പ്രപഞ്ചത്തിലെ അത്യുഗ്രതാപത്തോടു കൂടിയ കോടാനുകോടി വാതകഗോളങ്ങളിലൊന്നായ സൂര്യനില്‍ നിന്ന് ഏകദേശം ഇരുന്നൂറ് കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് പൊട്ടിത്തെറിച്ചുവീണ കഷണമാണ് ഭൂമി. സൂര്യനെ ഭ്രമണം ചെയ്യാന്‍ ആരംഭിച്ച ഭൂമി 50 കോടി വര്‍ഷത്തോളം ചുട്ടുപഴുത്ത് ദ്രവരൂപത്തിലോ വാതകരൂപത്തിലോ സ്ഥിതി ചെയ്തു. സാവകാശം തണുക്കാന്‍ തുടങ്ങുകയും പിന്നെയും ഒരുപാട് പരിണാമങ്ങള്‍ക്ക് വേദിയാകുകയും ചെയ്തു.
അമീബയില്‍ നിന്നു തുടങ്ങിയ ജീവജാലങ്ങളുടെ ആവിര്‍ഭാവവും മനുഷ്യന്റെ പരിണാമവും മുതല്‍ ഇന്നുവരെയുള്ള ചരിത്രം പരിശോധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ചരിത്ര പണ്ഡിതരും ഗവേഷകരും ഏറെ അന്വേഷിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്ന ആ മേഖലയെക്കുറിച്ച് അവശ്യം ചില കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനു സഹായിക്കുന്ന പുസ്തകമാണ് വേലായുധന്‍ പണിക്കശ്ശേരിയുടെ സംസ്‌കാരങ്ങളും സാമ്രാജ്യങ്ങളും കാലഘട്ടങ്ങളിലൂടെ.
ഭൂമിയുടെയും മനുഷ്യന്റെയും പരിണാമങ്ങള്‍, പുരാതനവും നവീനവുമായ സംസ്‌കാരങ്ങള്‍, സാമ്രാജ്യങ്ങള്‍, രാഷ്ട്രങ്ങള്‍, മതങ്ങള്‍, മതകലഹങ്ങള്‍, സാംസ്‌കാരിക മുന്നേറ്റങ്ങള്‍, കലയും സാഹിത്യവും, ശാസ്ത്രപുരോഗതി, കാര്‍ഷിക വ്യാവസായികരംഗത്തെ മുന്നേറ്റങ്ങള്‍, പുതിയ ചിന്താധാരകള്‍, കോളനികളുടെ സ്ഥാപനനം, സ്വാതന്ത്ര്യസമരങ്ങള്‍, ചരിത്ര പുരുഷന്മാര്‍ തുടങ്ങി ഓരോ രാജ്യത്തെക്കുറിച്ചും അറിയേണ്ട കാര്യങ്ങളെല്ലാം ചിമിഴില്‍ സമുദ്രത്തെയെന്നപോലെ ഒതുക്കി വിവരിക്കുകയാണ് സംസ്‌കാരങ്ങളും സാമ്രാജ്യങ്ങളും കാലഘട്ടങ്ങളിലൂടെ എന്ന ഗ്രന്ഥത്തിലൂടെ വേലായുധന്‍ പണിക്കശ്ശേരി.