അഭിമാനിയായ ഒരു നിരപരാധിക്കാണ് ജയില്‍ ജീവിതത്തിന്റെ കാഠിന്യത്തെക്കുറിച്ച് ഏറ്റവും പറയനാകുക. അത്തരത്തില്‍ ഒരാളാണ് മനുഷ്യനിലെ കരുണ ഇനിയും വറ്റിയിട്ടില്ലാത്തതുകൊണ്ടു മാത്രം ജീവിതം തിരിച്ചുകിട്ടിയ ജയചന്ദ്രന്‍ മൊകേരി. സമൂഹമാധ്യമങ്ങളിലൂടെ ജയചന്ദ്രന്റെ മാലിദ്വീപിലെ ജയില്‍ ജീവിതത്തെക്കുറിച്ച് നാം ഒരുപാട് അറിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അറിഞ്ഞതിനപ്പുറമുള്ള പലതും ജയചന്ദ്രന് പറയാനുണ്ട്. അദ്ദേഹം മനസ്സ് തുറക്കുകയാണ തക്കിജ്ജ എന്റെ ജയില്‍ജീവിതം എന്ന പുസ്തകത്തിലൂടെ.
ഒരു അധ്യാപകനായാണ് ജയചന്ദ്രന്‍ മാലിദ്വീപിലെത്തിയത്. പല സ്‌കൂളുകളില്‍ പഠിപ്പിച്ച അദ്ദേഹം എല്ലാവരുടെയും പ്രീതിയും പ്രിയവും പിടിച്ചുപറ്റി. മാലിദ്വീപിനെക്കുറിച്ച് അറിയാത്തവര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ അറിവുകള്‍ പങ്കുവെച്ചു. അവയില്‍ ചിലത് പില്‍ക്കാലത്ത് തന്റെ ജീവിതം നരകതുല്യമാക്കുമെന്ന് അറിയാതെ.
മാലിദ്വീപിലെ സ്‌കൂളുകളില്‍ അച്ചടക്കം കുറവാണെന്ന് ജയചന്ദ്രന്‍ പറയുന്നു. ക്ലാസ് മുറികളില്‍ അധ്യാപകരേക്കാള്‍ പ്രാധാന്യം കുട്ടികള്‍ക്കാണ്. ബാലനിയമങ്ങള്‍ കര്‍ക്കശമായതിനാല്‍ കുട്ടികളെ ഉറക്കെ ഒന്ന് ശകാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഒരു കുട്ടിയെ ശകാരിച്ചതിന്റെ പേരിലാണ് ജയചന്ദ്രന്റെ ജീവിതം മാറിമറിഞ്ഞത്.
ബാലപീഡനക്കുറ്റം ചുമത്തി വിദ്യാര്‍ത്ഥിയും മാതാപിതാക്കളും പരാതി നല്‍കിയതോടെ ജയചന്ദ്രന്‍ തടവിലായി. തീവ്രമായ അനുഭവങ്ങളാണ് തടവറക്കുള്ളില്‍ അദ്ദേഹത്തെ കാത്തിരുന്നത്. തടവറ എത്ര മാരകമായ അനുഭവമാണെന്ന് തക്കിജ്ജ എന്റെ ജയില്‍ജീവിതത്തിലൂടെ ജയചന്ദ്രന്‍ വിവരിക്കുന്നു. മയക്കുമരുന്നുകേസിലെയും പീഡനക്കേസിലെയും പ്രതികള്‍ക്കൊപ്പം കഴിച്ചുകൂട്ടിയ മാസങ്ങളുടെ കരളലിയിക്കുന്ന വിവരണം തന്നെയാണ് ഈ പുസ്തകം. എന്നാല്‍ പോകെപ്പോകെ ഒരു ഗൂഡാലോചനയുടെ ഇരയാവുകയായിരുന്നു താനെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഇരുട്ടറയില്‍ ഒന്നുമറിയാതെ ജയചന്ദ്രന്‍ കിടക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ നിന്ന് കൂട്ടായ്മ ഒരു രൂപം കൊള്ളുകയായിരുന്നു. ജയചന്ദ്രന്റെ ഭാര്യയും സാമൂഹ്യമാധ്യമങ്ങളിലെ സുഹൃത്തുക്കളും മനസ്സില്‍ നന്മയുടെ അംശം കാത്തുസൂക്ഷിക്കുന്ന മനുഷ്യസ്‌നേഹികളും കക്ഷിരാഷ്ട്രീയത്തിനതീതമായി രാഷ്ട്രീയക്കാരും ഒത്തുപിടിച്ചപ്പോള്‍ ജയചന്ദ്രന്‍ മോചിതനായി. ഈ പോരാട്ടത്തിന്റെ കഥ കൂടിയാണ് തക്കിജ്ജ എന്റെ ജയില്‍ജീവിതം എന്ന പുസ്തകം.
പ്രവാസം, നീതി, നിയമം, സൗഹൃദം, കുടുംബം, മനുഷ്യാവസ്ഥയുടെ ആഗന്തുകസ്വഭാവം ഇവയെക്കുറിച്ചെല്ലാമുള്ള വിചാരങ്ങളിലേക്ക് നമ്മെ നയിക്കാന്‍ തക്കിജ്ജയ്ക്ക് കഴിയുമെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെടുന്നു. ദ്വീപില്‍ നിന്ന് ദ്വീപിലേക്കും ജയിലില്‍ നിന്ന് ജയിലിലേക്കും ഒരു നിരപരാധിയുടെ സഹനയാത്രയുടെ സത്യകഥയാണിതെന്ന് കെ.ജി.ശങ്കരപ്പിള്ള പറയുന്നു.