ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേൽ ആയുധമെടുത്തവർക്കു മുന്നിൽ കീഴടങ്ങേണ്ടി വന്ന പെരുമാൾ മുരുഗൻ എന്ന തമിഴ് സാഹിത്യകാരന്റെ ശ്രദ്ധേയമായ നോവൽ – അർദ്ധനാരീശ്വരൻ. വർഗ്ഗീയ ഫാസിസ്റ്റുകളുടെ ഇടപെടൽ മൂലം തമിഴ്‌നാട്ടിൽ പിൻവലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷ. ജാതിമത സംഘടനകളുടെ എതിർപ്പിനെ തുടർന്ന് എഴുത്തുകാരൻ മരിച്ചെന്ന് സ്വയം പ്രഖ്യാപിക്കേണ്ടിവന്ന പെരുമാൾ മുരുകൻ എന്ന എഴുത്തുകാരന്റെ പ്രതിഭ തെളിയിക്കുന്ന നോവൽ. പ്രക്ഷുബ്ധമായ സാംസ്കാരിക ലോകത്തിൽ പ്രമേയത്തിലെ വ്യത്യസ്തതയിൽ നോവലിന് പ്രസക്തിയേറുകയാണ്.
തിരുച്ചെങ്കോട് അര്‍ദ്ധനാരീശ്വരക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് ‘മാതൊരുപാകന്‍ (അർദ്ധനാരീശ്വരൻ)’. കുട്ടികളില്ലാത്ത സ്ത്രീകള്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെ രഥോല്‍സവ രാത്രിയില്‍ അന്യപുരുഷന്മാരുമായി ഇണചേര്‍ന്നു ഗര്‍ഭിണികളാകുന്നുവെന്ന നോവലിലെ പരാമര്‍ശത്തിനെതിരെയാണു ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്. ആണും പെണ്ണും ചേർന്നതാണ് ദൈവമെന്ന സങ്കൽപവും പരപുരുഷ സംസർഗ്ഗത്തിലൂടെ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേർത്തെടുത്ത നോവലാണ് അർദ്ധനാരീശ്വരൻ.
കുഞ്ഞുങ്ങളില്ലാത്ത പൊന്നയുടെയും കാളിയുടെയും ദുഖവും അതിനെച്ചൊല്ലിയുള്ള മറ്റുള്ളവരുടെ പ്രതികരണങ്ങളും കുത്തുവാക്കുകളുമാണ് നോവലിൽ. ആ വേദനയ്ക്ക് പരിഹാരമായ് എത്തുന്ന ദൈവീക പരിവേഷമണിഞ്ഞ ആചാരം മനുഷ്യബന്ധങ്ങളെ പൊള്ളിക്കുന്നതിന്റെ ചിത്രമാണ് അക്ഷരങ്ങളിലൂടെ പെരുമാൾ മുരുകൻ വരച്ചു കാണിക്കുന്നത്.
