വിദ്യാലയങ്ങളിലെ പദ്യപാരായണം എന്ന കലാപരിപാടി വളരെയധികം ശ്ലാഘനീയമാണ്. ആശാന്റേയും , ഉള്ളൂരിന്റെയും , വൈലോപ്പിള്ളിയുടേയുമൊക്കെ കാവ്യങ്ങൾ വേദിയിൽ മനോഹരമായി ആലപിച്ചു കേൾക്കുമ്പോൾ ആ കാവ്യാനുഭം മനസ്സിൽ കുളിരു കോരിയിടുമെന്നതിൽ സംശയമില്ല. പദ്യപാരായണ മത്സരങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പദ്യശകലങ്ങളുടെ സമാഹരണമാണ് ‘സംസ്കൃത പദ്യപാരായണം‘ എന്ന പുസ്തകം. ആദികവിയായ വാല്മീകി മുതൽ ശ്രീ നാരായണ ഗുരുദേവൻ വരെയുള്ള പ്രശസ്ത കവികളുടെ കാവ്യങ്ങളിലെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് അദ്ധ്യാപകനായ ശ്യാം എം എസ് പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്.
ആഴിപോലെ അതിവിസ്തൃതവും അത്യഗാധവുമാണ് സംസ്കൃത സാഹിത്യം. ഋഗ്വേദം മുതൽ ആരംഭിച്ച ആ സരിത്പ്രവാഹം സ്വന്തം വഴികൾ വെട്ടിത്തുറന്ന് ഇന്നും നിലയ്ക്കാതെ ഒഴുകുന്നു. സംസ്കൃതസാഹിത്യമെന്ന ആഴിയിൽ കാലാതിവർത്തിയായി നിലനിൽക്കുന്ന അമൂല്യങ്ങളായ രത്നങ്ങളും , പവിഴങ്ങളും , മുത്തുകളും സ്വപ്രഭാവത്തിൽ ജ്വലിച്ചു നിൽക്കുന്നുണ്ട്. ശബ്ദവും , അർത്ഥവും , കൈകോർത്ത് നൃത്തം വയ്ക്കുന്ന രംഗങ്ങളും , വിശിഷ്ട പ്രയോഗങ്ങൾ കൊണ്ട് പദച്ഛേദവും അന്വയവും അവ്യക്തങ്ങളാകുന്ന ഭാഗങ്ങളും ലളിതവും മധുരവുമായ ഭാഷാശൈലിയും വൃത്താലങ്കാര വൈവിധ്യങ്ങളും ഭാവനാവിലാസകൗതുകങ്ങളുമെല്ലാം കാവ്യസാമ്രാജ്യത്തിലെ സംസ്കൃതസാഹിത്യത്തിന്റെ പ്രഭ ഉയർത്തിക്കാട്ടുന്നു
സംസ്കൃത പദ്യപാരായണമെന്ന ഈ പുസ്തകത്തിൽ ഒൻപതു കവികളുടെ പന്ത്രണ്ടിൽ പരം കൃതികളിൽ നിന്നും ഇരുപതോളം പദ്യ ഭാഗങ്ങളാണ് സമാഹരിച്ചിരിക്കുന്നത്. അതിമനോഹരങ്ങളാകുന്ന ഒട്ടനവധി കാവ്യങ്ങൾ രചിക്കപ്പെട്ടിട്ടുള്ള ഈ കാവ്യ ശാഖയിൽ നിന്നും പദ്യപാരായണത്തിന് ഏറ്റവും ഉതകുന്ന ഭാഗങ്ങളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്കൃത കാവ്യങ്ങളും അതിനോട് ചേർന്ന് ആ കാവ്യഭാഗങ്ങളുടെ അർത്ഥവും കൂടി നൽകിയിട്ടുള്ളതിനാൽ ആശയം ഗ്രഹിച്ച് മത്സരാർത്ഥികൾക്ക് ഭാവത്തോടുകൂടി അവതരിപ്പിക്കുവാൻ ഈ സമാഹാരം ഏറെ ഉപകാരപ്രദമാകും. സംസ്കൃത പദ്യപാരായണം എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.