പൊതുവേ എല്ലാവരും ഇഷ്ടപ്പെടുകയും എന്നാല്‍ പുറത്തു പറയാന്‍ മടിക്കുകയും ചെയ്യുന്നതാണ് ലൈംഗികകാര്യങ്ങള്‍. മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ അടിത്തറയാണ് കാമവികാരം. പുനരുല്‍പാദനത്തിനുവേണ്ടിയാണ് മൃഗങ്ങളില്‍ ലൈംഗികചോദന നല്‍കിയിട്ടുള്ളതെങ്കിലും മനുഷ്യരുടെ കാമവികാരങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ദാമ്പത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ലൈംഗികതയെ കാണുന്നുണ്ടെങ്കിലും അതിനെകുറിച്ചുള്ള ശരിയായ ധാരണകളോ അറിവോ ഒന്നും ഇല്ലെന്നുള്ളതാണ് സത്യം.
കുട്ടിക്കാലം മുതലേ ലൈംഗിക ചോദനകള്‍ മറച്ചുവയ്ക്കാനാണ് കുട്ടികളെ പഠിപ്പിക്കുന്നത്. സെക്‌സിനെകുറിച്ചുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും നേര്‍ക്ക് തുറിച്ചുനോട്ടങ്ങളും ശാനയുമാണ് മുതിര്‍ന്നവരില്‍ നിന്ന് ലഭിക്കുന്നത്. ഇക്കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കാത്തതുതന്നൊണ് അവര്‍ പലകെണികളിലും അകപ്പെട്ടുപോകുന്നതിന് കാരണം. ഇന്നും നമ്മുടെ വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കാണുന്നില്ല. ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ സംഭോഗരീതികള്‍ പഠിപ്പിക്കലല്ല. മറിച്ച് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള ശാസ്ത്രീയമായ പഠനമാണ്. ശാസ്ത്രീയമായ ഈ അറിവ് കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിന് സഹായിക്കുന്ന പുസ്തകമാണ് രതിയും ജീവിതവും.
ലൈംഗികതയെക്കുറിച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് രതിയും ജീവിതവും എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. ലൈംഗികത ജന്മസിദ്ധം, ലൈംഗിക വിദ്യാഭ്യാസം, ലൈംഗികാകര്‍ഷണം, വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍, രതിമൂര്‍ച്ഛ തുടങ്ങി ഓരോവ്യക്തിയും അറിഞ്ഞിരിക്കേണ്ട ലൈംഗിക ശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ വളരെ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. ഡി സി ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.
ആതുര ശുശ്രൂഷാരംഗത്ത് നാല്‍പതിലേറെ വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡോ ജേ കെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ചീഫ് മെഡിക്കല്‍ ഓഫീസറായി സേവനം അനുഷ്ഠിക്കുന്ന ഡോ ജേ കെ ആരോഗ്യസംബന്ധിയായ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ്. കൂടാടെ ആതുരസേവനരംഗത്തെ പ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.