‘ഒരിക്കലും പ്രണയത്തില്‍ അകപ്പെടരുത്. പ്രണയം വിഷമാണ്.
പ്രണയത്തിലകപ്പെടുമ്പോള്‍ സ്വന്തം ജീവിതത്തിന്മേലുള്ള നിയന്ത്രണം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. നിങ്ങളുടെ ഹൃദയവും മനസ്സും മറ്റൊരാളുടെ സ്വന്തമാകുന്നു. നിങ്ങളുടെ നിലനില്‍പ്പ് തകരാറിലാകുന്നു. കാമുകനോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കാനായി നിങ്ങളെന്തും ചെയ്യും. എല്ലാ അപായ ഭീതികളും നിങ്ങള്‍ വലിച്ചെറിയുന്നു. അങ്ങേയറ്റം അപകടകരവും വിശദീകരിക്കാനാകാത്തതുമായ പ്രണയമെന്ന സംഗതി നിങ്ങളില്‍ നിന്നും നിങ്ങളെ തുടച്ചു മാറ്റുന്നു.’- ചാരസുന്ദരി ( പൗലോ കൊയ്‌ലോ
)
ലോകത്തെമ്പാടുമുള്ള വായനക്കാരെപ്പോലെ തന്നെ മലയാളി വായനക്കാരെയും ആകര്‍ഷിച്ച വ്യത്യസ്തമായ എഴുത്തിനുടമയാണ് പൗലോ കൊയ്‌ലോ..ആട്ടിടയനായ സാന്റിയാഗോയുടെ കഥ പറഞ്ഞ ‘ആല്‍കെമിസ്റ്റും‘…ലിന്‍ഡയുടെ കഥ പറഞ്ഞ ‘അഡല്‍റ്ററിയും‘…വെറോനിക്കയുടെ കഥ പറഞ്ഞ ‘വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു‘…എന്നതുമൊക്കെ എത്രയധികം ആരാധകരെയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്. ബ്രസീലില്‍ ഒരു കത്തോലിക്ക കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് പാട്ടെഴുത്തുകാരനും അഭിനേതാവും നോവലിസ്റ്റും ജേര്‍ണ്ണലിസ്റ്റും നാടക സംവിധായകനും ഹിപ്പിയുമൊക്കെയായി അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു മുന്‍കാല ജീവിതം ഉണ്ടായിരുന്നു. ഹെല്‍ ആര്‍ക്കൈവ്‌സ്, പില്‍ഗ്രിമേജ് തുടങ്ങിയ ആദ്യ കാല കൃതികള്‍ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ‘ആല്‍കെമിസ്റ്റ് ‘ ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തു.
പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവലാണ് ‘ ചാരസുന്ദരി ‘. മാതാപിതാക്കള്‍ ‘മര്‍ഗരീത്ത സെല്ല’ എന്ന പേരിട്ടവള്‍…വിവാഹ ശേഷം ശ്രീമതി ”മക്ലിയോഡ് ‘ എന്ന പേര് സ്വീകരിക്കാന്‍ നിര്‍ബന്ധിതയായവള്‍…മാതാ ഹരിയെന്ന നാമം സ്വയം സ്വീകരിച്ച് അനേകരുടെ മനം കവര്‍ന്ന അതിസുന്ദരിയായ നര്‍ത്തകിയായി ജീവിച്ചവള്‍..അവസാനം ജര്‍മ്മന്‍കാര്‍ നല്‍കിയ ഇരുപതിനായിരം ഫ്രാങ്കിനു വേണ്ടി ‘എച്ച് 21’ എന്നെഴുതി ഒപ്പിട്ടവള്‍….അവളുടെ കഥയാണിത്.
