ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ആധുനിക മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ വളരെയധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ കണ്ടുപിടുത്തങ്ങള്‍ സംഭവിക്കുന്ന സമയത്ത് അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആരും മുന്‍കൂട്ടി കണ്ടിരുന്നില്ല. പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളിലുണ്ടായ രാസവസ്തുക്കളുടെ പ്രയോഗം വലിയ ദുരന്തങ്ങളിലേക്കാണ് മനുഷ്യനെ നയിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നമ്മുടെ മണ്ണും പരിസരവും കുടിവെള്ളവുമെല്ലാം മുമ്പത്തെക്കാളെറെ മലിനമായിരിക്കുന്നത് ആസന്നമായ മഹാദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്നും തീര്‍ച്ച.
എന്നാല്‍ ഇതിന്റെയൊക്കെ മറുപുറത്ത്, ജൈവകൃഷിക്കും ഓര്‍ഗാനിക് ഫുഡ്‌സിനും പണ്ടെന്നത്തേക്കാളുമധികം പ്രിയമേറുന്ന ഒരു കാലമാണിത്. ദീര്‍ഘായുസിന് പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശത്തിന് പ്രസക്തി കൂടുതലാണിന്ന്. പ്രകൃതിയുടെ ഒരു ഭാഗം തന്നെയാണ് മനുഷ്യനെന്നും പ്രകൃതിയെ നശിപ്പിക്കാതെ സംരക്ഷിച്ച് അതിനോട് ഇണങ്ങി ജീവിക്കുന്നതാണ് ആരോഗ്യത്തിനും ആയുസ്സിനും നല്ലതെന്നുമുള്ള തിരിച്ചറിവ് പലര്‍ക്കും ഉണ്ടായിരിക്കുന്നു. ഈ സന്ദേശം പ്രചരിപ്പിക്കുന്ന പുസ്തകമാണ് ഡോ. ടി എം ഗോപിനാഥപിള്ള രചിച്ച ആരോഗ്യത്തോടെ ജീവിക്കാന്‍.
ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളും മനുഷ്യന്റെ ആവാസവ്യവസ്ഥയ്ക്ക് ഏല്പിക്കുന്ന ആഘാതങ്ങള്‍ പഠനവിധേയമാക്കി പരിഹാരം നിര്‍ദ്ദേശിക്കുകയാണ് ആരോഗ്യത്തോടെ ജീവിക്കാന്‍ എന്ന പുസ്തകം. മനുഷ്യനെ ബാധിക്കുന്ന മാരകങ്ങളായ പകര്‍ച്ചരോഗങ്ങളെക്കുറിച്ചും പുസ്തകം മുന്നറിയിപ്പ് നല്‍കുന്നു. ‘മനുഷ്യനും പ്രകൃതിയും’, ‘രോഗങ്ങള്‍ രോഗങ്ങള്‍ രോഗങ്ങള്‍’, ‘അപകടങ്ങളെ നേരിടാനും പ്രതിരോധിക്കാനും’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പുസ്തകത്തില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്.
മനുഷ്യന്റെ ആരോഗ്യത്തെയും ആരോഗ്യ സംരക്ഷണത്തെയും പ്രകൃതിയുമായും പരിസ്ഥിയിയുമായും ബന്ധപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ആരോഗ്യത്തോടെ ജീവിക്കാന്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് 2012ല്‍ ആണ്. ഇപ്പോള്‍ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി.
1948ല്‍ കോട്ടയത്ത് ജനിച്ച ഡോ. ടി എം ഗോപിനാഥപിള്ള കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ്സും എംസ്സും നേടി. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് സയന്‍സും ഇന്റര്‍ നാഷണല്‍ കോളജ് ഓഫ് ആന്റിയോളജിയില്‍നിന്ന് ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പില്‍ ഇരുപത്തിനാല് വര്‍ഷം സേവനം അനുഷ്ടിച്ചു.ആരോഗ്യത്തിന്റെ കാണാപ്പുറങ്ങള്‍, ഹൃദയാരോഗ്യം, വ്യായാമം, പോഷകാഹാരം, അമിതവണ്ണം, പ്രമേഹത്തെ അകറ്റിനിര്‍ത്താം, മാനസികസമ്മര്‍ദ്ദം എന്നിങ്ങനെ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
The post ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്ന പുസ്തകം appeared first on DC Books.