മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദനെ മുഖ്യകഥാപാത്രമാക്കി പി.സുരേന്ദ്രന്‍ എഴുതിയ ഗ്രീഷ്മമാപിനി എന്ന നോവല്‍ എഴുത്തുകാരന്‍ പിന്‍വലിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു എഴുത്തുകാരന്‍ സ്വന്തം നോവല്‍ പിന്‍വലിക്കുന്നത്.
വി.എസ്.അച്യുതാനന്ദനോടുള്ള മതിപ്പ് കുറഞ്ഞതാണ് പിന്‍വലിക്കാന്‍ കാരണമായി സുരേന്ദ്രന്‍ പറയുന്നത്. അധികാര കൊതി മാറാതെ കടിച്ചു തൂങ്ങി നില്‍ക്കുന്ന നേതാവായി അദ്ദേഹം മാറി. സ്ഥാനത്തിനും ഓഫീസിനും വേണ്ടി ശരണാര്‍ത്ഥിയെപ്പോലെ അലയുകയാണ് വി.എസ് ഇപ്പോള്‍. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പാടില്ലായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സി.പി.എമ്മിലെ വിഭാഗീയതയും വി.എസ്, പിണറായി പിണക്കങ്ങളുമെല്ലാം ഇഴചേര്‍ത്തെഴുതിയ നോവലാണ് ഗ്രീഷ്മമാപിനി. വിഎസ്സിനെക്കുറിച്ചുള്ള നോവലെന്ന രീതിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് പുസ്തകമെന്ന് സുരേന്ദ്രന്‍ പറയുന്നു. എന്നാല്‍, സി.പി.എമ്മിലെ ഗ്രൂപ്പ് പോരും എന്ന നിലയ്ക്ക് നോവല്‍ ചുരുങ്ങിപ്പോയി. നോവല്‍ പിന്‍വലിക്കാന്‍ ഇതും ഒരു കാരണമായെന്ന് അദ്ദേഹം പറഞ്ഞു.
വിഎസ്സിനെ അനുസ്മരിപ്പിക്കുന്ന സി.കെ. എന്ന നേതാവാണ് ഗ്രീഷ്മമാപിനി എന്ന നോവലിലെ മുഖ്യകഥാപാത്രം. നിരവധി ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച സി.കെ.യ്ക്ക് സ്മൃതിനാശം സംഭവിച്ചു എന്നു പറഞ്ഞ് പാര്‍ട്ടിനേതൃത്വം അദ്ദേഹത്തെ ഏകാന്തതടവില്‍ പാര്‍പ്പിക്കുന്നു. പാര്‍ട്ടിക്ക് പുതിയ സാഹചര്യത്തില്‍ അനാവശ്യമായ സഹനസമരങ്ങളുടെ ഭാരം ഒഴിച്ചുകളയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വര്‍ത്തമാനകാലത്തിനു വഴിതെറ്റുമ്പോള്‍ തിരുത്താനുള്ള ഓര്‍മ്മയണ് ചരിത്രമെന്നു വിശ്വസിക്കുന്ന സികെയ്ക്കു മുന്നിലേക്ക് തീക്ഷ്ണവും തീവ്രവുമായ ഓര്‍മ്മകളുടെ കുത്തൊഴുക്കുകളുണ്ടാകുന്നു. പാര്‍ട്ടി ഏഴുതിത്തയ്യാറാക്കിയ ഒരു പ്രസംഗം ചാനലില്‍ മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുമ്പോലെ ചെയ്യിക്കാനുള്ള ശ്രമത്തെ തകര്‍ത്തുകൊണ്ട് അദ്ദേഹം സ്വന്തം ഭാഷയുടെ എല്ലുറപ്പോടെ സാധാരണ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്.
The post പി.സുരേന്ദ്രന്‍ ഗ്രീഷ്മമാപിനി എന്ന നോവല്‍ പിന്‍വലിച്ചു appeared first on DC Books.