മാതാ ഹരിയുടെ ജീവിതത്തെ തന്റെ തനതു ശൈലിയിലുള്ള ആഖ്യാനത്തിലൂടെ പൗലോ വിവരിക്കുന്നു. ഹോളണ്ട്, ഇന്‍ഡൊനീഷ്യ, ഫ്രാന്‍സ് ,ജര്‍മ്മനി എന്നീ രാജ്യങ്ങളിലൂടെ മാതാ ഹരി ജീവിച്ച ജീവിതമാണ് ഒരു കത്തിന്റെ രൂപത്തില്‍ ആദ്യഭാഗങ്ങളില്‍ വിവരിക്കുന്നത്. ചാരപ്രവര്‍ത്തി നടത്തിയെന്നാരോപിക്കപ്പെട്ട് ദയാഹര്‍ജി നിഷേധിക്കപ്പെട്ട് ശിക്ഷ കാത്ത് കിടക്കുന്ന അവരുടെ കുട്ടിക്കാലം മുതല്‍ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. വിദ്യാലയത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്ന നിരവധി പെണ്‍കുട്ടികളിലൊരാളായിരുന്നു മാര്‍ഗരീറ്റ സെല്ല. ഇന്‍ഡോനേഷ്യയിലെ ഒരു പട്ടാള ഉദ്യോഗസ്ഥനെ കല്യാണം കഴിച്ചു പോകുമ്പോള്‍ ജനിച്ചു വളര്‍ന്ന കൊച്ച് ഗ്രാമം വിട്ട് തുറന്ന വലിയ ലോകത്തിലേയ്ക്ക് പറക്കണമെന്ന ആഗ്രഹം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. കൂട്ടിലടക്കപ്പെട്ട കിളിയുടെ പോലെയുള്ള ജീവിതമാണ് അവിടെയും അവളെ കാത്തിരുന്നത് ക്രൂരനായ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ അവിടെയും അവളുടെ ജീവിതം മരവിപ്പിച്ചു. ഒരു മകള്‍ മാത്രം സ്വന്തമായിട്ടുണ്ടായിരുന്നു അവള്‍ തിരികെ സ്വന്തം രാജ്യത്തേയ്ക്ക് പോരുമ്പോള്‍. പിന്നീട് ഫ്രാന്‍സിലേയ്ക്ക് എത്തിച്ചേരുന്ന അവള്‍ മാതാ ഹരിയെന്ന നര്‍ത്തകിയായി പ്രശസ്തിയിലേയ്ക്കും പണത്തിലേയ്ക്കും കുതിച്ചുയര്‍ന്നു.
ധനികരുടെയും പ്രശസ്തരുടെയും കിടക്ക പങ്കിടുകയെന്നും ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.സമൂഹത്തില്‍ അധികാര വൃത്തങ്ങളില്‍ സ്വാധീനം ലഭിക്കാനും ഇത് കാരണമാകുന്നു. അത്യാഡംബര പൂര്‍ണ്ണമായ ജീവിതത്തിന് ഒരു പരിധി വരെ അവര്‍ അടിപ്പെടുന്നു. പിന്നീട് അവര്‍ ജര്‍മ്മനിയിലേയ്ക്ക് മാറുന്നു. അവരുടെ അധികാര വര്‍ഗ്ഗങ്ങളുമായുള്ള വേഴ്ചകളും അടുപ്പങ്ങളും ലോക മഹായുദ്ധകാലത്ത് ജര്‍മ്മനിക്കു വേണ്ടി ചാരപ്രവൃത്തി ചെയ്യാന്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. പക്ഷേ ഫ്രാന്‍സിനെ ഒറ്റിക്കൊടുക്കാന്‍ തയ്യാറാകാതെ … ഫ്രാന്‍സിനോടുള്ള കൂറ് അവര്‍ നയതന്ത്ര ഭരണാധികാരികളെ ധരിപ്പിച്ചെങ്കിലും.. ഫ്രഞ്ച് ഉദ്യോഗസ്ഥരാലും അവര്‍ തെറ്റിദ്ധരിക്കപ്പെടുന്നു. ഫ്രാന്‍സും ജര്‍മ്മനിയും ഒരേ സമയം അവരെ ചാരവനിതയായി കുറ്റം ചാര്‍ത്തുന്നു. ചാരപ്രവൃത്തികളൊന്നും ചെയ്തിട്ടില്ല എന്ന് മാതാ ഹരിയുടെ കത്തുകള്‍ ചൂണ്ടിക്കാണിക്കുന്നു. അവരുടെ വക്കീല്‍ അവര്‍ക്കെഴുതുന്ന കത്തില്‍ കാര്യങ്ങള്‍ എങ്ങനെയൊക്കെയാണ് മാതാഹരിക്കെതിരെ തിരിയുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. തടവറയിലെ ജീവിതത്തിനു വിരാമമായി മാതാഹരിയെ വെടിവെച്ച് കൊല്ലുന്ന രംഗം വിവരിച്ചുകൊണ്ടാണ് നോവലിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് പൗലോ വായനക്കാരെ കൊണ്ട് പോകുന്നത്.
