ഓരോ യാത്രകൾക്കും ഓരോ യാത്രികനും എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങൾ പറയാനുണ്ടാവും. ഓരോ യാത്രകളും അവർക്ക് പുതുമയുള്ള ഓരോ അനുഭവങ്ങളാണ്.സാഹിത്യത്തില്‍ എന്നും യാത്രാവിവരണ ഗ്രന്ഥങ്ങള്‍ക്ക് വായനക്കാര്‍ ഏറെയാണ്. എസ്.കെ. പൊറ്റക്കാടും എം.ടിയും സി.എച്ച്. മുഹമ്മദ്‌കോയയും യാത്രകള്‍ ഇഷ്ടപ്പെട്ടവരും സഞ്ചാരസാഹിത്യത്തില്‍ മികവ് പുലര്‍ത്തിയവരുമായിരുന്നു. ഒരുപാട് കവികള്‍ക്കും കഥാകാരന്മാര്‍ക്കും അവരുടെ സര്‍ഗസിദ്ധികളുടെ നൈപുണ്യം പ്രകടിപ്പിക്കാനുള്ള വിഷയമായിരുന്നു യാത്ര. എറൗണ്ട് ദ വേള്‍ഡ് ഇന്‍ എയ്റ്റി ഡേയ്‌സ് എന്ന ഫ്രഞ്ച് നോവൽ സഞ്ചാരസാഹിത്യത്തിലെ ക്ലാസിക്ക് ബുക്കുകളിലൊന്നാണ്. പിന്നീടത് സിനിമയാവുകയും ചെയ്തിട്ടുണ്ട്. ടൈറ്റാനിക്ക്, ലൈഫ് ഓഫ് പൈ, പത്തേമാരി തുടങ്ങിയ ഒട്ടേറെ സിനിമകളിലെ വിഷയവും യാത്രതന്നെ. ഈ സഞ്ചാര സാഹിത്യലോകത്തിന് മുതൽകൂട്ടായ് മറ്റൊരു മികച്ച സൃഷ്ടി കൂടി . മലയാളചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയുടെ വഴിപോക്കൻ.
‘തടാകനാട്, നബിയുടെ നാട്ടിൽ , അഗ്നിപർവ്വതങ്ങളുടെ താഴ്വര, ബെയ്ജിങ് ഡയറി, ഇതുവരെ പ്രസിദ്ധീകരിക്കാത്ത ചില യാത്രാ അനുഭവങ്ങൾ എന്നിവയാണ് വഴിപോക്കൻ എന്ന കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലണ്ടൻ നഗരത്തോട് സക്കറിയയ്ക്ക് തോന്നിയ പ്രണയത്തോടെയാണ് ‘തടാകനാട്‘ എന്ന അധ്യായം ആരംഭിക്കുന്നത്. ഈ ഭൂപ്രകൃതിയിൽ അഭിരമിച്ച വേഡ്സ് വർത്ത് എന്ന പയ്യൻ പ്രകൃതിയുടെ മഹാകവിയായതിൽ അതിശയമില്ലെന്ന് സക്കറിയ പറയുന്നു.
പിന്നീട് ഇസ്ലാമിന്റെ മറ്റൊരു സുന്ദര സൃഷ്ടിയായ നബിയുടെ സ്വന്തം അറേബിയയിലേക്ക്. പ്രവാചകനെ കശക്കിയ ആത്മസൗന്ദര്യങ്ങളുടെ നാട്. ഹൃദയത്തില് അന്തവിശാലതയും ആര്ദ്രതയും സൗന്ദര്യവും നിറഞ്ഞ മദീന, ആധുനികവും സര്വസൗകര്യസമ്പന്നവുമായ ജിദ്ദ നഗരം. അങ്ങിനെ ‘നബിയുടെ നാട്ടിലെ അവസാനിക്കാത്ത അതിശയങ്ങളുടെ വിശേഷങ്ങളുമായി കടൽ കടന്ന് ആഫ്രിക്കന് നാട്ടിലേക്ക്.
‘അഗ്നിപർവ്വതങ്ങളുടെ താഴ്വരയിലൂടെ ആഫിക്കൻ ഭൂപ്രകൃതിയുടെ വൈവിധ്യത്തിലലിഞ്ഞ് സക്കറിയ യാത്രതുടരുന്നു. മലനിരകളും തടാകങ്ങളും നദികളും ഉറങ്ങുന്നവയും ജീവിക്കുന്നവയുമായ അഗ്നിപർവ്വതങ്ങളും കാടുകളും പുൽപ്പരപ്പുകളും വന്യമൃഗ സഞ്ചയങ്ങളും നിറഞ്ഞ ‘ദി ഗ്രേറ്റ് റിഫ്റ്റ് വാലി’യുടെ ഏറ്റവും മനോഹരമായ ഭാഗം ആഫ്രിക്കയിലാണ്.
‘ബെയ്ജിങ് യാത്രാനുഭവവും ചില കുറിപ്പുകളു’മായി ‘വഴിപോക്കൻ‘ യാത്ര അവസാനിപ്പിക്കുകയാണ്. അനുപമമായ ആഖ്യാന വൈഭവത്താൽ വിസ്മയിപ്പിക്കുന്ന ഈ യാത്രാ സമാഹാരം മലയാള യാത്രാസാഹിത്യത്തിൽ മറ്റൊരു നാഴികക്കല്ലാവുമെന്ന് ഉറപ്പിക്കാം. പ്രയ്‌സ് ദി ലോർഡ് , സലാം അമേരിക്ക , സക്കറിയയുടെ കഥകൾ , ഉരുളികുന്നത്തിന്റെ ലുത്തിനിയ , അയ്യപ്പത്തിന്തകത്തോം, എന്റെ പ്രിയപ്പെട്ട കഥകൾ തുടങ്ങി സക്കറിയയുടെ മുപ്പത്തഞ്ചോളം കൃതികൾ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വഴിപോക്കൻ ; ലഘു സഞ്ചാരകൃതികളുടെ രണ്ടാം പതിപ്പാണ് ഇപ്പോൾ ഡിസി ബുക്സ് പുറത്തിറക്കിയിരിക്കുന്നത്.