തന്റേതായ ശൈലിയിലൂടെ ആധുനിക എഴുത്തുകാർക്കിടയിൽ സാഹിത്യലോകത്ത് സ്ഥാനമുറപ്പിച്ച എഴുത്തുകാരിയാണ് ദീപ നിശാന്ത്. സമകാലിക സംഭവങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ ലോകത്തോട് വിളിച്ചുപറയാൻ ധൈര്യം കാണിച്ച അദ്ധ്യാപിക. ഉറച്ച നിലപാടുകളുമായി പരിഹാസത്തിന്റെ ചാട്ടുളി മുറുകെ പിടിച്ച് അക്ഷരങ്ങളെ നെഞ്ചോട് ചേർത്ത് ആരോപണങ്ങളെ സധൈര്യം നേരിടുമ്പോഴും മനസ്സിലെ നിഷ്കളങ്കത്വവും , ലാളിത്യവും , നർമ്മം കലർന്ന കുസൃതിയും എഴുത്തിലൂടെ പങ്കു വയ്ക്കുകയാണ് നനഞ്ഞു തീർത്ത മഴകൾ എന്ന തന്റെ അനുഭവക്കുറിപ്പിലൂടെ ദീപ.
ഓർമ്മകൾ കുറിക്കുക എന്നത് ഒരു കാലത്തെ മറികടക്കലാണ്. ഓർമ്മകളിലേക്ക് വായനക്കാരെ കൊണ്ടുവരിക എന്നത് ദീപയുടെ ഉറക്കം കെടുത്തിയ ആകുലതകളിൽ ഒന്നായിരുന്നു. ആരവങ്ങൾക്കിടയിൽ തന്റെ ശബ്ദം എങ്ങിനെ വായനക്കാരെ കേൾപ്പിക്കും ? അതിനു പറ്റിയ ഇടം സോഷ്യൽ മീഡിയ ആണെന്ന തിരിച്ചറിവാണു ഇന്ന് സമൂഹ മാധ്യമങ്ങളിൽ കാലുറപ്പിച്ചു നിർത്താൻ ദീപ നിശാന്ത് എന്ന എഴുത്തുകാരിക്ക് തുണയായത്.
നനഞ്ഞു തീർത്ത മഴകളിൽ കുറിച്ച ഓരോ ഓർമ്മകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദീപയുടെ അനുഭവക്കുറിപ്പുകളാണ്. തോൽക്കുമെന്നുറപ്പുള്ള ചില യുദ്ധങ്ങൾ , വയറുകാണൽ , കെട്ടഴിച്ചുവിട്ട ഒരു പെണ്ണ് എന്നിങ്ങനെ ഓർമ്മകൾ ചുറ്റിലും നിരന്നപ്പോൾ കുടുംബ ജീവിതത്തിന്റെ പരിമിതവൃത്തിയിൽ നിന്ന് ദീപ എന്ന എഴുത്തുകാരി മലയാള സാഹിത്യലോകത്ത് ഒരു മഴയായി പെയ്യുകയാണ്.
ദീപ നിശാന്തിന്റെ നനഞ്ഞു തീർത്ത മഴകൾ എന്ന പുസ്തകത്തിന്റെ മൂന്നാമത്തെ പതിപ്പാണ് ഡിസി ബുക്സ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.