്ചും അവരുടെ ജീവിത സാഹചര്യത്തെക്കുറിച്ചും ഇരുവരും ഓര്‍മ്മിപ്പിച്ചു. കൂടാതെ തങ്ങളുടെ അനുഭവങ്ങളും ഗോപാലകൃഷ്ണനും ഷാജഹാനും പങ്കിട്ടു.
ദേവസ്വത്തില്‍ ജോലി ചെയ്തിരുന്ന വി.കെ.എന്‍ മൂന്ന് കൊല്ലത്തെ ഡല്‍ഹി വാസകാലത്താണ് മികച്ച കഥകള്‍ എഴുതിയതെന്നെന്നും കേരളത്തിന് പുറത്തുനിന്ന് ഭാഷയെ പരിപോഷിപ്പിച്ചതില്‍ അധികവും ഗദ്യ സാഹിത്യകാരന്‍മാരായിരുന്നെന്നും ഗോപാകൃഷ്ണന്‍ പറഞ്ഞു. കെ സച്ചിദാനന്ദന്‍, പാലൂര്‍, ചെറിയാന്‍ കെ. ചെറിയാന്‍ തുടങ്ങിയ വിരലില്‍ എണ്ണാവുന്ന കവികളാണ് കേരളത്തിന് പുറത്തുനിന്ന് മലയാളത്തില്‍ എഴുതിയിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദല്‍ഹി മലയാളികളുടെ രണ്ടാം തലമുറ മലയാളത്തെ പൂര്‍ണമായും കൈയ്യൊഴിയുകയാണ്. മലയാളത്തിന് ശ്രേഷഠകൃതികള്‍ നല്‍കിയ എഴുത്തുകാരുടെ മക്കള്‍ക്കുപോലും മലയാളം അറിയാത്ത കാലമാണിതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ബാബരി മസ്ജിദ് പൊളിച്ച കാലത്ത് ഡല്‍ഹിയിലത്തെുമ്പോള്‍ അവിടെ ഫാസിസത്തിനെതിരെയുള്ള സമരങ്ങള്‍ നടക്കുകയായിരുന്നു. വര്‍ഗീയതയെ ചെറുക്കാനുള്ള സമരങ്ങളില്‍ ഭാഗമാകാന്‍ അവിടെ എത്തിയ കാലത്ത് തന്നെ കഴിഞ്ഞതായി ഷാജഹാന്‍ പറഞ്ഞു. മലയാളിയുടെ അന്നത്തെ ഐക്യം ഉത്തരേന്ത്യയില്‍ അന്ന് കാണാനില്ലായിരുന്നു. അവരെ ശുദ്ധികരിച്ച് എടുക്കണമെന്ന അത്മാഭിമാനം അന്ന് മനസ്സില്‍ തെളിഞ്ഞു. എന്നാല്‍, ഇന്ന് നമ്മുടെ തന്നെ സ്ഥിതി മോശമാകുന്നതായി അദ്ദേഹം പറഞ്ഞു.
കൂടാതെ ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാര്‍ മലയാളത്തില്‍ കുറയാന്‍ പ്രധാന കാരണം കേരളത്തില്‍ വന്‍ നഗരങ്ങളില്ലാത്തത് തന്നെയായിരുന്നുവെന്ന് ഷാജഹാന്‍ പറഞ്ഞു. എന്നാല്‍, ആഗോളവത്കരണത്തിന് ശേഷം ഇതില്‍ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. ആഗോളവത്കരണത്തിന് ശേഷം ഭൂരിപക്ഷ വര്‍ഗീയതയും ന്യുനപക്ഷ വര്‍ഗീയതയും വളര്‍ന്നിട്ടുണ്ട്. പൊതുമാന്യത, മാധ്യമശ്രദ്ധ എന്നിവ ഇതിന് വല്ലാതെ വളം പകര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപറഞ്ഞു.
വിവര്‍ത്തന സാഹിത്യത്തിന്റെ മധുരം ആവോളം ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായവരാണ് മലയാളികള്‍. ബംഗാളില്‍ നിന്നും മറ്റും നല്ല കൃതികള്‍ മലയാളത്തിന് ലഭിച്ചു.എന്നാല്‍, ശ്രീനാരായണ ഗുരുവിന്റെയും മറ്റും കൃതികള്‍ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാത്തത് അവരുടെ വലിയ നഷ്ടമായെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ദുബൈയില്‍ ജീവിക്കുമ്പോള്‍ മലയാളത്തിന് പുറത്താണെന്ന അന്യതാബോധം തീരെ അലട്ടുന്നില്ലെന്നും എന്നാല്‍ ദല്‍ഹി വാസകാലത്ത് ഇത് ഏറെ അലട്ടിയിരുന്നുവെന്നും സദസ്സിന്റെ ചോദ്യത്തിന് ഉത്തരമായി ഷജഹാന്‍ പറഞ്ഞു.
എസ്. ഗോപാലകൃഷ്ണന്‍ എഴുതിയ ‘മനുഷ്യനുമായുള്ള ഉടമ്പടികള്‍’ പുസ്തകം ബെന്യാമിന്‍ ഷാജഹാന്‍ മാടമ്പാട്ടിന് നല്‍കി പ്രകാശനം ചെയ്തു. റേഡിയോ മാംഗോ ആര്‍.ജെ സ്‌നിജ അവതാരകയായിരുന്നു.
The post പ്രവാസത്തിന്റെ അനുഭവങ്ങള്‍ പങ്കിട്ട് എസ് ഗോപാലകൃഷ്ണനും ഷാജഹാന്‍ മാടമ്പാട്ടും appeared first on DC Books.