ആധുനികകാലം മുതലേ മലയാളകഥയില്‍ രാഷ്ട്രീയമുണ്ട്. കഥാകൃത്തിന്റെ മുന്‍ഗണനയിലെ വ്യത്യസ്തതയാണ് കഥയിലെ രാഷ്ട്രീയത്തിന്റെ സ്വരൂപം നിര്‍മ്മിക്കുന്നത്. ആ സ്ഥിതിക്ക് പരിശോധിച്ചാല്‍ ജലസന്ധി എന്ന കഥാസമാഹാരത്തിലൂടെ പി.സുരേന്ദ്രന്‍ ചിത്രീകരിക്കുന്നത് ഭൂമിയുടെയും മാനവികതയുടെയും രാഷ്ട്രീയമാണെന്ന് പറയാം.
ജലസന്ധിയിലെ ഓരോ കഥയും ഓരോ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. നമ്മുടെ കാലത്തിന്റെ ഉത്കണ്ഠകളും വേദനകളും വായനക്കാരിലേക്ക് സംക്രമിപ്പിക്കുന്ന ഓരോ വാഹിനികളാണ് അവയെല്ലാം. ഏത് കാലത്തോടും സംവദിക്കാനുള്ള ശേഷി അവയ്ക്കുള്ളതുകൊണ്ടാണ് ജലസന്ധിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. ഈ പുസ്തകത്തിന്റെ രണ്ടാം ഡി സി ബുക്‌സ് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
ചിത്രകാരനും ശില്പിയുമായ സുനില്‍ മുഹമ്മദിന്റെയും കൂട്ടുകാരന്‍ നരേന്ദ്രന്റെയും ഓര്‍മ്മകളില്‍ നിന്ന് കണ്ടെടുക്കപ്പെടുന്ന ഏതാനും ഭ്രാന്തന്മാരെക്കുറിച്ചുള്ള കഥയാണ് ‘ഭ്രാന്തിനെക്കുറിച്ച് ഒരു ഉപന്യാസം’. ഒരു സമൂഹത്തില്‍ ഭ്രാന്തുള്ളവനും ഇല്ലാത്തവനും ആരെന്നു തീരുമാനിക്കുന്നത് സമൂഹം സ്വീകരിക്കുന്ന ചില നിലപാടുകളാണെന്ന് ഈ കഥ ചൂണ്ടിക്കാട്ടുന്നു. ഭ്രാന്തിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തകിടം മറിക്കുന്നതാണ് ഈ രചന.
സന്ദീപ് എന്ന യുവകഥാകൃത്തും പത്രാധിപരായ അച്ഛന്‍ രാജശേഖരന്‍ നായരും തമ്മിലുള്ള അഭിപ്രായഭിന്നതകളിലൂടെ വികസിക്കുന്ന കഥയാണ് ‘തലമുറകള്‍’. ജീവിച്ചിരിക്കുന്ന എഴുത്തുകാരുടെ പേരുകളുപയോഗിച്ചുകൊണ്ട് കഥയ്ക്ക് മെറ്റാഫിക്ഷന്‍ ശൈലി നല്‍കാനുള്ള ശ്രമം ഏറെ ശ്രദ്ധേയമാണ്.
ഉച്ചത്തില്‍ സംസാരിക്കുന്ന വിക്കുള്ള ഒരാളുടെ കഥയാണ് ‘ജലസന്ധി‘. സമരമുഖങ്ങളില്‍ ഇടിമുഴക്കമായിരുന്ന ആ സ്വരം രാഷ്ട്രീയപാതകളില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ആര്‍ക്കും വേണ്ടാതായപ്പോളാണ് അവനെ പ്രണയം വന്ന് തൊടുന്നത്. പിന്നെ നടന്നതൊക്കെ അപ്രതീക്ഷിതമായിരുന്നു.
ഉത്തരാധുനിക ശരീരം, സ്വാതന്ത്ര്യം യുദ്ധം മരണം, പുരാവശേഷം, ഡ്രാക്കുള, അമ്മയില്ലാത്ത വീട്, വാക്കുകളിലെ ശേഷിപ്പ് തുടങ്ങി 17 കഥകളാണ് ജലസന്ധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡിനു പുറമേ തോപ്പില്‍ രവി പുരസ്‌കാരവും ഈ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്.
മുപ്പതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പി.സുരേന്ദ്രന്‍ ചൈനീസ് മാര്‍ക്കറ്റ് എന്ന കൃതിയിലൂടെ ഓടക്കുഴല്‍ പുരസ്‌കാരവും കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുത്തകഥകള്‍ (1981-2011), ശൂന്യമനുഷ്യര്‍, ദേവദാസികളും ഹിജഡകളും, ഗ്രീഷ്മമാപിനി, ഭൂതനേത്രം, പി സുരേന്ദ്രന്റെ 5 നോവലുകള്‍, ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍, 111 ചെറിയ കഥകള്‍ തുടങ്ങിയവ ശ്രദ്ധേയ കൃതികളില്‍ ചിലതാണ്.
The post ഭൂമിയുടെയും മാനവികതയുടെയും രാഷ്ട്രീയവുമായി ജലസന്ധി appeared first on DC Books.