വിവാദങ്ങള്‍ കൊണ്ട് മാത്രം എഴുത്തുകാരന്റെ രചനകള്‍ നിലനില്‍ക്കുന്നില്ലെന്നു പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. കുളനട വായനക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രശസ്ത നോവലിസ്റ്റ് ‘ബെന്യാമിനൊപ്പം ഒരു പകല്‍’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ജനശ്രദ്ധ നേടിത്തരാനേ കഴിയൂ. ഉള്ളില്‍ ഇരുട്ടും പുറത്തു വെളിച്ചവുമായിരുന്ന കാലഘട്ടത്തിലാണ് തന്നെപ്പോലുള്ളവര്‍ എഴുത്ത് ആരംഭിച്ചത്. എന്നാല്‍ ഇന്ന് ഉള്ളില്‍ വെളിച്ചവും പുറത്ത് ഇരുട്ടുമായ കാലഘട്ടത്തിലൂടെയാണ് നാം നീങ്ങുന്നത്. എഴുത്തും വായനയും പ്രകാശ പൂരിതമാവണമെങ്കില്‍ ഉള്ളിലുള്ള ഇരുട്ടെന്ന ആശങ്കയെ പുറത്തു കൊണ്ടുവരാന്‍ എഴുത്തിന് കഴിയണം. അതിനാണ് ഓരോ എഴുത്തുകാരനും ശ്രമിക്കേണ്ടതെന്നും എം മുകുന്ദന്‍ പറഞ്ഞു.
ഡോ. കെ എസ് രവികുമാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന ഓപണ്‍ ഫോറത്തില്‍ ഡോ. എസ് എസ് ശ്രീകുമാര്‍ മോഡറേറ്ററായിരുന്നു. ബെന്യാമിന്റെ രചനകളെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയും മുഖാമുഖം പരിപാടിയും നടന്നു. മുഖാമുഖത്തില്‍ സാഹിത്യരംഗത്തെ പ്രശസ്തരായ ഡോ. കെ എസ് രവികുമാര്‍, വി ജെ ജയിംസ്, വി മുസാഫിര്‍ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് രചനയുടെ രാഷ്ട്രീയമെന്ന വിഷയത്തില്‍ ഡോ. എസ് എസ് ശ്രീകുമാര്‍ വിഷയാവതരണം നടത്തി. സമാപന സമ്മേളനത്തില്‍ ജി രഘുനാഥ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സംവിധായകന്‍ ബ്ലസ്സി മുഥ്യാതിഥിയായിരുന്നു. ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.