” അസാധാരണമായി മെലിഞ്ഞ ദേഹപ്രകൃതി. സാധാരണ പൊക്കമുണ്ടെങ്കിലും ചെമ്മീന്‍റെ ആകൃതിയില്‍ത്തന്നെ ഇരിക്കണമെന്നു നിര്‍ബന്ധമുള്ളതു പോലെ തോന്നും നടപ്പിലും ഇരിപ്പിലുമൊക്കെ. അന്നത്തെ അദ്ധ്യാപകന്‍റെ സ്റ്റൈലില്‍ ഒരു ഷാള്‍ കഴുത്തില്‍ വളച്ചിട്ടിരുന്നു…” ആദ്യമായി സി ജെയെ കണ്ടതിനെക്കുറിച്ച് റോസി തോമസിന്റെ വിശദീകരണം ഇങ്ങനെ. ഇവൻ എന്റെ പ്രിയ സിജെ എന്ന പുസ്തകത്തിലൂടെയാണ് റോസി തോമസ് ഓർമ്മകളുടെ ചുരുൾ നിവർത്തുന്നത്. മൺമറഞ്ഞു പോയ തന്‍റെ ഭര്‍ത്താവിന് ജീവിച്ചിരിക്കുന്ന ഭാര്യയുടെ പ്രേമോപഹാരം.
ഓർമ്മയിൽ ബാക്കിയായ ഭൂതകാല ചിത്രങ്ങളിലൂടെ ഒരു കലാപകാരിയായ തന്റെ ഭർത്താവിനെ കുറിച്ചുള്ള കറുപ്പും വെളുപ്പും കലർന്ന അനുഭവകുറിപ്പുകളുടെ തുറന്നെഴുത്താണ് ഇവൻ എന്റെ പ്രിയ സിജെ. പലപ്പോഴും പലർക്കും വിചിത്രമായി തോന്നിപ്പിക്കുന്ന പല സവിശേഷതകളും നിഴലിച്ചിരുന്നു സിജെ എന്ന വ്യക്തിയിൽ. അതെല്ലാം സത്യസന്ധമായി തുറന്നുകാട്ടുന്നു റോസി തോമസ്. ഒന്നിച്ചു ജീവിച്ച നാളുകളിലെ രാഗദ്വേഷങ്ങളെ കുറിച്ചും സ്നേഹ വിശ്വാസങ്ങളെ കുറിച്ചും കുറ്റബോധം തെല്ലുമില്ലാതെ തുറന്നെഴുതിയപ്പോൾ മലയാള സാഹിത്യത്തിന് ലഭിച്ച അപൂർവ്വ ഭാഗ്യങ്ങളിൽ ഒന്നായി ഇവൻ എന്റെ പ്രിയ സിജെ എന്ന പുസ്തകം.
“ഈ പുസ്തകം ഒരു വിലാപകൃതിയാവരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം അത്തരം സെന്‍റിമെന്‍റലിസത്തെ ഞാന്‍ വെറുക്കുന്നു”വെന്നാണ് സി ജെയെക്കുറിച്ചെഴുതിയ പുസ്‌തകത്തെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞത്. റോസിയുടെ വാക്കുകളിലെ ധീരത ”ഇനി ഒരു ജന്മമുണ്ടെങ്കില്‍ സി ജെയെ ഭര്‍ത്താവായി വേണ്ട എന്ന് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ അവരെ പ്രേരിപ്പിച്ചു. കലാപകാരിയായി ജീവിച്ച ഭര്‍ത്താവ് തന്‍റെ ജീവിതത്തെ എങ്ങനെ സ്വധീനിച്ചു എന്നതിന്‍റെ സാക്‌ഷ്യമായിരുന്നു റോസിയുടെ ‘ഇവന്‍ എന്‍റെ പ്രിയ സിജെ’. 2009 ഡിസംബർ 16 ന് തന്റെ പ്രിയ സി ജെയുടെ അടുത്തേക്ക് റോസിയും യാത്രയായി.
ഭാഷയിലെ ലാളിത്യം പുസ്‌തകത്തിന്‍റെ ആദ്യാവസാനം റോസി കാത്തു സൂക്ഷിച്ചിട്ടുണ്ട്. ‘ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്ത പുസ്‌തകം’ എന്നാണ് എം ടി ഇതിനെ വിശേഷിപ്പിച്ചത്. ജീവിച്ചിരുന്ന ഭാര്യ മണ്‍മറഞ്ഞുപോയ ഭര്‍ത്താവിന് അര്‍പ്പിച്ച പ്രേമോപഹാരം മലയാളിയുടെ കൈയിലെത്തിയപ്പോള്‍ വായനക്കാർക്ക് അതൊരപൂർവ്വ ഭാഗ്യമായി മാറി.
കൃതികളുടെ എണ്ണം കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ എഴുത്തുകാരിയായിരുന്നില്ല റോസി തോമസ്. ‘എഴുതാന്‍ തുടങ്ങുമ്പോള്‍ അക്ഷരങ്ങള്‍ എന്‍റെ കണ്ണുനീരില്‍ കുതിരാത്ത കാലത്തു മാത്രമേ ഞാന്‍ അതിനു മുതിരുകയുള്ളൂ’ എന്നായിരുന്നു റോസി തന്റെ എഴുത്തിനെ കുറിച്ച് പറഞ്ഞത്. ‘ആനി , ഉറങ്ങുന്ന സിംഹം എന്നിവയാണ് റോസി തോമസിന്‍റെ മറ്റു കൃതികൾ. പശ്ചിമകേരളത്തിലെ സുറിയാനി ക്രിസ്‌ത്യന്‍ പശ്ചാത്തലത്തിലുള്ള നോവലായിരുന്നു ആനി.
സിജെ തോമസ് എന്ന സാഹിത്യകാരനെ വായനക്കാരിൽ പ്രതിഷ്‌ഠിച്ച പുസ്തകത്തിന്റെ പതിനൊന്നാം പതിപ്പാണ് ഡിസി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.