സേതുവിൻറെ ഭാവനയുടെയും ചരിത്രവസ്തുതകളുടെയും ഒരു മികച്ച കൂടിച്ചേരലാണ് മറുപിറവി എന്ന നോവൽ. ചരിത്രവും , കഥയും , ഭാവനയും , സമകാലിക സംഭവങ്ങളും ഇഴചേർന്ന ‘മറുപിറവി’ മലയാളത്തിന്റെ സാഹിത്യസംസ്കൃതിക്കൊരു മറുപിറവി തന്നെയാണ് . സർഗ്ഗാത്മകതയുടെ 51 വർഷങ്ങളാണ് സേതു എന്ന മലയാളത്തിന്റെ എ സേതുമാധവൻ മലയാള നോവൽ സാഹിത്യത്തിന് സംഭാവന ചെയ്തത്. നോവൽ- കഥാ വിഭാഗങ്ങളിൽ 38 ഓളം കൃതികളുടെ രചയിതാവ്.
ഞങ്ങള്‍ അടിമകള്‍ എന്ന നോവലിലൂടെ 1972ല്‍ ആധുനിക മലയാള നോവല്‍സാഹിത്യത്തിന്റെ മുന്‍നിരയിലേക്കു എത്തിച്ചേര്‍ന്ന സേതു 2011ല്‍ പ്രസിദ്ധീകരിച്ച മറുപിറവിയിലൂടെ തന്റെ സ്വന്തം തട്ടകത്തിന്റെ ചരിത്രത്തിലേക്കും ഐതിഹ്യങ്ങളിലേക്കും തന്റെ ഭാവനാപഥത്തെ വഴിതിരിക്കുകയുണ്ടായി. ചേന്ദമംഗലത്തും പരിസരങ്ങളിലും നൂറ്റാണ്ടുകളായി വസിച്ച് സ്വന്തം സ്വപ്‌നഭൂമിയിലേക്കു മടങ്ങിയ ജൂതസമൂഹത്തിന്റെ ചരിതമാണ് മറുപിറവിയുടെ പ്രമേയം. സേതുവിൻറെ ഭാവനയിൽ ചേന്ദമംഗലം എന്ന കൊച്ചു ഗ്രാമത്തിന് എന്തോ ഒരു മയക്കം ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് നോവലിനെ കുറിച്ച് സേതു പറയുന്നുണ്ട്. ഏതോ ഒരു സമ്പന്നമായ കാലം അയവിറക്കിക്കൊണ്ട് സുഷുപ്തിയിൽ കിടക്കുന്ന ഒരു മയക്കം. ആ ഒരു കീറ് വെളിച്ചം തന്നെയായിരുന്നു സേതു ഇതുപോലൊരു സൃഷ്ടിക്കു വേണ്ടി തേടിക്കൊണ്ടിരുന്നതും.
കാലത്തിന്റെ കുത്തൊഴുക്കിൽ മണ്ണടിഞ്ഞുപോയ, മുചരി, മുചരിപ്പട്ടണം, മുസരീസ്, എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഒരു പുരാതന തുറമുഖത്തിന്റെ ചരിത്രം, സാങ്കൽപ്പിക കഥാപാത്രങ്ങൾക്കൊപ്പം ജീവിച്ചിരുന്ന കഥാപാത്രങ്ങളേയും ഉൾപ്പെടുത്തി അതീവ ഭംഗിയോടെ സന്നിവേശിപ്പിച്ചിരിക്കുന്നു മറുപിറവിയിൽ. മുസരീസ് തുറമുഖത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊക്കെ കഥാകാരനടക്കം നമ്മൾ എല്ലാവരും കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള പല പ്രമുഖരും നോവലിലെ കഥാപാത്രങ്ങളാണ്. ചരിത്രവും മിത്തും ലെജൻഡും ഭാവനയുമൊക്കെ കൂട്ടിക്കലർത്തി സേതു മുചിരിയെ പുനര്‍നിര്‍മ്മിച്ചിരിയ്ക്കുകയാണ്.
മന്ത്രിയായിരുന്ന പാലിയത്തച്ചന്റെ, രാജാവിനേക്കാൾ കാര്യശേഷിയുള്ള പ്രവർത്തനങ്ങളും വേലുത്തമ്പി ദളവയുമായി ചേർന്നുള്ള നീക്കങ്ങളുമൊക്കെ ബഹുഭൂരിപക്ഷം വായനക്കാരും ഇതുവരെ കേൾക്കാത്ത ചരിത്രമായിരിക്കും. നമുക്കെല്ലാം കുറച്ചെങ്കിലും അറിയുന്ന, കൊച്ചിരാജാവും ഡച്ചുകാരും പറങ്കികളും ബ്രിട്ടീഷുകാരും സാമൂതിരിയുമൊക്കെ അടങ്ങുന്ന അത്രയേറെ പഴക്കമില്ലാത്ത കാലഘട്ടത്തിൽ നിന്നൊക്കെ ഒരുപാട് പിന്നോക്കം പോയി, കുരുമുളകിനായി യവനരും ഈജിപ്ഷ്യന്മാരും കേരളത്തിലെത്തിയിരുന്ന ഇരുളടഞ്ഞ ഒരു കാലത്തിന്റെ കഥയിലേക്ക് കൂടെയാണ് നോവൽ വെളിച്ചം വീശുന്നത്. ഇസ്രായേലിൽ നിന്ന് പാലായനം ചെയ്ത് കുടിയേറ്റക്കാരായി മുചരിയിൽ എത്തിയ യഹൂദന്മാർ, അവരുടെ അതിജീവനത്തിന്റെ കഥ, പൊന്നുവിളയുന്ന കേരളത്തിൽ നിന്ന് തരിശുഭൂമിയിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥ, ജീവിതയാഥാർത്ഥ്യങ്ങൾ അങ്ങനെ മുചരിയുമായി ബന്ധപ്പെട്ടത് ചരിത്രമായാലും ഐതിഹ്യമായാലും ഒന്നും തന്നെ ലേഖകൻ ഒഴിവാക്കിയിട്ടില്ല. ഒരു മികച്ച റഫറൻസ് ഗ്രന്ഥവും കൂടിയാണ് സേതുവിന്റെ മറുപിറവി. ഈ നോവലിനു വേണ്ടിയുള്ള കഷ്ടപ്പാടുകൾക്ക് പിന്നിലെ സേതുവിൻറെ ഉദ്ദേശ്യവും അതുതന്നെയായിരുന്നു. അതെ ‘മറുപിറവി‘ പ്രധാനമായും വരും തലമുറയ്ക്ക് വേണ്ടി എഴുതിയ ഒരു നോവലാണ്.
സേതുവിൻറെ എഴുത്തുകളെ സ്നേഹിക്കുന്നവർക്കായി മറുപിറവി എന്ന നോവലിന്റെ രണ്ടാം പതിപ്പ് ഡി സി ബുക്സ് പുറത്തിറക്കിയിരിക്കുന്നു. ആദ്യപതിപ്പിൽ നിന്നും ചെറിയ ചിലമാറ്റങ്ങൾ വരുത്തിയാണ് മറുപിറവിയുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.