നോവല്‍ പോലെ എണ്ണത്തില്‍ കുറവെങ്കിലും കാമ്പുള്ള കവിതകളും 2016 വായനക്കാര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അതില്‍ മലയാളിയുടെ പ്രിയങ്കരനായ ഒഎന്‍വിയുടെയും സുഗതകുമാരിയുടെയും മധുസൂദനന്‍ നായരുടെയുമൊക്കെ കവിതാസമാഹരങ്ങള്‍ ഉള്‍പ്പെടും. പ്രമേയംകൊണ്ടും ആലാപന സൗകുമാര്യകണ്ടും വായനക്കാരുടെ മനസ്സുകീഴടക്കിയ ആറു കവിതാസമാഹാരം പരിചയപ്പെടാം..
മലയാളി മനസ്സില്‍ നിറഞ്ഞുനിന്ന ഒ.എന്‍.വിയുടെ അന്ത്യകാലഘട്ടത്തിലെ കവിതകളുടെ സമാഹാരമാണ് അനശ്വരതയിലേക്ക്. മാറിമാറിവന്ന സാഹിത്യ പ്രസ്ഥാനങ്ങളുടെ താല്‍ക്കാലികതയില്‍ പങ്കുചേരാതെ പാടുക എന്നതാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ് മരണമെത്തുംവരെ അതു നിര്‍വഹിച്ച കവിയാണദ്ദേഹം. വാര്‍ദ്ധക്യകാല രോഗപീഡകളാല്‍ ശയ്യാവലംബിയായിട്ടും അദ്ദേഹത്തിന്റെ കാവ്യധാര പ്രവഹിച്ചുകൊണ്ടേയിരുന്നു. ആശുപത്രിക്കിടക്കയില്‍ പോലും അദ്ദേഹം കവിതകളെഴുതി. ആ കവിതകളെല്ലാം സമാഹിച്ച പുസ്തകമാണ് അനശ്വരതയിലേക്ക്.
2016 ല്‍ ഇറങ്ങിയ സുഗതകുമാരിയുടെ പുതിയ കവിതാസമാഹാരമാണ് പൂവഴി മരുവഴി. മനുഷ്യരാശിയുടെ നിലനില്പിന് അനിവാര്യമായ അവബോധം എന്ന നിലയില്‍ പരിസ്ഥിതി വിവേകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മുഖമുദ്രയായിക്കഴിഞ്ഞു. പരിസ്ഥിതിനാശത്തിനെതിരെ മലയാളിയുടെ പ്രജ്ഞയെ ഉണര്‍ത്തിയ അഗ്രദൂതിയാണ് സുഗതകുമാരി. മനസ്സും വാക്കും പ്രവൃത്തിയും കൊണ്ട് അവര്‍ പരിസ്ഥിതിസംരക്ഷണത്തിനായി പോരാടുന്നു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ആധിയും വ്യാധിയുമെല്ലാം വിഷയമായി വരുന്ന കവിതകളാണ് ഇതിലുള്ളത്.
ജനപ്രിയമായ കവിതകളിലൂടെയും സവിശേഷമായ ആലാപന ശൈലിയിലൂടെയും ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ…മനുഷ്യമനസുകളെ ശ്രവണമധുരമായ കാവ്യാലാപനം കൊണ്ടു നിറച്ച മധുസൂദനന്‍ നായരുടെ ഹൃദ്യമായ എണ്‍പതു കവിതകളുടെ സമാഹാരമാണ് മധുസൂദനന്‍ നായരുടെ കവിതകള്‍. നാറാണത്തു ഭ്രാന്തന്‍ മുതലുള്ള കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സീതാദര്‍ശനം – വിജയലക്ഷ്മി
ബാലാമണിയമ്മക്കും കടത്തനാട്ട് മാധവിയമ്മക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളകവിതയില്‍ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയലക്ഷ്മിയുടെതായിരുന്നു. മൃഗശിക്ഷകന്‍ എന്ന കവിതയാണ് ഇവരെ പ്രശസ്തയാക്കിയത്. 2016 ല്‍ പ്രസിദ്ധീകരിച്ച കവിതാസമാഹാരമാണ് സീതാദര്‍ശനം. രണ്ടു തെരുവുനായ്ക്കള്‍, ബംഗളൂരു എന്നീ കവിതകളടക്കം 27 കവിതകളുടെ സമാഹാരമാണിത്. ഭാഷയുള്ളിടത്തോളം കാലം സാഹിത്യത്തില്‍ സീതാദു:ഖം മുഴങ്ങുമെന്നും സംശയമില്ല. എന്നാല്‍ മലയാളത്തിന്റെ പ്രിയകവയിത്രി വിജയലക്ഷ്മിയുടെ സീതാദര്‍ശനം മറ്റൊന്നാണ്. രാമായണ കഥാസന്ദര്‍ഭങ്ങളെ വേറിട്ട ഒരു കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് ഈ കവികളിലൂടെ വിജയലക്ഷ്മി.