പൊന്നയും കാളിയും കുട്ടികളില്ലാത്തതിന്റെ വിഷമം സഹിക്കുമ്പോഴും പരസ്പരം താങ്ങും തണലും ആശ്വാസവുമാകുന്നു. എന്നാൽ അതേ ആഗ്രഹം തന്നെ അവരുടെ ജീവിതം തകർക്കുകയാണ്. മച്ചിയെന്ന പേരിൽ പലയിടത്തും മാറ്റിനിർത്തപ്പെടുന്നതിന്റെ വേദനിപ്പിക്കുന്ന കാഴ്ചകൾ നോവലിലൂടെ വെളിവാകുന്നു. വിവാഹം എന്ന പ്രണയത്തെയും , ബന്ധത്തെയുമെല്ലാം കീഴ്മേൽ മറിച്ച് കുട്ടികളുണ്ടാവാനുള്ള വെറുമൊരു വ്യവസ്ഥ മാത്രമായി ആ ബന്ധത്തെ കാണുമ്പോൾ കാലങ്ങളായി നിലനിൽക്കുന്ന ഒരു വിശ്വാസത്തെയും ചോദ്യം ചെയ്യുകയാണ്. പരസ്പരപ്രണയത്തിന്റെ ഉന്മാദപൂര്‍ണ്ണമായ പ്രണയത്തില്‍ ഏതാണ്ട് പന്ത്രണ്ടുവര്‍ഷം കഴിച്ചുകൂട്ടിയ പൊന്നയുടെയും കാളിയുടെയും ജീവിതത്തകർച്ചയാണ് അർദ്ധനാരീശ്വരൻ. ഒരു സമുദായത്തിന്റെ അന്ധവിശ്വാസം എങ്ങനെ ഒരു പ്രണയാര്‍ദ്രദാമ്പത്യത്തിന്റെ തകര്‍ച്ചയ്ക്കിടയാവുന്നുവെന്നാണ് അര്‍ദ്ധനാരീശ്വരന്‍ നമുക്ക് കാണിച്ചു തരുന്നത്.
”പൊന്നയുടെ വീട്ടുമുറ്റത്ത് പന്ത്രണ്ട് വർഷം മുമ്പ് താൻ നട്ട പൂവരശു മരം പൂത്തു നില്ക്കുന്നതിനു താഴെ വിരിച്ച കട്ടിലിൽ കിടന്ന് , കടന്നു പോയ വർഷങ്ങൾ കാളി ഓർത്തെടുക്കുന്നതിലാണു കഥയുടെ തുടക്കം. കഴിഞ്ഞ രണ്ടു വർഷങ്ങൾ അവർ അങ്ങോട്ട് വരാത്തതിന്റെയും ഉത്സവം കൂടാത്തതിന്റെയും കാരണങ്ങൾ പതിയെ ഇതൾ വിരിയുന്നു. അന്ന് തിരുച്ചെങ്കോട്ടെ ഉത്സവത്തിന്റെ അവസാന ദിവസമാണ്; മൂർത്തികൾ തിരികെ മലമുകളിലേക്ക് പോവുന്ന ദിവസം. ആ ഒരു ദിവസം ഗ്രാമത്തിലെത്തുന്നവരെല്ലാം ദൈവങ്ങളാണ്. അവരിൽ ആരുമായ് ഇണചേർന്നാലും ജനിക്കുന്ന കുഞ്ഞു ദൈവസന്തതിയും. അമ്മയും അമ്മായിഅമ്മയും അളിയനും എല്ലാം രണ്ടു വർഷമായ് ഉത്സവം കൂടാൻനിർബന്ധിച്ചിട്ടും കാളിയും പൊന്നയും പോവാതിരുന്നതിനു കാരണവും ഈ ഒരു വിശ്വാസപ്രശ്നം തന്നെയായിരുന്നു.”
വിവാദങ്ങൾക്കും വിലക്കുകൾക്കും അപ്പുറം ഒരുകാലത്ത് രൂഢമൂലമായിരുന്ന ചില വിശ്വാസങ്ങൾ ദൈവീക പരിവേഷത്തോടേ ഒരു ജനതയെ എങ്ങിനെ നിയന്ത്രിച്ചിരുന്നു എന്നത് ജീവിതവും ചരിത്രവും ഇടകലരുന്ന നല്ലൊരു ആഖ്യാനത്തിലൂടെ പെരുമാൾ മുരുകൻ നമുക്ക് കാഴ്ചവെക്കുന്നു. പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഡോ. അപ്പു ജേക്കബ് ജോൺ ആണ്. എറണാകുളം സെന്റ്. ആൽബർട്സ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് വിവർത്തകൻ. അർദ്ധനാരീശ്വരൻ ഡി സി ബുക്സ് ആദ്യം പ്രസിദ്ധീകരിച്ചത് 2015 ലാണ്. നോവലിന്റെ എട്ടാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.