ഇന്ന് വളരെ സാധാരണയായി എല്ലാവരിലും കാണുന്ന ഒരു രോഗമാണ് ഡയബെറ്റിസ് അഥവാ പ്രമേഹം. ഒരുകാലത്ത് ‘സ്റ്റാറ്റസ് സിംബല്‍’ ആയി കണ്ടിരുന്ന പ്രമേഹം ഇന്ന് സാധാരണക്കാരന്റെ രോഗമായി മാറിയിരിക്കുന്നു. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം 10.12 കോടി കഴിയും. ചെറുതെന്നോ വലുതെന്നോ ഭേദമില്ലാതെ എല്ലാവരിലും ഒരു പകര്‍ച്ചവ്യാതിപോലെവ്യാപിക്കുന്ന പ്രമേഹം ആരോഗ്യമേഖലയില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന ഒരു പ്രശ്‌നമല്ല. മറിച്ച് സമൂഹ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്.
നാല്പതിനും അമ്പെത്താമ്പത് വയസ്സിനും ഇടയില്‍ ഉള്ളവര്‍ക്കാണ് പ്രമേഹം അധികമായി കാണുന്നത്. ജീവിതശൈലി ക്രമപ്പെടുത്തി ഭക്ഷണ ശീലങ്ങളില്‍ മാറ്റംവരുത്തി പ്രമേഹംവരാതെ നോക്കുകയെന്ന ആഹ്വാനമാണ് ലോക ആരോഗ്യസംഘടന മുന്നോട്ടുവെയ്ക്കുന്നത്. പ്രമേഹനിയന്ത്രണത്തില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. കാലത്തിനനുസരിച്ച് ഭക്ഷണത്തിലും മാറ്റം വരുത്തിയപ്പോഴാണ് പ്രമേഹം എന്ന വ്യാതി എല്ലാവരിലേക്കും എത്തിയത്. അതിനാല്‍ ഭക്ഷണക്രമീകരണംകൊണ്ടുമാത്രമേ പ്രമേഹത്തില്‍ നിന്നും രക്ഷനേടാനാകൂ. ഭക്ഷണ ക്രമീകരണങ്ങളിലൂടെ പ്രമേഹത്തെ തടാം എന്നുപറയുമ്പോള്‍ ഏതൊക്കെ ഭക്ഷണം കഴിക്കാം, ഏതൊക്കെ കഴിക്കാന്‍ പാടില്ല എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉണ്ടായേക്കാം. അവര്‍ക്കുള്ള ഉത്തരമാണ് ലില്ലി ബാബു ജോസ് തയ്യാറാക്കിയ ഡയബെറ്റിക് കുക്കറി ബുക്ക്.
പ്രമേഹരോഗികള്‍ക്ക് ആഹാരം നിഷേധിക്കലല്ല മറിച്ച് ഭക്ഷണത്തിന്റെ സ്വഭാവം നോക്കി അതിന്റെ അളവ്, സമയം, എന്നിവ ക്രമീകരിച്ച് ഉപയോഗിക്കുന്നതുലൂടെ പ്രമേഹത്തെ എങ്ങനെ നിയന്ത്രണ വിധേയമാക്കാം എന്ന് വിശദീകരിക്കുന്ന പുസ്തകമാണ് ഡയബെറ്റിക് കുക്കറി ബുക്ക്. പ്രമേഹം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലക്ഷണങ്ങളും രോഗം വന്നാല്‍ എങ്ങനെ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും നിയന്ത്രിച്ചും നിര്‍ത്താം എന്നിങ്ങനെയുള്ള വിവരങ്ങളും ഡയബെറ്റിക് കുക്കറി ബുക്കില്‍ പ്രതിപാദിച്ചിരിക്കുന്നു. കൂടാതെ പാചകകുറിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം സഹായകമായ ഈ പുസ്തകം ഡി സി ലൈഫ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡയബെറ്റിക് കുക്കറി ബുക്കില്‍ നിന്നൊരു വിഭവം; കൂണ്‍ ഓംലെറ്റ്
ചേരുവകള്‍
കൂണ്‍ – 50 ഗ്രാം
മുട്ടവെള്ള – 2 എണ്ണം
ചുവന്നുള്ളി – 5 എണ്ണം
പച്ചമുളക് – 3 എണ്ണം
കുരുമുളക് പൊടി – 1/`4 ‘ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വെജിറ്റബിള്‍ ഓയില്‍ – 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം– കൂണ്‍ ചെറുതായി അരിഞ്ഞത് ആവിയില്‍ വേവിക്കുക. ചുവന്നുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞ് മുട്ടവെള്ളയുടെകൂടെ ചേര്‍ക്കുക. ഇതിലേക്ക് കൂണ്‍ വേവിച്ചതും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാറിയശേഷം ഓംലെറ്റ് ഉണ്ടാക്കുക. കുരുമുളകുപൊടി വിതറി ഉപയോഗിക്കുക.