”ഇലാഹീ, എന്തൊരു വഞ്ചനയാണിതെന്ന് നോക്കൂ. ജീവിതകാലം മുഴുവന്‍ നെഞ്ചേറ്റി നടന്നു. ഒരോ ശ്വാസവും അവനുവേണ്ടിയായിരുന്നു. ഒരോ കാല്‍വെപ്പും അവന്റെ ഇംഗിതങ്ങള്‍ നിറവേറ്റാന്‍വേണ്ടിയായിരുന്നു.ഹൃദയമിടിച്ചത് അവന് വേണ്ടി. നാഡീസ്പന്ദനവും അവന് വേണ്ടി. എന്നിട്ടിപ്പോള്‍ ഇതാ, ഞാനിവിടെ ഏകനായിക്കിടക്കുമ്പോള്‍ അകന്നുമാറി നില്‍ക്കുന്നു.! അവന്റെ സാമീപ്യം ഏറ്റവും ആഗ്രഹിക്കുന്ന ഈ നിമിഷങ്ങള്‍ ഒരു ദയയുമില്ലാതെ…ദൈവമേ, എങ്ങനെ എനിക്കിത് സഹിക്കാന്‍ കഴിയും..?”
സമദിന്റെ പള്ളിവയ്പ്പിലെ കൊതിക്കല്ലുകള്‍ എന്ന നോവല്‍ തുടങ്ങുന്നതിങ്ങനെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യമനില്‍ നിന്നും കേരളത്തിലെത്തിച്ചേര്‍ന്ന രണ്ടു സഹോദരന്‍മാരുടെ ജീവിതത്തെയും അവരുടെ പരമ്പരയേയും ആഖ്യാനം ചെയ്യുന്ന നോവലാണിത്. അറബികള്‍ കച്ചവടത്തിനുവേണ്ടിമാത്രമാണ് കേരളത്തില്‍ എത്തിയത് എന്ന പൊതുവായ ധാരണയെ തള്ളിക്കളഞ്ഞുകൊണ്ട് അവര്‍ കച്ചവടത്തിന് മാത്രമല്ല മറിച്ച് അറിവിന്റെ വാഹകരായും കൂടുതല്‍ അറിവ് അന്വേഷിച്ചുമാണ് എത്തിയതെന്നും, ആദാനപ്രദാനങ്ങളിലൂടെ സാംസ്‌കാരിക വിനിമയം സാധിച്ചെന്നും ഒരു ദൃശ്യമാദ്ധ്യമ സൃഷ്ടിയെന്നപോലെ ഈ കൃതിയില്‍ തെളിയുന്നു.
ഈ കാലത്ത് എവിടെനിന്നും എവിടേക്കുമുള്ള പ്രവാസവും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും രക്ഷപെടാനൊ ആഹാരം തേടിയോ സ്വര്‍ഗ്ഗമന്വേഷിച്ചോ ആണ്, ആരുമാരും ഒരു ദാര്‍ശനിക ദൗത്യംപേറി എങ്ങും പോകാറില്ല. കഥയിലെ ഹക്കീം മലബാറിലേക്ക് പുറപ്പെടുന്നത് സത്യം പറയാന്‍ താന്‍ പിറന്ന നാട്ടില്‍ അനുവാദം നഷ്ടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിന്റെ ഫലമായാണ്. എന്തുചെയ്യണമെന്ന് മുന്‍ധാരണയില്ലാതെയും ഭാഷപോലും വശമില്ലാതെയുമാണ്. അതായത് ആധുനികലോകത്തെ സൃഷ്ടിച്ച സാഹസികരില്‍ ഒരാളുടെ കഥയാണ് പള്ളിവയ്പ്പിലെ കൊതിക്കല്ലുകള്‍പറയുന്നത്.
പ്രേമവും പ്രേമഭംഗവും വഞ്ചനയും ഭാഗ്യനിര്‍ഭാഗ്യങ്ങളും കാലാകാലങ്ങളായി മനുഷ്യന്‍ മണ്ണുമായി നിലനിര്‍ത്തുന്ന ബാന്ധവത്തിന്റെ ഇതിഹാസവുമെല്ലാം ഈ നോലവിലും വായിച്ചെടുക്കാം. വിശ്വസാഹിത്യകാരനായ പൗലോകൊയ്‌ലോയുടെ കൃതികളില്‍ കാണുന്നതിനു സമാനമായ സ്വപ്‌നാന്തരീക്ഷം ഈ കൃതിയിലും ആദ്യാവസാനം വരെ നിറഞ്ഞുനില്‍ക്കുന്നുവെന്ന് നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ അവതാരികയില്‍ അഭിപ്രായപ്പെടുന്നു.