‘ഒരിടത്ത് ഒരു യുവാവും യുവതിയും പ്രണയബദ്ധരായിത്തീര്‍ന്നു. എന്നാല്‍ വിവാഹത്തിനു മുന്‍പായിത്തന്നെ മരണമടഞ്ഞ അവര്‍ തങ്ങളുടെ ആഗ്രഹം ബാക്കിയാക്കിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്നു. സ്വര്‍ഗ്ഗത്തില്‍വച്ച് തമ്മില്‍ കണ്ട അവര്‍ ഇനി തങ്ങളുടെ ആഗ്രഹം വൈകിക്കെണ്ട എന്നു തീരുമാനിച്ച് ദൈവിത്തിന്റെ അരികിലെത്തി, തങ്ങളുടെ ആഗ്രഹം ഉണര്‍ത്തിച്ചു. തങ്ങളെ സര്‍ഗ്ഗത്തില്‍ വച്ച് തന്നെ വിവാഹത്തിലൂടെ ഒന്നിപ്പിക്കാന്‍ അവര്‍ ദൈവത്തോട് അപേക്ഷിച്ചു.
എന്നാല്‍ ഇത് കേട്ട ദൈവം, ഒരു അലക്ഷ്യഭാവത്തില്‍, നോക്കാം എന്നുമാത്രം പറഞ്ഞ് അവരെ അയച്ചു. ആഴ്ചകളും മാസങ്ങളും നീണ്ടു. ഇടയ്‌ക്കെല്ലാം വിവാഹക്കാര്യം ദൈവത്തെ അവര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ഉത്തരം തഥൈവ.! മനസ്സുമടുത്ത മിഥുനങ്ങള്‍ ഒടുവില്‍ ദൈവത്തോട് തങ്ങളുടെ ആഗ്രഹം എന്നെങ്കിലും നടക്കുമോ.? എന്ന് ആരാഞ്ഞു.
ദൈവം സൗമ്യമായി പറഞ്ഞു.
എന്റെ പ്രിയ മക്കളെ, നിങ്ങളുടെ ആഗ്രഹംപോല്‍ നിങ്ങളെ ഒന്നിപ്പിക്കണം എന്നാണെന്റയും ആഗ്രഹം. എന്നാല്‍ ഇവിടെ കല്യാണം നടത്താന്‍ ഭൂമിയിലെ പോലെ ഒരു അച്ചന്‍ വേണം. ഞാന്‍ നേരിട്ട് കല്യാണം നടത്തിക്കൊടുക്കാറില്ല. ഒരു അച്ചനോ ബിഷപ്പോ വന്നാലെ കാര്യം നടക്കൂ. ആ കൂട്ടത്തില്‍ ഒരാളുപോലും ഇന്നലെവരെ സ്വര്‍ഗത്തില്‍ എത്തിയിട്ടില്ല. പിന്നെ ഞാനങ്ങെനെ കല്യാണം നടത്തും.? നിങ്ങളു പറ…’
ചിരിയുടെയും നര്‍മ്മത്തിന്റെയും തമ്പുരാനായ മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞ ഒരു നര്‍മ്മകഥയാണിത്. ജനലക്ഷങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകും ചെയ്യുന്ന സ്വര്‍ണ്ണനാവിനുടമായാണ് അഭിവന്ദ്യ മാര്‍ ക്രിസോസ്റ്റം. അദ്ദേഹത്തിന്റെ ഏതു പ്രസംഗത്തിലും കുടകുടെ ചിരിപ്പിക്കുന്ന ഇത്തരം നര്‍മ്മകഥകളുടെ പ്രവാഹംതന്നെ ഉണ്ടാകും. അത്തരം നര്‍മ്മകഥകളുടെ മികച്ച സമാഹരണമാണ് ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മകഥകള്‍.
തന്റെ ജീവിത പരിസരത്തുനിന്നും അനുഭവത്തില്‍നിന്നും ഭാവനയില്‍ നിന്നും വീണുകിട്ടുന്ന സുന്ദര ആശയങ്ങളാണ് അദ്ദേഹം നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നത്. പ്രസംഗങ്ങളിലും, പ്രഭാഷണങ്ങളിലും തന്നെ സന്ദര്‍സിക്കുന്നവര്‍ക്കുമെല്ലാം ആദ്ദേഹം നര്‍മ്മത്തില്‍ പൊതിഞ്ഞ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ് നല്‍കുക. ചിരിയും ചിന്തയും ഉണര്‍ത്തുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി സമൂഹം ഇന്നും കാത്തിരിക്കുന്നു എന്നതാണ് വാസ്തവം. അദ്ദേഹം പപ്പോഴായി പറഞ്ഞ നര്‍മ്മകഥകള്‍ സമാഹരിച്ച് രസകരമായ ചിത്രത്തിന്റെ സഹായത്തോടെ ചിട്ടപ്പെടുത്തിയിരിക്കുന്നത് വി എന്‍ ബിബു ആണ്.
ഡി സി ലിറ്റ്മസ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച, ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍, ചിരിച്ചു ചിരിച്ച് ചിന്തിക്കാന്‍ കെല്‍പ്പുള്ള ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മകഥകളുടെ അഞ്ചാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.