മൗനത്തില്‍ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണിമാഷ്. വിരുദ്ധോക്തിയുടെ കല ആവിഷ്‌കരിക്കുന്ന കടങ്കഥയിലൂടെ, പഴഞ്ചൊല്ലിലൂടെ നാടന്‍പാട്ടിലൂടെ കുഞ്ഞുണ്ണിക്കവിതയുടെ മനസ് ദ്രാവിഡത്തനിമ പരകര്‍ന്നുനല്‍കുന്നു. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. കുഞ്ഞുണ്ണി മാഷ് എന്നും കുട്ടികള്‍ക്ക് പ്രിയപ്പെട്ടവനാണ്. കുഞ്ഞുണ്ണിമാഷും എന്ന് പറഞ്ഞാല്‍- കുട്ട്യോളും എന്ന് ഏതൊരു മലയാളിയും പഴഞ്ചൊല്ലുപോലെ പൂരിപ്പിക്കും. അതാണ് കുട്ടികളും അദ്ദേഹവും തമ്മിലുള്ള ആത്മബന്ധം. കേരളത്തില്‍ ഇന്നോളം ഒരു കവിയും കുട്ടികളും തമ്മില്‍ ഇത്തരമൊരു പാരസ്പര്യം സാധിച്ചിട്ടില്ല.
കഞ്ഞുണ്ണിമാഷും കുട്ട്യോളം ഒത്തുചേരുന്ന ഒരു അസുലഭനിമിഷമാണ് കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പുസ്തകം.കുട്ടികളുടെ ചോദ്യങ്ങള്‍, സംശയങ്ങള്‍, വെറും എഴുത്തുകള്‍, ഒരോന്നിനും അര്‍ഹിക്കുന്ന തരത്തിലുള്ള മാഷിന്റെ സ്വസിദ്ധമായ ശൈലിയിലുള്ള മറുപടികള്‍, ഉപദേശങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, പ്രോത്സാഹനം,സ്വാന്തനം എന്നിവ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമാണ് കുഞ്ഞുണ്ണിമാഷും കുട്ട്യോളും.
കുട്ടികളുടെ ചോദ്യത്തിന് മാഷ് നല്‍കുന്ന ഉത്തരങ്ങള്‍ ഒരാള്‍ക്കുമാത്രമുള്ളതല്ല. മറിച്ച് എല്ലാവര്‍ക്കുമുള്ളതാണ്. അതുകൊണ്ടുതന്ന കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന പുസ്തകം കുട്ടികള്‍ക്കുള്ള വഴികാട്ടിയും ഗുരുനാഥനും കളിച്ചങ്ങാതിയുമാണ്. അവരുടെ പിതാവോ സഹോദരനോ ഒക്കെയാണ്. ഒരു പുസ്തകം രക്ഷകര്‍ത്താവിന് പകരം നില്‍ക്കുന്നത് എങ്ങനെയെന്ന് കുഞ്ഞുണ്ണിമാഷും കുട്ട്യോളും കാട്ടിത്തരുന്നു. രക്ഷകര്‍ത്താവിനും അധ്യാപകര്‍ക്കും കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കാവുന്ന പുസ്തകത്തില്‍ മുതിര്‍ന്നവര്‍ക്ക് നിസ്സാരമെന്നുതോന്നുന്ന കാര്യങ്ങള്‍പോലും സാരമായി എടുക്കുകയും അവയ്ക്ക് ഗൗരവമായി മറുപടി എഴുതുകയുമാണ് കുഞ്ഞുണ്ണിമാഷ് ചെയ്യുന്നത്. ഇതിലെ ഒരോ ഉത്തരങ്ങളും ആത്മവിശ്വാസവും ഉണര്‍വ്വും പ്രദാനംചെയ്യുന്നതാണ്. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും.
ഡി സി മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പസ്തകത്തിന്റെ ഒന്‍പതാമത് പതിപ്പ് പുറത്തിറങ്ങി.