ഉച്ചനീചത്വങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ എഴുത്തച്ഛന്‍ കാട്ടിയ പോരാട്ടവീറിന്റെ ശക്തി ചൈതന്യങ്ങള്‍ അതേപടി ആവാഹിച്ച എഴുത്തുകാരനാണ് സി.രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സി.രാധാകൃഷ്ണന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെയും ധര്‍മത്തിന്റെയും ശാസ്ത്രത്തിന്റെയും യുക്തിയുടേയും പക്ഷത്താവണം സി.രാധാകൃഷ്ണനെപ്പോലുള്ളവരുടെ വാക്കിന്റെ തണല്‍. ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷ തുടര്‍ന്നും ഉണ്ടാകണം. സര്‍ഗാത്മകതയുടെ വൈവിധ്യപൂര്‍ണമായ സമന്വയമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. വ്യാപരിച്ച സമസ്ത മഖലകളിലും അദ്ദേഹത്തെപ്പോലെ പ്രതിഭാമുദ്ര പതിപ്പിച്ചവര്‍ ചുരുക്കമാണ്. ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന മാസ്റ്റര്‍പീസ് രചനയില്‍ എഴുത്തച്ഛെന്റ ജീവിതംതന്നെ സി.രാധാകൃഷ്ണന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്രയേറെ ഗൃഹപാഠം ചെയ്ത് എഴുതിയ കൃതികള്‍ മലയാളത്തില്‍ അധികമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ സജീവമായി ഇടപെടുന്ന കര്‍മശേഷിയാണ് സി.രാധാകൃഷ്ണന്റെ എഴുത്തിന്റെ സൗന്ദര്യമെന്ന് എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. പുരസ്‌കാരനിര്‍ണയ സമിതി ചെയര്‍മാനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍ ആദരഭാഷണം നടത്തി.
തുടര്‍ന്ന് സി.രാധാകൃഷ്ണന്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിച്ചു. അഭിപ്രായം പറയുന്നവരെ കള്ളികളിലാക്കുന്ന കാലമാണിതെന്നും എഴുത്തുകാരെ തരംതിരിച്ച് അവരില്‍ വിള്ളലുകളുണ്ടാക്കി അതു വികസിച്ചു സ്ഥാനാരോഹണം നടത്തിക്കളയാമെന്നുള്ള മോഹം വ്യാമേഹമാണെന്നും തെറ്റ് പ്രധാനമന്ത്രി ചെയ്താലും മുഖ്യമന്ത്രി ചെയ്താലും തെറ്റാണെന്നു പറയുന്നവരാണ് എഴുത്തുകാര്‍. അത്തരം അഭിപ്രായം പറയുന്നവര്‍ അവിവേകികളാണെന്നു പറയുന്നവരുടെ മാനസികാവസ്ഥ വേറെയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സാഹിത്യ ദര്‍ശനത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ദര്‍ശനത്തിന്റെയും കര്‍മത്തിന്റെയും ഭാഷയുടേയും ശൈലിയുടേയും കാര്യത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ തുഞ്ചത്ത് എഴുത്തച്ഛനാണ് തന്റെ മാതൃകയെന്ന് സൂചിപ്പിച്ചു.
ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.