ആര്‍ക്കും തൊടാവുന്നതും തൊട്ടറിയാവുന്നതുമായ വാക്കുകള്‍ ഒരുക്കിയാണ് അര്‍ഷാദ് ബത്തേരി എന്ന കഥാകൃത്ത് എഴുതുന്നത്. പൊട്ടിയടരുന്ന ജീവിതത്തിലെ ഓരോ നിമിഷത്തെയും ചേര്‍ത്തു വെയ്ക്കാവുന്ന ഒരിടം അതിലുള്ളതിനാല്‍ എല്ലാ വായനക്കാര്‍ക്കും പ്രിയങ്കരമാണ് ആ കഥകള്‍. ഭൂമിയോളം ജീവിതം എന്ന കഥാസമാഹാരത്തിലെ കഥകള്‍ക്കുമുണ്ട് ഈ പ്രത്യേകത. ഏറെ നിരൂപകശ്രദ്ധ നേടിയ ഇതിന് കേരള സര്‍ക്കാരിന്റെ പ്രഥമ വിവേകാനന്ദ പുരസ്‌കാരം അടക്കം ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ഭൂമിയില്‍ ദൈവത്തിന്റെ ഏക അദൃശ്യസാന്നിധ്യം കുഞ്ഞുങ്ങളാണെന്ന് പറയുന്ന കഥയാണ് ‘ഛായാഗ്രഹണം’. ഫുട്‌ബോള്‍ കളിയുടെ ഒച്ചയിലും വേഗതയിലും മൂവര്‍സംഘത്തിന്റെ കാമത്തിനിരയാകുന്ന പതിനഞ്ചുകാരിയായ വേലക്കാരി ജാനകിയുടെ കഥ പറയുന്ന ‘കളി’ ആധുനിക കാലത്തിന്റെ നേര്‍ചിത്രമായി വായനക്കാരെ ഏറെക്കാലം വേട്ടയാടും. സ്വന്തം ശരീരം വില്‍ക്കാന്‍ പറ്റാതായപ്പോള്‍ മകന്റെ ശരീരം പകരം കൊടുത്ത് കാത്തിരിക്കുന്ന അമ്മയെ ചിത്രീകരിക്കുന്ന ‘ഗാന്ധി ജങ്ഷനിലെ രാത്രികള്‍’ സ്വാതന്ത്ര്യാനന്തരം ഇന്ത്യ എത്തിച്ചേര്‍ന്ന മറ്റൊരു ജങ്ഷന്‍ ചൂണ്ടിക്കാട്ടുന്നു.
മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നവരുടെ വേദനയും നിസ്സഹായതയും പറയുന്ന ‘മൂന്നാം ലോകത്തിന്റെ നിലവിളി’, വിധവയായ എലിസബത്തിന്റെ ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും ദൈന്യചിത്രം വരയ്ക്കുന്ന ‘വിധവയുടെ പ്രസവം’, ഭ്രാന്ത് പിടിച്ച ഉമ്മയ്ക്കും ഉള്ളുതുറന്നു ചിരിക്കാത്ത പെങ്ങള്‍ക്കുമൊപ്പം ഓടുന്ന ഉസ്മാനെ ചിത്രീകരിക്കുന്ന ‘ഭൂമിയോളം ജീവിതം‘ തുടങ്ങി ഈ സമാഹാരത്തിലെ കഥകളെല്ലാം തന്നെ മലയാളകഥാ സാഹിത്യത്തിന്റെ ആഴ്ന്ന വേരുകളിലേക്ക് ഇറങ്ങി നില്‍ക്കുന്നവയാണ്.
2010ല്‍ ആണ് ഭൂമിയോളം ജീവിതം പ്രസിദ്ധീകൃതമാകുന്നത്. പന്ത്രണ്ട് കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമാഹാരത്തിന്റെ മൂന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. കന്നഡ, തമിഴ് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട കൃതിക്ക് ആ ഭാഷകളിലും മികച്ച സ്വീകരണമാണ് ലഭിച്ചത്.
തോമസ് മുണ്ടശേരി പുരസ്‌കാരത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട പത്ത് എഴുത്തുകാരില്‍ ഒരാളായ അര്‍ഷാദ് ബത്തേരിയുടെ കഥകള്‍ തമിഴ്, ഇംഗ്ലീഷ്, ജര്‍മന്‍ എന്നീ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 2004ല്‍ പ്രസിദ്ധീകരിച്ച മരിച്ചവര്‍ക്കുള്ള കുപ്പായം ആണ് ആദ്യസമാഹാരം. വിവേകാനന്ദ പുരസ്‌കാരത്തിനു പുറമേ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക കഥാ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
The post ഭൂമിയോളം ജീവിതം നിറയുന്ന കഥകള്‍ appeared first on DC Books.