1498ല്‍ വാസ്‌കോ ഡ ഗാമ മലബാറിലെത്തിയപ്പോള്‍ ആദ്യമായി കപ്പലിറങ്ങിയത് കാപ്പാട് കടപ്പുറത്തു തന്നെയായിരുന്നോ? അതൊരു കള്ളക്കഥയാണെങ്കില്‍ പാഠപുസ്തകങ്ങളിലൂടെ ആ നുണ ആവര്‍ത്തിച്ച്, ജനങ്ങളെ വിഡ്ഢികളാക്കിയതിനു കാരണക്കാര്‍ ആരാണ്? തെറ്റായി നമ്മുടെ തലമുറകളെ ചരിത്രം അഭ്യസിപ്പിക്കുന്നത് ആരാണ്?
ഗാമയുടെ കാപ്പാട് കപ്പലിറക്കത്തെക്കുറിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്ന ഔദ്യോഗിക സ്ഥാപനത്തിന്റെ വാദഗതികള്‍ രേഖകളുടെ പിന്‍ബലത്തോടെ പൊളിച്ചിട്ട് കാലം ഒരുപാടായി. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ട് അടുക്കുമ്പോഴും കാപ്പാടുള്ള സ്തൂപലിഖിതവും ചരിത്രവും തിരുത്തപ്പെടാതെ കിടക്കുന്നു. ഇത് തദ്ദേശീയരെ മാത്രമല്ല, കേരളത്തെ ആകമാനവും സഞ്ചാരികളെയും കബളിപ്പിക്കുന്നതിനു തുല്യമല്ലേ?
വിവിധ ചരിത്രകാരുടെ വിലയിരുത്തലുകളെ അധികരിച്ച് വാസ്‌കോ ഡ ഗാമ കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങി എന്ന ചരിത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് പ്രമുഖ ചരിത്രപണ്ഡിതനായ ഡോ.എം.ജി.എസ്.നാരായണന്‍. കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങാനുള്ള സൗകര്യമില്ലാത്തതിനാല്‍ സാമൂതിരിയുടെ നിര്‍ദേശപ്രകാരം വടക്കുള്ള പന്തലായിനി കൊല്ലം കപ്പല്‍കടവിലാണ് ഗാമ ഇറങ്ങിയതെന്ന് തെളിവുകളുടെ വെളിച്ചത്തില്‍ എം.ജി.എസ് സമര്‍ത്ഥിക്കുന്നു.
ഗാമയും കൂട്ടരും കോഴിക്കോട്ടേക്ക് പോകുന്ന വഴി ഒരു ക്ഷേത്രത്തില്‍ ഇറങ്ങി കുളത്തില്‍ കുളിച്ച് പ്രാര്‍ത്ഥിച്ചതായും എം.ജി.എസ് തെളിവ് നിരത്തുന്നു. അഞ്ച് നൂറ്റാണ്ടു മുമ്പ് അഹിന്ദുക്കളെ ദേവാലയങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന മതഭ്രാന്ത് കേരളത്തില്‍ ഇല്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേരളചരിത്രത്തിലെ പ്രധാനപ്പെട്ട കള്ളക്കഥകളില്‍ പത്തെണ്ണം തിരഞ്ഞെടുത്ത് ഒരു മാലയായി കോര്‍ത്ത് കൈരളിയുടെ കണ്ഠത്തില്‍ ചാര്‍ത്തുകയാണ് കേരളചരിത്രത്തിലെ പത്തു കള്ളക്കഥകള്‍ എന്ന കൃതിയിലൂടെ എം.ജി.എസ്‌നാരായണന്‍. കേരളം അറുപത് വര്‍ഷം പിന്നിടുമ്പോള്‍ നാളിതുവരെ നാം സത്യമെന്നുകരുതി വിശ്വസിച്ചുപോന്നിരുന്ന ചില കഥകളുടെ പൊള്ളത്തരങ്ങളെക്കുറിച്ചുള്ള പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന കാഴ്ചപ്പാടിലാണ് ഈ ഉദ്യമം.
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തകപരമ്പര പ്രസിദ്ധീകരിക്കുകയാണ് ഡി സി ബുക്‌സ്. ഇതിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന പുസ്തകമാണ് കേരളചരിത്രത്തിലെ പത്തു കള്ളക്കഥകള്‍.
The post വാസ്‌കോ ഡ ഗാമ കാപ്പാട് കപ്പലിറങ്ങിയ ‘കഥ’ appeared first on DC Books.