വളരെ പേർക്ക് കേട്ടറിവുള്ളതും ഏറെ പേരും കണ്ടിട്ടില്ലാത്തതുമായ ഒരു പുസ്തകമാണ് പി.കെ.ബാലകൃഷ്ണന്‍ രചിച്ച ടിപ്പു സുല്‍ത്താൻ. അസാധാരണമായൊരു ദുരന്തകഥയാണ് ടിപ്പു സുല്‍ത്താന്റെ ജീവിതം.വസ്തുതാപരമല്ലാത്ത ചരിത്രകൃതികൾ മാത്രമേ ആ വീരപുരുഷനെ കുറിച്ച് ചലച്ചിത്രങ്ങളും ടെലിവിഷന്‍ സീരിയലുകളും ഉണ്ടായിരുന്നുള്ളൂ.വസ്തുതകളുമായി പരിചയപ്പെടുന്ന ആരെയും അതിന്റെ ദുഖകരമായ നാടകീയത അസ്വസ്ഥമാക്കും. ആ കുറവ് പരിഹരിച്ചുകൊണ്ട് സമഗ്രമായ പശ്ചാത്തലത്തിൽ പി.കെ.ബാലകൃഷ്ണന്‍ രചിച്ച ജീവചരിത്രമാണ് ടിപ്പു സുല്‍ത്താന്‍.
രണ്ടു പശ്ചാത്തലത്തിലാണ് ടിപ്പുവിന്റെ ചരിത്രം പകർത്തതാൻ പി.കെ.ബാലകൃഷ്ണന്‍ ശ്രമിച്ചത്. ഒന്ന് കേരള ചരിത്രത്തിന്റെ പശ്ചാത്തലത്തിലും മറ്റൊന്ന് ഇന്ത്യാ ചരിത്രത്തിന്റെ പശ്ചാത്തലത്തിലും. എന്തുകൊണ്ട് ടിപ്പുവിനെ കുറിച്ചുള്ള ചരിത്ര ഗ്രന്ഥങ്ങൾ വിരളവും വികൃതവുമായി എന്നത് നമ്മുടെ ദേശീയ ബോധവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പ്രശ്നമാണെന്ന് പി.കെ.ബാലകൃഷ്ണന്‍ പറയുന്നു.
കേരളീയര്‍ ഏറ്റിക്കൊണ്ടു നടക്കുന്ന കേരള വര്‍മ്മ പഴശ്ശിരാജയും മഹാരാഷ്ട്രശക്തിയും ദേശാഭിമാനത്തിന്റെ ഉത്തുംഗശൃംഗങ്ങളായി വാഴ്ത്തപ്പെടുമ്പോള്‍ ടിപ്പുവിനോട് ചരിത്രം അയിത്തം കല്പിക്കുകയാണ്. ടിപ്പുവിനെ തോല്പിക്കാനായി ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് പൊരുതിയ പഴശ്ശിരാജയെയും മഹാരാഷ്ട്ര ഹിന്ദുക്കളെയും ദേശാഭിമാനത്തിന്റെ പടിപ്പുരയ്ക്കകത്തും ടിപ്പുവിനെ പുറത്തും നിര്‍ത്തുന്നതിലെ വൈരുദ്ധ്യം അദ്ദേഹം ചോദ്യം ചെയ്യുന്നു.
സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണപടുതയോടെ ചരിത്രത്തെ സമീപിക്കുന്ന പി.കെബാലകൃഷ്ണന്റെ തനതുശൈലി ടിപ്പുസുല്‍ത്താന്‍ എന്ന ജീവചരിത്രകൃതിയെ അതുല്യമാക്കുന്നു. കേരള ചരിത്രഗതിയെ മാറ്റിപ്പണിത ടിപ്പു സുല്‍ത്താനെയും ഇന്ത്യാചരിത്രത്തിലെ ധീരനായ പോരാളി ടിപ്പു സുല്‍ത്താനെയും ഈ കൃതിയില്‍ കാണാം. ടിപ്പുവിന്റെ രാഷ്ട്രീയവും സാമൂഹികവും മതപരവുമായ നിലപാടുകളും ഇടപെടലുകളും പരിശോധിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചരിത്രപരമായ മൂല്യം അവതരിപ്പിക്കുകയാണ് ഈ പുസ്തകം.
1957ല്‍ എഴുതപ്പെട്ട ടിപ്പു സുല്‍ത്താന്‍ പ്രസിദ്ധീകൃതമായത് 1959ല്‍ ആണ്. പ്രസാധകരായ പരിഷത് സഹകരണസംഘം ലിക്വിഡേനിലായതോടെ ആദ്യപതിപ്പിന്റെ പകുതിയും അടച്ചുപൂട്ടിയ ഗോഡൗണിലുള്ളിലായി. തുടര്‍ന്ന് 27 വര്‍ഷങ്ങളോളം ശാപമോക്ഷം കാത്തുകിടന്ന കൃതി 1986ല്‍ പുന:പ്രസിദ്ധീകരിച്ചു. ഈ ജീവചരിത്രത്തിന്റെ ചരിത്രപരമായ മൂല്യം തിരിച്ചറിഞ്ഞ ഡി സി ബുക്‌സ് 2007ല്‍ പ്രസാധനം ഏറ്റെടുത്തു. പുസ്തകത്തിന്റെ ഏഴാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.