ഭര്‍ത്താവോ കുട്ടികളോ കുടുംബമോ ഇല്ലാത്തവളാണ് അഖില. അതുകൊണ്ടുതന്നെ നിറമുള്ള കണ്ണടകളില്ലാത്ത ഒരു നാല്‍പത്തഞ്ചുകാരി. ഓരോ തീരുമാനത്തിനും മുമ്പ് വളരെയേറെ ആലോചിക്കുകയും പഠിക്കുകയും ഒരുപാടു സമയം മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്യുന്നവള്‍. രാത്രി തീവണ്ടിയിലെ ലേഡീസ് കൂപ്പേയില്‍ കയറി അവള്‍ കന്യാകുമാരിക്ക് യാത്ര തിരിച്ചതും ഒരുപാട് ആലോചനകള്‍ക്ക് ശേഷമായിരുന്നു.
ലേഡീസ് കൂപ്പെയിലെ സൗഹൃദാന്തരീക്ഷത്തില്‍ അഖിലക്ക് അഞ്ച് സഹയാത്രികകളെ കിട്ടി. ലാളിക്കപ്പെട്ട ഭാര്യയും അങ്കലാപ്പിലായ അമ്മയുമായ ജാനകി, രസതന്ത്രാധ്യാപിക മാര്‍ഗരറ്റ് ശാന്തി, ഉത്തമഭാര്യയും മകളുമായ പ്രഭാദേവി, പതിനാലുകാരിയായ ഷീല, പിന്നെ ഒറ്റ രാത്രിയുടെ ആര്‍ത്തിയില്‍ നിഷ്‌കളങ്കത നഷ്ടമായ മാരിക്കൊളുന്തും. ആ ലേഡീസ് കൂപ്പെയില്‍ വെച്ച് ആറു സ്ത്രീകളും തമ്മില്‍ ഏറ്റവും സ്വകാര്യമായ അനുഭവങ്ങളടക്കം പങ്കുവെച്ചു.
ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സന്തുഷ്ടജീവിതം നയിക്കാനാവുമോ?, പൂര്‍ണ്ണതയുണ്ടാകാന്‍ പുരുഷന്‍ കൂടിയേതീരൂ എന്നുണ്ടോ? തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ അഖിലയുടെ മനസ്സില്‍ ഉണ്ടായിരുന്നു. അവയ്ക്കുള്ള ഉത്തരങ്ങളിലേക്കും പരിഹാരങ്ങളിലേക്കും കന്യാകുമാരി യാത്ര അവളെ നയിച്ചു.
കരുത്തും സ്വാതന്ത്ര്യവും തേടിയുള്ള ഒരു സ്ത്രീയുടെ അന്വേഷണങ്ങളുടെ കഥയാണ് പ്രമുഖ എഴുത്തുകാരിയായ അനിതാ നായരുടെ ലേഡീസ് കൂപ്പെ പറയുന്നത്. പ്രമീളാ ദേവി വിവര്‍ത്തനം നിര്‍വ്വഹിച്ച ലേഡീസ് കൂപ്പെ മലയാള പരിഭാഷയുടെ നാലാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
മുപ്പതില്‍പരം ലോകഭാഷകളിലേക്ക് അനിതാ നായരുടെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാലസാഹിത്യകൃതികളും കവിതകളും രചിക്കാറുള്ള അനിതയുടെ ബെറ്റര്‍മാന്‍, മിസ്ട്രസ്സ്, മറവിയുടെ പാഠങ്ങള്‍, വെട്ടേറ്റ മുറിപ്പാട് എന്നീ കൃതികളും ഡി സി ബുക്‌സ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. തകഴിയുടെ ചെമ്മീന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതും അനിതയായിരുന്നു.