ലോക മഹായുദ്ധത്തെ മറ്റൊരു കോണില്‍ക്കൂടി കാണാനും ഈ നോവലില്‍ സാധിക്കുന്നുണ്ട്. പാബ്ലോ പിക്കാസോയും ഓസ്‌കാര്‍ വൈല്‍ഡും മാതാ ഹരിയുടെ കത്തില്‍ ചിലയിടങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നത് കൗതുകമുണര്‍ത്തുന്നുണ്ട്. സ്വതന്ത്രയായി … മാമൂലുകള്‍ക്കെതിരെ ജീവിക്കാന്‍ ശ്രമിച്ചു എന്നാണ് അവര്‍ പറയുന്നത്. ഒരു പക്ഷേ നോവലില്‍ ആ അംശം വായനക്കാര്‍ക്ക് മനസ്സിലാകാതെ പോകുമോ എന്ന് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. ഒരു പക്ഷേ കാലഘട്ടങ്ങളുടെ വന്‍ വിടവ് അതിനൊരു കാരണമായിട്ടുണ്ടാകാം. 1917 ല്‍ തൂക്കിലേറ്റപ്പെട്ട ഒരു യൂറോപ്യന്‍ വനിതയുടെ കാഴ്ച്ചപ്പാടുകള്‍.. പ്രത്യേകിച്ച് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ളത് ആവും വിധം അവരുടെ കത്തുകളുടെ വെളിച്ചത്തില്‍ പൗലോ പറഞ്ഞ് വയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നേ പറയാന്‍ പറ്റൂ. പൗലോയുടെ മറ്റ് നോവലുകള്‍ പോലെ..എല്ലാത്തരം വായനക്കാരെയും ഈ നോവലിന് പിടിച്ചിരുത്താന്‍ കഴിയുമോ എന്നതും പ്രതിപാദ്യ വിഷയം ശങ്കിപ്പിക്കുന്നുണ്ട്.
നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത് കബനി ആണ്. യൂറോപ്യന്‍ ജീവിത ശൈലി… അതും നൂറ് കൊല്ലം മുമ്പ് നടന്ന ജീവിത സാഹചര്യങ്ങളെ മലയാളീകരിക്കപ്പെടുമ്പോഴുണ്ടാകുന്ന ഒരു തടസ്സം നോവല്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു. വിവര്‍ത്തനത്തെ അത്ര ആസ്വാദ്യകരമായ ഒരു വായനയാക്കാന്‍ പറ്റുമോ എന്നതില്‍ ഇതിവൃത്തത്തിന്റെ സ്വഭാവവും പ്രധാന പങ്ക് വഹിക്കും എന്നേ പറയാനാകൂ. എങ്കിലും മാതാ ഹരിയെന്ന സ്ത്രീ വായനക്കാരുടെ മനസ്സില്‍ ചില ചോദ്യങ്ങളവശേഷിപ്പിച്ച് കുറച്ച് ദിവസം തങ്ങി നില്‍ക്കും എന്ന് നിസ്സംശയം പറയാം. കാലങ്ങള്‍ക്കതീതമായി ആവര്‍ത്തിക്കപ്പെടുന്ന ചില സത്യങ്ങള്‍ കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ ‘ചാരസുന്ദരി‘.