മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. അക്കാദമിക് പണ്ഡിതരുടെയും സാധാരണ വായനക്കാരുടെയും ആസ്വാദനത്തിന് ഒരുപോലെ വിധേയമാകുന്നവയാണ് സേതുവിന്റെ രചനകള്‍. ആകര്‍ഷകമായ ആവിഷ്‌കാരവും പുതുമയുള്ള രചനാത ന്ത്രവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത. ചെറുകഥാലോകത്തേക്കു വന്നാല്‍ സേതുവിന് അനിഷേധ്യമായ ഒരു വ്യതിരിക്തതയുണ്ട്. ജീവിതപ്രവാഹത്തെ നിരുപാധികമായ ഔത്സുക്യത്തോടെ നോക്കിനില്‍ക്കുന്ന ഒരു നിരീക്ഷകനല്ല സേതു. മറിച്ച് കേവലമായ മനുഷ്യാവസ്ഥയും അതിന്റെ പരിണാമവുമാണ് അദ്ദേഹത്തെ അസ്വാസ്ഥ്യപ്പെടുത്തുന്നത്. മനുഷ്യജീവിതം അന്ത്യത്തിലെത്തുന്നതു വരെയുള്ള ദുരന്തങ്ങളെ അവതരിപ്പിക്കാനായി അദ്ദേഹം ഫാന്റസിയുടെ കൂട്ടുതേടുന്നു. ഇങ്ങനെ ഫാന്റസിയുടെ കൂട്ടുതേടി സേതു രചിച്ച, കഥകളില്‍ അദ്ദേഹത്തിനുതന്നെ ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കഥാസമാഹാരമാണ് എന്റെ പ്രിയപ്പെട്ട കഥകള്‍.
പ്രമേയം കൊണ്ടും കഥാപാത്രസൃഷ്ടികൊണ്ടും അദ്ദേഹത്തോട് അടുത്തുനില്‍ക്കുന്ന ഗോപാലന്‍, വൃശ്ചികത്തിലെ രാത്രി, വേനല്‍, ദൂത്, സമയം, ഉച്ച, കടം, യാത്രക്കിടയില്‍, വെളുത്ത കൂടാരങ്ങള്‍, തിങ്കളാഴ്ചയിലെ ആകാശം, ചാവടി, അടയാളങ്ങള്‍ലസമാധി എന്നീ കഥകളാണ് എന്റെ പ്രിയപ്പെട്ട കഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫാന്റസിയിലൂടെയുള്ള ആഖ്യാനതന്ത്രത്തില്‍ പുതുലോകം പണിതുയര്‍ത്തിയ സേതുവിന്റെ പ്രതിഭ വെളിപ്പെടുത്തുന്ന കഥകളാണ് ഇവയെല്ലാം. 2008 ല്‍ ഡി സി ബുക്‌സ് എഴുത്തുകാരുടെ പ്രിയപ്പെട്ടകഥകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പരമ്പരയില്‍ ഉള്‍പ്പടുത്തിയാണ് സേതുവിന്റെ പ്രിയപ്പെട്ടകഥളും പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ പുസ്തകത്തിന്റെ അഞ്ചാമത് പതിപ്പ് പുറത്തിറങ്ങി.
1942ല്‍ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്താണ് സേതു ജനിച്ചത്. ആലുവ ക്രിസ്റ്റിയന്‍ കോളേജില്‍നിന്നു ഫിസിക്‌സില്‍ ബിരുദം നേടി. തുടര്‍ന്ന് 1962ല്‍ ബോംബെയില്‍ ഇന്ത്യന്‍ മെട്രോളജിക്കല്‍ വിഭാഗത്തില്‍ നിന്ന് ഔദ്യോഗിക ജീവിതമാരംഭിച്ചു. ഒടുവില്‍ 2005ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചു. 2012 സെപ്റ്റംബര്‍ 5ന് സേതു നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടു. സുകുമാര്‍ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിച്ചുണ്ട്.