മനുഷ്യമനസ്സിന്റെ പ്രവര്‍ത്തന വ്യാപ്തി ഏതുവരെയാണെന്ന വസ്തുത ആധുനിക ശാസ്ത്രത്തിന് ഇന്നും അന്യമാണ്. മനസ്സിന്റെ ദുരൂഹമായ പ്രവര്‍ത്തനമേഖലകളിലേക്ക് ഒന്നെത്തിനോക്കാന്‍ ആരും ആഗ്രഹിച്ചുപോകും. മനസ്സിന്റെ കിളിവാതിലുകള്‍ തുറന്നു നോക്കുവാനാഗ്രഹിക്കുന്നവര്‍ ആദ്യം ചെന്നുമുട്ടുന്നത് ഹിപ്‌നോട്ടിസത്തിലായിരിക്കും. എന്നാല്‍ ഹിപ്‌നോട്ടിസത്തിന്റെ രഹസ്യമാകട്ടെ എന്നും അജ്ഞാതമായിരുന്നു. മാജിക്, ചെപ്പടിവിദ്യ എന്നൊക്കെ പറഞ്ഞ് ചിലരതിന്റെ പ്രാധാന്യത്തെ ലഘൂകരിക്കുമ്പോള്‍, മറ്റു ചിലര്‍ അതീന്ദ്രീയ സിദ്ധിയെന്നും മാന്ത്രിക ശക്തിയെന്നും പറഞ്ഞ് വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു.
എന്താണ് ഹിപ്‌നോട്ടിസം? ഹിപ്‌നോട്ടിസം എന്നാല്‍ മായാജാലമാണോ? ഹിപ്‌നോട്ടിസം കൊണ്ട് എന്താണ് പ്രയോജനം? മനഃശാസ്ത്രജ്ഞനുമാത്രമേ ഹിപ്‌നോട്ടിസം ചെയ്യാന്‍ പറ്റുകയുള്ളോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സാധാരണക്കാരുടെ മനസ്സില്‍ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ അതിനെല്ലാമുള്ള ഉത്തരമാണ് നിങ്ങള്‍ക്കും ഹിപ്‌നോട്ടിസം പഠിക്കാം എന്ന പുസ്തകം. വളരെയധികം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഈ പ്രഭാസത്തെ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണിത്.
ഹിപ്‌നോട്ടിസം പഠിക്കാനാഗ്രിഹിക്കുന്നവര്‍ക്ക് വളരെ സഹായകരമായ ഈ പുസ്തകത്തില്‍ ഹിപ്‌നോട്ടിക് എന്ന പ്രതിഭാസത്തെക്കുറിച്ച് വിജ്ഞാനപ്രദമായ വിലയിരുത്തലുകളോടൊപ്പം ഹിപ്‌നോട്ടിസം പഠിച്ച് പ്രായോഗികമാക്കാനുള്ള പരിശീലനങ്ങളും വ്യക്തമായി വിവരിച്ചിരിക്കുന്നു. ഹിപ്‌നോട്ടിസത്തിന്റെ ചരിത്രം സിദ്ധാന്തം പ്രയോഗം തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങലും നിങ്ങള്‍ക്കും ഹിപ്‌നോട്ടിസം പഠിക്കാം എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഠിതാക്കള്‍ക്ക് ഹിപ്‌നോട്ടിസം എന്ന പ്രതിഭാസത്തെ എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്ന രീതിയില്‍ ലളിതമായി തയ്യാറാക്കിയിരിക്കുന്ന നിങ്ങള്‍ക്കും ഹിപ്‌നോട്ടിസം പഠിക്കാം എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ഡോ എ ടി കോവൂരിനൊപ്പം ഇന്ത്യയൊട്ടാകെ ദിവ്യാത്ഭുത അനാവരണപരിപാടി അവതരിപ്പിച്ചിട്ടുള്ള ഡോ പി കെ നാരായണനാണ്.
കോട്ടയം ജില്ലയിലെ പെരുന്തുരുത്തു ഗ്രാമത്തില്‍ ജനിച്ച പി കെ നാരായണന്‍ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്താനായി ഇന്ത്യയൊട്ടാകെ ഹിപ്‌നോ രാമ എന്ന പേരില്‍ ഹിപ്‌നോട്ടിക് പ്രവര്‍ത്തനങ്ങല്‍നടത്തിയിരുന്നു. നമ്മുടെ മനസ്സ്, വിശ്രമം ഉണര്‍വ്വിന്, അസ്തിത്വവാദം, ഓഷോ, മനസ്സും ശരീരശാസ്ത്രവും ഹിപ്‌നോട്ടിസം ഒരു പാഠപുസ്തകം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.