ഷെഷ്വാന്‍ റൈസ്, തായ് സ്‌പൈസി റൈസ്, എഗ്ഗ് ഹക്ക നൂഡില്‍സ്, സിങ്കപ്പൂര്‍ സ്ട്രീറ്റ് നൂഡില്‍സ്, ചിലി മഷ്‌റൂം, ബ്രോക്കോളി മഞ്ചൂരിയന്‍, ഡ്രാഗണ്‍ ചിക്കന്‍, ഓറഞ്ച് ചിക്കന്‍, ഹോങ്കോങ് ചിക്കന്‍, ചില്ലി പ്രോണ്‍സ്, സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ്, സ്റ്റഫ്ഡ് ടോഫു….
കേള്‍ക്കുമ്പോല്‍ തന്നെ നാവില്‍ വെള്ളമൂറുന്ന വിഭവങ്ങളാല്‍ സമ്പന്നമാണ് ചൈനീസ്, തായ്, വിയറ്റ്‌നാമീസ് പാചകരംഗം. ഏറെ രുചികരമായ ഇത്തരം വിഭവങ്ങള്‍ ഒരുക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് ഇന്ന് പ്രിയമേറെയാണ്. ചൈനീസ്, തായ്, വിയറ്റ്‌നാമീസ് വിഭവങ്ങള്‍ വീട്ടില്‍ തയ്യാറാക്കാവുന്നതാണെങ്കിലും പാചകരീതി അറിവില്ലാത്തതുകാരണം ഭൂരിഭാഗം രുചി ആസ്വാദകര്‍ക്കും ഇത്തരം സ്‌പെഷ്യല്‍ വിഭവങ്ങള്‍ക്ക് ഹോട്ടലുകളെ ആശ്രയിക്കാതെ തരമില്ല. എന്നാല്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരമായിരിക്കുകയാണ്. അതാണ് ചൈനീസ് തായ് പാചകം എന്ന പുസ്തകം.
ഏറെ രുചികരമായ ചൈനീസ്, തായ്, വിയറ്റ്‌നാമീസ് വിഭവങ്ങള്‍ തനിമ ചോരാതെ അനായാസമായി പാകം ചെയ്യാന്‍ ഉപകരിക്കുന്ന പാചകക്കുറിപ്പുകളുടെ സമാഹാരമാണ് ചൈനീസ് തായ് പാചകം. വിവിധതരം നൂഡില്‍സുകള്‍, റൈസുകള്‍, വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, സൂപ്പുകള്‍, സ്‌നാക്‌സുകള്‍ എന്നിവയുടെ കൃത്യതയാര്‍ന്ന പാചകക്കൂട്ടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വന്തം അടുക്കളയില്‍ വളരെ ലളിതമായ ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കുന്ന നൂറോളം വിഭവങ്ങളുടെ കുറിപ്പുകള്‍ ഒരുക്കിയത് ഫുഡ് ബ്ലോഗര്‍, ഫുഡ് സയന്റിസ്റ്റ്, ഫുഡ് കോളമിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയയായ സുജിത മനോജ് ആണ്. പപ്പടം പഴം പായസം എന്ന റെസിപ്പി പോര്‍ട്ടലിന്റെ സ്ഥാപക കൂടിയാണ് സുജിത.