ശബ്ദമഹാസമുദ്രം- എസ് കലേഷ്
അതിപരിചിതമായിപ്പോയ ആത്മപരിസരത്തിലെ അപരിചിതവിതാനങ്ങളെ, കാണാക്കയങ്ങളെ, പ്രാദേശിക വാക്കുകളിലെ മറന്ന രുചികളെ, പുതിയതെന്നു ഭ്രമിപ്പിക്കുന്ന പഴമയെ, കണ്ടെത്തലെന്ന് ഭ്രമിപ്പിക്കുന്ന വെള്ളത്തിലെ പച്ചക്കുളിരിനെ, വ്യത്യസ്താഖ്യാനങ്ങളില്‍ വിന്യസിക്കുകയാണ് ശബ്ദമഹാസമുദ്രം എന്ന കവിതയിലൂടെ കലേഷ്. ആദിമദ്ധ്യാന്തക്രമം വിട്ട ത്രികാലസങ്കലനത്തില്‍. സിദ്ധാന്ത/ജ്ഞാന/ഫാഷന്‍, ഗര്‍വ്വുകളെയും കോയ്മകളെയും ഗൗനിക്കാതെ നാഗരികതയിലെ ബന്ദിഗ്രാമീണതയെ, ദൈനംദിനതയുടെ തടവിലായ ബന്ദിസ്വത്വത്തെ, ഗുരുതയില്‍ അമര്‍ന്നുപോയ ലഘിമയെ, ഹിംസ അര്‍ദ്ധപ്രാണനാക്കിയ ജീവിതത്തെ, സമകാലലോകബോധത്തിലേക്ക് കെട്ടഴിച്ചുവിടുന്ന പുതിയ കവിതകളുടെ ആത്മവിശ്വാസമാണ് ഇതിലെ ഒരോകവിതയും. ഈ തീവണ്ടിയിലെ യാത്രക്കാരേ, രാത്രിസമരം, കാക്ക കാക്ക, ഇരുട്ടടി, വയല്‍ക്കരയിലെ ആണ്‍പട്ടി തുടങ്ങിയ പ്രമുഖ കവിതകള്‍ ഉള്‍പ്പെടെ ഇരുപത്തിയാറ് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. സമകാലലോകബോധത്തിലേക്ക് കെട്ടഴിച്ചുവിടുന്ന പുതിയ കവിതകളുടെ ആത്മവിശ്വാസമാണ് കലേഷിന്റെ കവിതകള്‍ എന്ന് കെ ജി ശങ്കരപ്പിള്ള അഭിപ്രായപ്പെട്ട കവിതകളുടെ സമാഹാരമാണ് ശബ്ദമഹാസമുദ്രം.
ക്ഷ വലിക്കുന്ന കുതിരകള്‍- ലതീഷ് മോഹന്‍
പുതിയ തലമുറയിലെ എഴുത്തുകാരനായ ലതീഷ് മോഹന്റെ കവിതാസമാഹാരമാണ് ക്ഷ വലിക്കുന്ന കുതിരകള്‍. ഉന്നം നോക്കി ഏറു പിഴപ്പിക്കുന്ന വിരുത് സര്‍ക്കസ്സിലെ കത്തിയേറുകാരന്റേതാണ്. കറങ്ങുന്ന ചക്രത്തിലെ കൂട്ടുകാരിക്ക് കൊള്ളാതെ വേണം കത്തി എറിഞ്ഞു തറയ്ക്കാന്‍. ശരീരത്തില്‍ കൊള്ളാതെ, എന്നാല്‍ അതിനു തൊട്ടടുത്തായി, കൊണ്ടു കൊണ്ടില്ല എന്ന മട്ടില്‍, ചക്രത്തില്‍തന്നെ തറയണം…….ചാന്‍സിന്റെ കൃത്യതയാണ് വഴിതെറ്റിയെത്തുന്ന അക്ഷരബാക്കികളെ വരിയാല്‍ നിര്‍ത്തി വലിക്കുന്ന കവിതയുടേയും നിയമം. താളം..