വായിച്ചാൽ മതിവരാത്ത ജീവിതങ്ങളാണ് സി വി ബാലകൃഷ്ണന്റെ കഥകളിലെല്ലാം.പ്രമേയ സ്വീകരണത്തിന്റെ വൈവിധ്യമാണ് സി വിയുടെ ലൈബ്രേറിയൻ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ഭാഷയുടെ സൂക്ഷ്മചാരുത, നവീനമായ ആഖ്യാനരീതി, മനുഷ്യപ്രകൃതിയോടും ഭൂപ്രകൃതിയോടും തിരക്കുകളോടും കാട്ടുന്ന സ്നേഹവാത്സല്യങ്ങൾ എല്ലാം സിവി ബാലകൃഷ്ണന്റെ കഥകളിൽ മുന്നിട്ടു നിൽക്കുന്നു. പുസ്തകങ്ങൾക്കുള്ളിൽ ജീവിക്കുന്ന എഴുത്തുകാരാണ് ഓരോ ലൈബ്രേറിയന്റെയും ജീവിതത്തിലെ സുഖ ദുഖങ്ങളുടെ പങ്കാളികൾ.
ജീവിതപുസ്തകങ്ങളുടെ വായനശാലയിൽ കാത്ത് കിടക്കുന്ന മരണമില്ലാത്ത കഥാപാത്രങ്ങളും കഥാകാരന്മാരും ഒരു ലൈബ്രേറിയന്റെ ജീവിതത്തെ നിർണ്ണയിക്കുന്നതെങ്ങിനെയെന്ന് ലൈബ്രേറിയൻ എന്ന നോവൽ നമുക്ക് കാണിച്ചു തരുന്നു.മലയാളികൾക്ക് സുപരിചിതരായുള്ള എല്ലാ എഴുത്തുകാരും അണിനിരക്കുന്ന ലൈബ്രേറിയൻ ഏറെ പുതുമയുള്ള ഒരു ആഖ്യാനമായി വിലയിരുത്തപ്പെടുന്നു. 2014 നവംബറിൽ ആദ്യപതിപ്പ് പുറത്തിറങ്ങിയ ലൈബ്രേറിയന്റെ മൂന്നാമത്തെ പതിപ്പാണ് ഡിസി ബുക്സ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
നോവലിസ്റ്റ് , കഥാകൃത്ത് , തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ സിവി ബാലകൃഷ്ണൻ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി അവാർഡ് , മുട്ടത്തു വർക്കി അവാർഡ് , പത്മപ്രഭാ പുരസ്കാരം ,ബഷീർ പുരസ്‌കാരം ,ഒ . ചന്തുമേനോൻ പുരസ്കാരം എന്നിവ നേടി.സിവി ബാലകൃഷ്ണന്റെ 28 ഓളം കൃതികൾ ഡിസി ബുക്സ് മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.