പണിയെടുക്കാനുള്ള ഒരിടമായി ചെറുകഥമാറിയിരിക്കുന്നുവെന്നും കഥയെഴുത്തിനെ രാഷ്ട്രീയമായി കാണുന്നുവെന്നും പുതുതലമുറയിലെ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍. നവംബര്‍ 29ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന പുസ്തകചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിവിതത്തിലെ ഓരോ നിമിഷത്തിലും യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളും അനുഭവങ്ങളുമാണ് തന്റെ ഒരോകഥയ്ക്കും വിഷയമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തുടങ്ങിയ കഥയെഴുത്തിനെ ഇപ്പോള്‍ ഗൗരവമായി കാണുന്നുവെന്നും അതിന് പ്രചോദനം നല്‍കുന്നത് എഴുത്തുകാരായ പ്രമോദ് രാമന്‍, എസ് ഹരീഷ് എന്നിവരാണെന്ന് ലാസര്‍ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
കൂഎന്ന കഥാസമാഹാരത്തിലെ മിക്ക കഥകളും കുറച്ചധികം സമയമെടുത്ത് എഴുതിയിട്ടുള്ളതാണ്. അതില്‍ ചിലപ്പോഴൊക്കെ, അതായത് കാണാതെപോയ ജലജ തുടങ്ങിയ കഥകളില്‍ ബോധപൂര്‍വ്വമല്ലാത്ത സ്ത്രീവിരുദ്ധത കടന്നുവന്നിട്ടുണ്ട്. ബസ് സ്റ്റാന്റിലും, റയില്‍വേസ്റ്റേഷനിലും ചുറ്റുവട്ടത്തുമൊക്കെ കണ്ട വ്യക്തികളില്‍ നിന്നുമാണ് മിക്ക കഥയുടെയും ഉത്ഭവം. അവയിലെല്ലാം വിശപ്പിന്റെ ഗന്ധമുള്ളകഥാപാത്രങ്ങളാണ് ഉള്ളതെന്നും കഥാകൃത്ത് എസ് ഹരീഷ് ഉള്‍പ്പെടെയുള്ള സദസ്യരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.